മലമുകളിലെ വനാന്തരത്തിൽ ഓടച്ചൂട്ടുകൾ തെളിഞ്ഞു; കുന്നത്തൂരിൽ ഇനി ഉത്സവരാവ്
text_fieldsശ്രീകണ്ഠപുരം: കോട മഞ്ഞും നിലാവും കൊടുംകാടും തണുപ്പും കൈകോർക്കുന്ന കുന്നത്തൂർമലയിലെ വനാന്തരത്തിൽ ഇനി ഉത്സവരാവ്. തിങ്കളാഴ്ച സന്ധ്യയോടെ ഓടച്ചൂട്ടുകളുടെ വെളിച്ചത്തിൽ അടിയന്തരക്കാരും കരക്കാട്ടിടം വാണവരും പാടിയിൽ പ്രവേശിച്ച് കങ്കാണിയറയിൽ വിളക്ക് തെളിയിച്ചതോടെയാണ് കുന്നത്തൂർപാടി തിരുവപ്പന മഹോത്സവത്തിന് തുടക്കമായത്. താഴെ പൊടിക്കളത്ത് തിങ്കളാഴ്ച വൈകീട്ട് കോമരം പൈങ്കുറ്റി വെച്ചശേഷം പാടിയില്‍ പ്രവേശിക്കൽ ചടങ്ങ് നടന്നു. കരക്കാട്ടിടം വാണവർ അടിയന്തരക്കാർക്ക് കൈനീട്ടം നൽകിയ ശേഷം അഞ്ചില്ലം അടിയാന്മാര് കളിക്കപ്പാട്ടോടുകൂടി ഇരുവശത്തും ഓടചൂട്ടുപിടിച്ച് തിരുവാഭരണപ്പെട്ടിയും ഭണ്ഡാരങ്ങളും പാടിയിലേക്ക് എഴുന്നള്ളിച്ചു. കരക്കാട്ടിടം വാണവർ എസ്.കെ. കുഞ്ഞിരാമൻ നായനാർ, തന്ത്രി പോർക്കിളില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവരെ പാടിയിലേക്ക് ആനയിച്ചു. വാദ്യമേളങ്ങളും വെടിക്കെട്ടുമായാണ് പാടിയിൽ പ്രവേശിക്കൽ ചടങ്ങ് നടന്നത്. തുടർന്ന് തിരുമുറ്റത്ത് തന്ത്രിയുടെ കാര്‍മികത്വത്തില്‍ കലശപൂജ ഉള്‍പ്പെയെയുള്ള കര്‍മങ്ങള്‍ നടത്തി.
കോമരവും ചന്തനും മടപ്പുരയ്ക്കുള്ളില്‍ പൈങ്കുറ്റി വെച്ചശേഷം കൊല്ലൻ കങ്കാണിയറയുടെ തൂണില്‍ ഇരുമ്പ് കുത്തുവിളക്ക് തറച്ചു. കങ്കാണിയറയിലെ വിളക്ക് തെളിയിച്ചതോടെയാണ് ഉത്സവത്തിന് തുടക്കമായത്.
വര്‍ഷത്തില്‍ തിരുവപ്പന ഉത്സവം നടക്കുന്ന ഒരുമാസം മാത്രമാണ് വനാന്തരത്തിലെ ദേവസ്ഥാനത്തേക്ക് ആള്‍പ്രവേശനം അനുവദിക്കുകയുള്ളൂ. ഓടകൾ വെട്ടിയുണക്കി ചുട്ടുകളാക്കി അതിന്റെ വെളിച്ചത്തിലാണ് കാനന നടുവിൽ കുന്നത്തൂർ പാടി മുത്തപ്പ മഹോത്സവം നടക്കുന്നതെന്ന അപൂർവതയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.