കുന്നിക്കോട് വാഹനാപകടം: ഒരാൾ കൂടി മരിച്ചു
text_fieldsകുന്നിക്കോട്: ആംബുലൻസും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കടയ്ക്കാമൺ പ്ലോട്ട് നമ്പർ 40, സുധീർ ഭവനിൽ സുബൈറിെൻറ ഭാര്യ ഹാജിറബീവി (48) ശനിയാഴ്ച രാവിലെ മരിച്ചു. വ്യാഴാഴ്ച കുന്നിക്കോട് പച്ചിലവളവിന് സമീപത്താണ് ആംബുലൻസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചത്.
രോഗിയായ പത്തനാപുരം കടയ്ക്കാമൺ സ്വദേശിനി ഫാത്തിമാബീവി, ഇവരുടെ ചെറുമകൻ കുണ്ടയം മലങ്കാവ് ലക്ഷം വീട്ടിൽ മുഹമ്മദ് ഷരീഫ്, ഷെരീഫിെൻറ സഹോദരി ഇടത്തറ സ്വദേശിനി സബീന, ആംബുലൻസ് ൈഡ്രവർ പത്തനാപുരം പിടവൂർ പുല്ലാഞ്ഞിമൂട്ടിൽ വീട്ടിൽ സുബിൻകോശി എന്നിവർ സംഭവദിവസം തന്നെ മരിച്ചിരുന്നു. ഫാത്തിമ ബീവിയുടെ മകളും മരിച്ച ഷെരീഫിെൻറയും സബീനയുടേയും പിതൃസഹോദരിയുമാണ് ഹാജിറ ബീവി. ഗുരുതരമായി പരിക്കേറ്റ ഹാജിറ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. തലയ്ക്കേറ്റ മുറിവാണ് മരണകാരണം.
ഫാത്തിമാബീവിയെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോഴാണ് അപകടം. ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന ആംബുലൻസിൽ കുടുങ്ങിയ യാത്രക്കാരെ വാഹനം പൊളിച്ചാണ് പുറത്തെടുത്തത്. തുടർന്ന് ഫാത്തിമബീവി, ഷെരീഫ്, സുബിൻ കോശി എന്നിവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും സബീന തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്. ഷെമീർ, സുധീർ എന്നിവരാണ് ഹാജിറബീവിയുടെ മക്കൾ. മരുമകൾ: റൂബിയ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.