കുസാറ്റ് ദുരന്തം കെ.എസ്.യു ഹരജി: വിശദമായ വാദത്തിനായി കേസ് ഡിസംബർ 14 ലേക്ക് മാറ്റി
text_fieldsതിരുവനന്തപുരം: കുസാറ്റ് ദുരന്തം സംബന്ധിച്ച് കെ.എസ്.യു പ്രസിഡൻറ് നൽകിയ ഹരജി ഹൈകോടതി വിശദമായ വാദത്തിനായി കേസ് ഈമാസം14 ലേക്ക് മാറ്റി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
കുസാറ്റ് ക്യാമ്പസിൽ ഗാനമേളക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് വിദ്യാർഥികളുൾപ്പടെ നാല് പേർ മരണപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടാണ് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ നൽകിയത്.
കുസാറ്റ് ദുരന്തം സംബന്ധിച്ച് നിലവിൽ എന്തൊക്കെ അന്വേഷണങ്ങളാണ് നടക്കുന്നതെന്ന വിവരം കൈമാറണമെന്ന കോടതി നിർദേശം നൽകിയെന്ന് കെ.എസ്.യു അറിയിച്ചു. സർവകലാശാല അന്വേഷണവും, പൊലീസ് നടത്തുന്ന അന്വേഷണവും ഏകപക്ഷീയവും മുൻവിധിയോടെയുള്ളതുമായതിനാൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നായിരുന്നു അലോഷ്യസ് സേവ്യർ നൽകിയ ഹരജിയിലെ പ്രധാന ആവശ്യം.
ഹർജി പരിഗണിക്കവെ ഏത് തരത്തിലുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് സർക്കാരിനോടും സർവകലാശാലയോടും കോടതി ആരാഞ്ഞു. മജിസ്റ്റീരിയൽ, ഉന്നത വിദ്യാഭ്യാസ വകുപ്പ്, സിൻഡിക്കേറ്റ് ഉപസമിതി, മനുഷ്യാവകാശ കമ്മിഷനുകളുടെ അന്വേഷണങ്ങളാണ് നടക്കുന്നതെന്നും അതിനാൽ ജുഡീഷ്യൽ അന്വേഷണത്തിൻ്റെ ആവശ്യം ഇല്ല എന്നായിരുന്നു സർവകലാശാലയുടെ വാദം.
വിദ്യാർഥികളെ ലക്ഷ്യം വെച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റിന് വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കുട്ടികളില്ല കുറ്റക്കാരെന്നും, അവരെ തെറ്റുകാരാക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.