'അച്ഛനെ കൊന്നത് യു.ഡി.എഫ് സർക്കാർ'; കെ.എം ഷാജിക്ക് മറുപടിയുമായി കുഞ്ഞനന്തന്റെ മകൾ
text_fieldsകോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജിയുടെ ആരോപണത്തിന് മറുപടിയുമായി പി.കെ. കുഞ്ഞനന്തന്റെ മകൾ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ആരോപണമാണെന്നും അച്ഛനെ കൊന്നത് യു.ഡി.എഫ് സർക്കാറാണെന്നും മകൾ ഷബ്ന മനോഹരൻ പറഞ്ഞു.
" അച്ഛൻ മരിച്ചത് വയറ്റിൽ അൾസർ മൂർച്ഛിച്ചാണ്. യു.ഡി.എഫ് സർക്കാർ അദ്ദേഹത്തിന് മനപൂർവം ചികിത്സ വൈകിപ്പിക്കുകയായിരുന്നു. എൽ.ഡി.എഫ് സർക്കാർ വന്നപ്പോഴാണ് ചികിത്സ ലഭിച്ചത്. എന്നാൽ രോഗം പാരമ്യത്തിലെത്തിയിരുന്നു. അച്ഛനെ യു.ഡി.എഫ് സർക്കാർ കൊന്നതാണെന്ന് അന്ന് തന്നെ ആരോപണം ഉയർന്നിരുന്നു"- ഷബ്ന പറഞ്ഞു.
ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ കുഞ്ഞനന്തൻ മരിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് ഷാജി ആരോപിച്ചത്. ടി.പി കൊലക്കേസിൽ അന്വേഷണം നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണിയായ കുഞ്ഞനന്തൻ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റാണ്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ട്. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലുമെന്നും ഷാജി പറഞ്ഞു.
"ഫസലിനെ കൊന്ന മൂന്നുപേരും മൃഗീയമായി കൊല്ലപ്പെടുകയായിരുന്നു. എന്നുവെച്ചാൽ ഇവർ കുറച്ചാളുകളെ കൊല്ലാൻ വിടും. അവർ കൊന്നു കഴിഞ്ഞ വരും. കുറച്ച് കഴിഞ്ഞ് ഇവരിൽ നിന്ന് രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലും. ഫസൽ വധക്കേസിലെ പ്രതികളെ കൊന്നത് സി.പി.എമ്മാണ്. ഷുക്കൂർ വധക്കേസിലെ പ്രധാന പ്രതിയെ ആത്ഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയിരുന്നു"- കെ.എം.ക്ഷാജി പറഞ്ഞു.
ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ 13ാം പ്രതിയായ കുഞ്ഞനന്തൻ ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ 2020 ജൂണിലാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.