പള്ളിയിലെ ബോധവത്കരണം ഒഴിവാക്കാൻ കുഞ്ഞാലിക്കുട്ടിയും വിളിച്ചുപറഞ്ഞെന്ന് ജിഫ്രി തങ്ങൾ
text_fieldsകോഴിക്കോട്: വഖഫ് നിയമന വിവാദത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനം വരുന്നതുവരെ പ്രതിഷേധത്തിനില്ലെന്ന നിലപാടിലുറച്ച് സമസ്ത. വിഷയത്തിൽ ചൂടേറിയ ചർച്ചയാണ് ചേളാരിയിലെ സമസ്ത യോഗത്തിലുണ്ടായത്. മുഖ്യമന്ത്രി ചർച്ചക്കുവിളിച്ച സാഹചര്യത്തിൽ പള്ളിയിലെ ബോധവത്കരണം ഉൾപ്പെടെ പ്രതിഷേധങ്ങൾ ഒഴിവാക്കണമെന്ന് ആലോചിച്ചെടുത്ത തീരുമാനമാണെന്ന് സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി തങ്ങൾ യോഗത്തിൽ വ്യക്തമാക്കി. പള്ളികളിൽ എല്ലാവിഭാഗം ആളുകളും വരുന്നതിനാൽ സർക്കാറിനെതിരായ ഉദ്ബോധനം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നുള്ളതുകൊണ്ടാണ് ഒഴിവാക്കാൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ സമസ്തയിലെ മറ്റു നേതാക്കളുമായി കൂടിയാലോചിച്ചതിനു പുറമെ പള്ളിയിൽ പറയുന്നത് ശരിയല്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ രണ്ടുതവണ വിളിച്ചു പറഞ്ഞതായും ജിഫ്രി തങ്ങൾ വിശദീകരിച്ചു. സമസ്ത മുതവല്ലി സംഗമത്തിൽ പള്ളിയിൽനിന്നുള്ള ഉദ്ബോധനത്തിൽനിന്ന് പിൻവാങ്ങുകയാണെന്ന് പ്രഖ്യാപിച്ച ശേഷവും അതു നന്നായെന്ന് കുഞ്ഞാലിക്കുട്ടി തന്നോട് പറഞ്ഞു. മുസ്ലിം സംഘടനകളുടെ യോഗത്തിനുശേഷം പി.എം.എ. സലാം തന്നോേടാ ജിഫ്രി തങ്ങളോടോ ഇക്കാര്യത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നെങ്കിൽ പള്ളിയിലെ പരിപാടി ഒഴിവാക്കാമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയെന്ന് അദ്ദേഹം യോഗത്തിൽ വിശദീകരിച്ചു.
സമസ്ത പ്രസിഡൻറിെൻറ വിശദീകരണം മുസ്ലിം സംഘടനകളുടെ ഏകോപനത്തിന് നേതൃപരമായ പങ്കുവഹിച്ച മുസ്ലിം ലീഗിനെയും പ്രതിക്കൂട്ടിലാക്കുന്നതാണ്. സംഘടനകളുടെ യോഗത്തിൽ ഏകകണ്ഠമായി എടുത്ത തീരുമാനത്തിന് വിരുദ്ധമായി കുഞ്ഞാലിക്കുട്ടി ചരടുവലിച്ചതാണ് വിവാദമാകുന്നത്. പ്രതിഷേധം നടത്താനുള്ള തീരുമാനമെടുത്തത് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെ പങ്കെടുത്ത മുസ്ലിം സംഘടനകളുടെ യോഗത്തിലാണ്. എന്നാൽ, എങ്ങനെയൊക്കെ വേണമെന്ന് തീരുമാനിച്ചത് പാണക്കാട് റഷീദലി തങ്ങളുടെ അധ്യക്ഷതയിൽ പിന്നീട് ചേർന്ന സംഘടനകളുടെ കോർ കമ്മിറ്റി യോഗത്തിലും. സമസ്തയുടെ പ്രതിനിധി ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വിയും ഈ യോഗത്തിലുണ്ടായിരുന്നു.
ഏകോപിച്ച് എടുത്ത തീരുമാനം പ്രഖ്യാപിക്കാൻ ലീഗ് ജന. സെക്രട്ടറി പി.എം.എ. സലാമിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഈ പ്രഖ്യാപനത്തെയാണ് പി.കെ. കുഞ്ഞാലിക്കുട്ടിയടക്കം തള്ളിയതായി ജിഫ്രി തങ്ങൾ വിശദീകരിച്ചത്. സംഘടനകളുടെ ഏകോപന സമിതിയിൽ അവിശ്വാസ്യത സൃഷ്ടിക്കാൻ കുഞ്ഞാലിക്കുട്ടിയുടെ ഈ നീക്കം വഴിവെച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വഖഫ് വിഷയത്തിൽ മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന പൊതുസമ്മേളനം വ്യാഴാഴ്ച കോഴിക്കോട് കടപ്പുറത്ത് നടക്കും. തെരഞ്ഞെടുപ്പ് പരാജയ ശേഷം നിർജീവമായ പ്രവർത്തകരെ ഉണർത്താൻ വഖഫ് പ്രക്ഷോഭത്തിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ലീഗ് നേതൃത്വം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.