ഇടത്തോട്ടും വലത്തോട്ടും ചായും കുന്ദമംഗലം
text_fieldsകുന്ദമംഗലം: കോഴിക്കോട് ലോക്സഭ മണ്ഡല പരിധിയിൽ വരുന്ന കുന്ദമംഗലത്തിന്റെ സവിശേഷത നിയമസഭ തെരഞ്ഞെടുപ്പിൽ ഇടത്തോട്ടും ലോക്സഭ തെരഞ്ഞെടുപ്പിൽ വലത്തോട്ടും ചായുന്നതാണ്. മൂന്നുതവണയായി നിയമസഭയിലേക്ക് എൽ.ഡി.എഫിലെ പി.ടി.എ. റഹീമാണ് ജയിച്ചത്. എന്നിരുന്നാലും കഴിഞ്ഞ ലോക്സഭയിൽ യു.ഡി.എഫിന് മണ്ഡലം മുൻതൂക്കം നൽകി.
മണ്ഡലത്തിലെ കുന്ദമംഗലം പഞ്ചായത്ത് യു.ഡി.എഫിന്റെ ഉറച്ച കോട്ടയാണെങ്കിലും കഴിഞ്ഞതവണ എൽ.ഡി.എഫ് ഇവിടെ അട്ടിമറി വിജയം നേടി. മാവൂർ, പെരുവയൽ പഞ്ചായത്തുകൾ എൽ.ഡി.എഫിന് മുൻതൂക്കമുള്ള പഞ്ചായത്ത് ആയിരുന്നെങ്കിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനാണ് ഭരണം ലഭിച്ചത്.
യു.ഡി.എഫിന്റെ പ്രധാന ശക്തികേന്ദ്രം കുന്ദമംഗലം പഞ്ചായത്താണ്. ചാത്തമംഗലം, ഒളവണ്ണ പഞ്ചായത്തുകൾ തുടർച്ചയായി സി.പി.എം ഭരിക്കുന്ന പഞ്ചായത്തുകളാണ്. എൽ.ഡി.എഫ് സ്ഥാനാർഥി കുന്ദമംഗലം മണ്ഡലത്തിൽ ഒളവണ്ണയിലാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്.
ഇടതു സ്വാധീന മേഖല എന്നതിലുപരി ഇവിടെ നിരവധി ചെറുകിട വ്യവസായ സ്ഥാപനങ്ങൾ ഉള്ളതിനാൽ ട്രേഡ് യൂനിയൻ നേതാവ് എന്ന നിലയിൽ ആളുകൾക്കിടയിൽ വ്യക്തിപരമായ സ്വാധീനവും എളമരം കരീമിനു ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. പെരുമണ്ണ പഞ്ചായത്ത് ഭരിക്കുന്നത് ഇടതുപക്ഷമാണെങ്കിലും ഇരു മുന്നണികൾക്കും ഭൂരിപക്ഷം ലഭിക്കുന്ന പ്രദേശമാണ്.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന ഗ്രാമപഞ്ചായത്ത് കൂടിയാണ് പെരുമണ്ണ. എം.കെ. രാഘവന് ഇവിടെയുള്ള വ്യക്തിപരമായ സ്വാധീനമാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. ബി.ജെ.പിക്ക് സാമാന്യം ശക്തിയുള്ള മണ്ഡലമാണ് കുന്ദമംഗലം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർ വോട്ട് വർധിപ്പിച്ചിട്ടുണ്ട്. വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ എന്നീ പാർട്ടികൾക്കും അവരുടേതായ മേഖലയിൽ ശക്തിയുണ്ട്.
നായർ, ഈഴവ വോട്ടുകളിൽ നായർ വോട്ടുകൾ കൂടുതലായും യു.ഡി.എഫിനും ബി.ജെ.പിക്കും ലഭിക്കാൻ സാധ്യത ഉള്ളപ്പോൾ ഈഴവ വോട്ടുകൾ എൽ.ഡി.എഫിനാണ് കൂടുതലായി ലഭിക്കാറ്. ദലിത് വോട്ടുകൾ മണ്ഡലത്തിൽ നിർണായകമാണ്. സുന്നി വിഭാഗത്തിൽ ഇ.കെ വിഭാഗത്തിനാണ് മണ്ഡലത്തിൽ കൂടുതൽ വോട്ടുള്ളത്.
എ.പി വിഭാഗത്തിനും ശക്തമായ വോട്ട് ബാങ്ക് ഉണ്ട്. ഒരു വർഷത്തോളമായി പാലക്കാട് -കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയുമായി ബന്ധപ്പെട്ടുയരുന്ന ജനകീയ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയാണ്. ദേശീയപാത കോഴിക്കോട് ജില്ലയിലെ ഒളവണ്ണ, പെരുമണ്ണ ഗ്രാമപഞ്ചായത്തുകളിലൂടെ ദേശീയപാത 66 മായി ചേരുകയാണ്.
ഇതിന്റെ ഇരകൾക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല എന്നതിന്റെ പേരിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നുണ്ട്. പ്രശ്നത്തിന് പരിഹാരം ഉണ്ടായിട്ടില്ലെങ്കിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ആക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ഡലത്തിലെ മറ്റൊരു പ്രധാന വിഷയമാണ് മാവൂർ ഗ്വാളിയോർ റയോൺസ് ഫാക്ടറി. ഗ്രാസിം ഫാക്ടറി അടച്ചുപൂട്ടി കാൽ നൂറ്റാണ്ട് പിന്നിടുമ്പോഴും ഭൂമി ഉപയോഗപ്പെടുത്തി പുതിയ സംരംഭം എന്ന ആവശ്യം ഇപ്പോഴും നടപ്പായിട്ടില്ല.
ബിർള മാനേജ്മെന്റിനോട് ഇക്കാര്യത്തിൽ സമ്മർദം ചെലുത്തുമെന്ന് ലോക്സഭ, രാജ്യസഭ എം.പിമാർ നിരന്തരം വാഗ്ദാനം ചെയ്യുന്നതാണ്. സർക്കാർ പതിച്ചുകൊടുത്ത ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളും എവിടെയും എത്തിയിട്ടില്ല. നിലവിലെ അവസ്ഥയിൽ അൽപം മുൻതൂക്കം യു.ഡി.എഫിനാണെങ്കിലും പ്രചാരണത്തിന് ഇനിയും ദിവസങ്ങൾ ഉള്ളതിനാൽ മാറ്റങ്ങൾ വന്നേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.