ചുവന്നും ത്രിവർണമായും കുന്നത്തൂർ
text_fieldsശാസ്താംകോട്ട: മാവേലിക്കര പാർലമെന്റ് സംവരണ മണ്ഡലത്തിലെ നിയമസഭാ സംവരണ മണ്ഡലമായ കുന്നത്തൂർ എന്നും ചുവന്ന മണ്ണാണ്. എന്നാൽ കഴിഞ്ഞ മൂന്ന് പാർലമെന്റ് തെരഞ്ഞെടുപ്പുകളിലും കുന്നത്തൂർ ത്രിവർണമാകുന്ന കാഴ്ചയാണ്. ഇത്തവണയും മണ്ഡലത്തിൽ ലഭിക്കുന്ന ലീഡ് നിലനിർത്താൻ യു.ഡി.എഫ് കൈയും മെയ്യും മറന്ന് പ്രവർത്തിക്കുമ്പോൾ തങ്ങളുടെ ‘മണ്ണ്’ പാർലമെന്റിലേക്കും ചുവക്കണമെന്ന വാശിയിൽ പതിനെട്ടടവുമായി എൽ.ഡി.എഫും രംഗത്തുണ്ട്.
1965 വരെ അടൂർ ദ്വയാംഗ മണ്ഡലത്തിന്റെ ഭാഗമായിരുന്ന കുന്നത്തൂർ 1967ലാണ് ഏകാംഗ മണ്ഡലവും സംവരണ മണ്ഡലവുമായത്. മണ്ഡലം രൂപവത്കൃതമായ ശേഷം ഒരു തവണ ഒഴികെ എല്ലാ തവണയും എൽ.ഡി.എഫ് ആണ് ജയിച്ചു വരുന്നത്. 1982 ൽ യു.ഡി.എഫ് സ്ഥാനാർഥി കോട്ടക്കുഴി സുകുമാരൻ ജയിച്ചു. അതുകൊണ്ടുതന്നെ കുന്നത്തൂർ ഇടത് പക്ഷത്തിന്റെ അടിയുറച്ച മണ്ഡലം എന്നാണ് അറിയപ്പെടുന്നത്.
എൽ.ഡി.എഫിൽ ആർ.എസ്.പിയാണ് മണ്ഡലത്തിൽ സ്ഥിരമായി മത്സരിച്ചു വരുന്നത്. കല്ലട നാരായണൻ, ടി. നാണു മാസ്റ്റർ, കോവൂർ കുഞ്ഞുമോൻ എന്നിവരാണ് മണ്ഡലത്തെ പ്രതിനിധാനം ചെയ്തവർ. കോവൂർ കുഞ്ഞുമോൻ 2001 മുതൽ അഞ്ചു തവണയായി നിയമസഭാംഗമാണ്.
ആർ.എസ്.പി എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിന്റെ ഭാഗമായതോടെ കോവൂർ കുഞ്ഞുമോനും യു.ഡി.എഫിന്റെ ഭാഗമായെങ്കിലും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ആർ.എസ്.പി ലെനിനിസ്റ്റ് എന്ന പാർട്ടി രൂപവത്കരിച്ച് എൽ.ഡി.എഫിൽ തുടരുകയും വീണ്ടും മത്സരിക്കുകയുമായിരുന്നു. 20,529 വോട്ടിന്റെ ഭൂരിപക്ഷം 2021 ൽ 2790 ആയി കുറഞ്ഞു.
ആർ.എസ്.പി യിലെ ഉല്ലാസ് കോവൂരായിരുന്നു എതിർ സ്ഥാനാർഥി.കൊല്ലം പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമായിരുന്ന കുന്നത്തൂർ കഴിഞ്ഞ മണ്ഡലം പുനർനിർണയത്തോടെയാണ് മാവേലിക്കരയുടെ ഭാഗമായത്. കൊല്ലത്തിന്റെ ഭാഗമായിരുന്ന സമയത്ത് വ്യക്തമായ എൽ.ഡി.എഫ് ആധിപത്യം പുലർത്തിയിരുന്ന മണ്ഡലം കൊടിക്കുന്നിൽ സുരേഷ് സ്ഥാനാർഥിയായി എത്തിയതോടെ കുന്നത്തൂരിൽ യു.ഡി.എഫിനായി മുൻതൂക്കം.
