സുധാകരനെ കാണാനെത്തിയ കുര്യൻ നിരാശനായി മടങ്ങി
text_fieldsതിരുവനന്തപുരം: രാഹുൽ ഗാന്ധിയെ വിമർശിച്ച് നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറിയ മുതിർന്ന കോൺഗ്രസ് നേതാവ് പ്രഫ. പി.ജെ. കുര്യൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ നേരിൽക്കണ്ട് കാര്യങ്ങൾ വിശദീകരിക്കാൻ മുന്‍കൂട്ടി അറിയിച്ച് പാർട്ടി ആസ്ഥാനത്ത് എത്തിയെങ്കിലും നിരാശനായി മടങ്ങേണ്ടി വന്നു. ഇന്ദിര ഭവനിലെ കെ.പി.സി.സി പ്രസിഡന്റിന്റെ ഓഫിസിൽ എത്തിയപ്പോഴാണ് അദ്ദേഹം സ്ഥലത്തില്ലെന്ന വിവരം അറിഞ്ഞത്. തുടർന്ന് വേഗത്തിൽ അവിടെനിന്ന് മടങ്ങി. തലശ്ശേരി ബിഷപ്പിന്റെ സ്ഥാനാരോഹണ പരിപാടിയില്‍ പങ്കെടുക്കാൻ സുധാകരന് കണ്ണൂരിലേക്ക് പോയ സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടക്കാതെ പോയതെന്നാണ് ഔദ്യോഗിക വിശദീകരണം.
വിവാദ പരാമർശവുമായി ബന്ധപ്പെട്ട് വിശദീകരിക്കാൻ കുര്യന് ബുധനാഴ്ച വരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് തന്നെയാണ് കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തില്‍ അറിയിച്ചത്. സ്ഥലത്ത് ഉണ്ടാവില്ലെന്ന വിവരം അറിയിക്കാത്തതിനാൽ പാർട്ടി ആസ്ഥാനത്ത് എത്തിയപ്പോൾ മാത്രമാണ് പ്രസിഡന്റ് സ്ഥലത്ത് ഇല്ലെന്ന വിവരം കുര്യൻ അറിഞ്ഞത്. രാഹുൽ ഗാന്ധിയെ അതിരൂക്ഷമായി വിമർശിച്ച കുര്യന്റെ നടപടി ദേശീയ തലത്തിൽ പോലും വലിയ ചര്‍ച്ചയായി. ഇതിനെത്തുടര്‍ന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയോഗത്തില്‍നിന്ന് അദ്ദേഹം വിട്ടുനിൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.