കുർബാന പ്രശ്നം; കുര്യൻ ജോസഫിന്റെ നേതൃത്വത്തിൽ മാർപാപ്പയെ സന്ദർശിച്ചു
text_fieldsകൊച്ചി: കുർബാന പ്രശ്നത്തിന് പരിഹാരംതേടി മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫിന്റെ നേതൃത്വത്തിൽ നാലംഗ സംഘം മാർപാപ്പയെ നേരിൽകണ്ട് ചർച്ച നടത്തി. വത്തിക്കാനിലെ മുൻ അംബാസഡറായിരുന്ന കെ.പി. ഫാബിയാൻ, മുൻ വനിത കമീഷൻ അംഗം പ്രഫ. മോനമ്മ കൊക്കാട്ട്, മുൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ലിഡ ജേക്കബ് എന്നിവർക്കാണ് മാർപാപ്പയുമായി വ്യക്തിപരമായ കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചത്.
എറണാകുളം-അങ്കമാലി അതിരൂപതയുടെ നിലപാടുകളും പ്രശ്നപരിഹാരത്തിനുള്ള ഫോർമുലകളും കൂടിക്കാഴ്ചയിൽ ചർച്ചയായി. സിനഡൽ തീരുമാനങ്ങളിൽ സംഭവിച്ച പാളിച്ചകൾ വിശദീകരിക്കുന്ന നിവേദനം സമർപ്പിച്ച പ്രതിനിധി സംഘം, എറണാകുളം അതിരൂപതയിൽ വിശ്വാസികൾ ജനാഭിമുഖ കുർബാനക്കായി നടത്തിയ വിവിധ അൽമായ സംഗമങ്ങളുടെ ചിത്രങ്ങൾ അടക്കം മാർപാപ്പക്ക് നൽകി.
ഇത് വെറും അനുസരണത്തിന്റെ പ്രശ്നമല്ലെന്നും വിശ്വാസപരമായ കാര്യമാണെന്നും വൈദികരേക്കാൾ ഉപരിയായി വിശ്വാസികൾ ജനാഭിമുഖ കുർബാനയുടെ വിശ്വാസ രീതിയിൽ വളർന്നവരാണെന്നും മാർപാപ്പയെ ധരിപ്പിക്കാനായെന്ന് നിവേദകസംഘം അറിയിച്ചു. സന്ദർശനത്തിൽ അൽമായ മുന്നേറ്റം കൺവീനർ ഷൈജു ആന്റണിയും വക്താവ് റിജു കാഞ്ഞൂക്കാരനും സന്തോഷം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.