കുഞ്ഞാമൻ കാത്തുനിന്നു, ഹൈദരലി തങ്ങളെ അവസാനമായൊന്ന് കാണാൻ
text_fieldsമലപ്പുറം: കുഞ്ഞാമൻ പതിവുപോലെ വാതിലിൽ തന്നെയുണ്ടായിരുന്നു, അവസാനമായി തങ്ങളെ ഒരു നോക്കുകാണാൻ. എന്തിനും ഏതിനും നിഴൽപോലെ ഈ മനുഷ്യനുണ്ടായിരുന്നു.
പതിഞ്ഞ ശബ്ദത്തിലുള്ള തങ്ങളുടെ വിളി ഇനി വരില്ലെന്ന് ഉൾക്കൊള്ളാൻ കുഞ്ഞാമന് ഇനിയുമായിട്ടില്ല. ഹൈദരലി തങ്ങളുമായുള്ള ബന്ധം വിവരിക്കുമ്പോൾ വാക്കുകൾ പലപ്പോഴും ഇടറി. കണ്ണുകൾ നനഞ്ഞു.
മലപ്പുറം പാണക്കാട് സ്വദേശിയായ കുഞ്ഞാമൻ (79) ഏഴ് പതിറ്റാണ്ടോളമായി പാണക്കാട്ടെ കുടുംബാംഗം പോലെയാണ്. ഹൈദരലി തങ്ങളുമായുള്ള ബന്ധത്തിനും ഏഴ് പതിറ്റാണ്ടോളം പഴക്കമുണ്ട്. പൂക്കോയ തങ്ങളുടെ കാലത്ത് 12-ാം വയസ്സിലാണ് ഇദ്ദേഹം പാണക്കാട്ടെത്തുന്നത്. കന്നുകാലികളെ നോക്കാൻ വേണ്ടിയായിരുന്നു തറവാട്ടിലെത്തിയത്. അന്ന് തുടങ്ങിയ ബന്ധമാണ്.
ജോലിയില്ലാത്ത സമയത്തെല്ലാം കുഞ്ഞാമൻ പാണക്കാട്ടുണ്ടാകും. 1986ൽ ഹൈദരലി തങ്ങൾ ഇപ്പോഴത്തെ വീട്ടിലേക്ക് മാറിയത് മുതൽ ഈ മുറ്റത്തെ സാന്നിധ്യമാണ് കുഞ്ഞാമനും. പുതിയ വീട് നിർമിക്കാനും മക്കളുടെ വിവാഹത്തിനുമെല്ലാം തങ്ങൾ കുടുംബം മുൻനിരയിലുണ്ടായിരുന്നു.
അങ്കമാലിയിലെ ആശുപത്രിയിൽനിന്ന് പാണക്കാട്ടെ വീട്ടിലാണ് തങ്ങളുടെ മൃതദേഹം ആദ്യമെത്തിച്ചത്. വെള്ള പുതച്ച ശരീരം കുടുംബാംഗങ്ങളെ കാണിച്ച ശേഷം മലപ്പുറം ടൗൺ ഹാളിലേക്ക് പൊതുദർശനത്തിനായി കൊണ്ടുപോകുമ്പോൾ നിറകണ്ണുകളുമായി ദാറുന്നഈമിന്‍റെ വരാന്തയിൽ നിന്നാണ് കുഞ്ഞാമൻ അവസാന യാത്രാമൊഴി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.