2009-ൽ 2026 ഉം 2014 ൽ 87 ഉം 2019 ൽ 7173 ഉം വോട്ടാണ് യു.ഡി.എഫിന് അധികം ലഭിച്ചത്. 2009 ൽ കൊടിക്കുന്നിലിനെ നേരിട്ടത് കുന്നത്തൂർകാരനും മുൻ മന്ത്രി പി.കെ. രാഘവന്റെ മകനുമായ ആർ.എസ്. അനിലും 2014ൽ മുൻ എം.പി കൂടിയായ ചെങ്ങറ സുരേന്ദ്രനും 2019ൽ ഇപ്പോഴത്തെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ കൂടിയായ ചിറ്റയം ഗോപകുമാറുമായിരുന്നു.
നിലവിൽ കുന്നത്തൂർ, ശാസ്താംകോട്ട, പോരുവഴി , ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പടി. കല്ലട, മൈനാഗപ്പള്ളി, പവിത്രേശ്വരം, കിഴക്കേ കല്ലട, മൺറോതുരുത്ത് എന്നീ 10 പഞ്ചായത്തുകളാണ് കുന്നത്തൂർ നിയമസഭാ മണ്ഡല പരിധിയിൽ വരുന്നത്.
കുന്നത്തൂരിന്റെ ഭാഗമായിരുന്ന തൊടിയൂർ ഗ്രാമപഞ്ചായത്ത് കരുനാഗപ്പള്ളി മണ്ഡലത്തോടൊപ്പം ചേർത്തും കുണ്ടറ മണ്ഡലത്തിന്റെ ഭാഗമായിരുന്ന കിഴക്കേ കല്ലടയും മൺറോതുരുത്തും നെടുവത്തൂർ മണ്ഡലത്തിന്റെ ഭാഗമായിരുന്ന പവിത്രേശ്വരവും കുന്നത്തൂരിനോടൊപ്പം ചേർത്തുമാണ് ഇപ്പോഴത്തെ മണ്ഡലം പുനർനിർണയം നടത്തിയിട്ടുള്ളത്. ഇതിൽ
മൈനാഗപ്പള്ളി, ശൂരനാട് വടക്ക്, കിഴക്കേ കല്ലട എന്നീ മൂന്ന് പഞ്ചായത്തുകളിൽ മാത്രമാണ് യു.ഡി.എഫ് ഭരണം നടത്തുന്നത്. മറ്റ് ഏഴ് പഞ്ചായത്തുകളിലും എൽ.ഡി.എഫ് ആണ് ഭരിക്കുന്നത്. നിയമസഭ - ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ശരാശരി 20,000 വോട്ടുകൾ ബി.ജെ.പിക്ക് കുന്നത്തൂരിൽ ഉണ്ട്. ഇത്തവണ സീറ്റ് ബി.ജെ.പി ആവശ്യപ്പെട്ടെങ്കിലും ലഭിക്കാത്തതിനാൽ അവർ പരിഭവത്തിലാണ്.
കഴിഞ്ഞ തവണ ബി.ഡി.ജെ.എസിന് കുന്നത്തൂരിൽ ശക്തമായ നേതൃത്വം ഉണ്ടായിരുന്നതിനാൽ പ്രവർത്തനവും ശക്തമായിരുന്നു. നേതൃത്വനിരയിൽനിന്ന് പലരും മാറി നിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും ഇതു പ്രതിഫലിക്കുന്നുണ്ട്. പി.ഡി.പി പിന്തുണ പ്രഖ്യാപിച്ചത് കുന്നത്തൂരിൽ ഒരു പരിധി വരെ ഇടതുപക്ഷത്തിന് സഹായകരമാകും.
ശാസ്താംകോട്ട കായൽ സംരക്ഷണം, താലൂക്കാശുപത്രി വികസനം, മൈനാഗപ്പള്ളി മേൽപാല നിർമാണം, ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ വികസനം, ശാസ്താംകോട്ട കെ.എസ്.ആർ.ടി.സി ഡിപ്പോ യാഥാർഥ്യമാകാത്തത്, സർക്കാർ മേഖലയിൽ വ്യവസായ സ്ഥാപനം ഇല്ലാത്തത്, ഉന്നത വിദ്യാഭ്യാസ സ്ഥാപനം ഇല്ലാത്തത്, യാത്രാ ക്ലേശം തുടങ്ങി നിരവധി പ്രശ്നങ്ങൾ മണ്ഡലം അഭിമുഖീകരിക്കുന്നുണ്ട്. ഒപ്പം സമകാലിക വിഷയങ്ങൾ കൂടി ചർച്ചയാകുമ്പോൾ കുന്നത്തൂർ ഇത്തവണ നെൽക്കതിർ കൊയ്യുമോ കൈ പിടിക്കുമോ എന്ന് കണ്ടറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.