കുതിരാൻ തുരങ്കം തുറന്നു: ആശ്വാസ വാഹനങ്ങൾക്കായി
text_fieldsതൃശൂർ: കുതിരാനിലെ നിർമാണം പൂര്‍ത്തിയായ തുരങ്കത്തിലൂടെ അവശ്യ സര്‍വിസ് ആരംഭിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വരുന്ന വാഹനങ്ങള്‍ക്ക് പോകാനാണ് പുതിയ ക്രമീകരണം. നിർമാണം പൂർത്തീകരിച്ച കുതിരാനിലെ ഒന്നാമത്തെ തുരങ്കത്തിലൂടെയാണ് അടിയന്തര സാഹചര്യം കണക്കിലെടുത്ത് വാഹനങ്ങൾ വിടുന്നത്.
വൈദ്യുതി എർപ്പെടുത്താത്തത് മൂലം രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് സർവിസ്. വെള്ളപ്പൊക്ക ദുരിതാശ്വാസ വാഹനങ്ങൾക്കും ആംബുലൻസ്, പൊലീസ്, ഫയർഫോഴ്സ് എന്നീ വാഹനങ്ങൾക്കും മാത്രമാണ് പ്രവേശനം. ഇന്നലെ രാവിലെ നിർമാണക്കമ്പനിയായ പ്രഗതിയുടെയും പിന്നാലെ വടക്കുഞ്ചേരി സി.ഐ, എസ്.ഐ എന്നിവർ സഞ്ചരിച്ച വാഹനങ്ങളുമാണ് ആദ്യം പോയത്. പൊലീസ് പരിശോധനക്ക് ശേഷമെ വാഹനങ്ങൾ വിടൂ.
കഴിഞ്ഞ ദിവസം കുതിരാൻ സന്ദർശിച്ച മന്ത്രി എ.സി. മൊയ്തീനും മന്ത്രി വി.എസ്. സുനിൽകുമാറും കലക്ടറുടെ ചേംബറിൽ യോഗം വിളിച്ച് ചർച്ച നടത്തിയതിനെത്തുടർന്നാണ് ഗതാഗതത്തിന് തീരുമാനമായത്. തുരങ്കത്തിനുള്ളിൽ 20 കി.മീ ആണ് വേഗം. തുരങ്കത്തിൽ വെളിച്ചമില്ല. വാഹനങ്ങളുടെ ലൈറ്റ് മാത്രമാണുള്ളത്. 500 വോൾട്ടിെൻറ രണ്ട് മഞ്ഞ ലൈറ്റുകൾ തുരങ്കത്തിെൻറ പടിഞ്ഞാറ്-കിഴക്ക് മുഖങ്ങളിൽ സ്ഥാപിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും സ്ഥാപിച്ചിട്ടില്ല.
ദേശീയപാത നിർമാണത്തിെൻറ പ്രധാന കരാറുകാരായ കെ.എം.സിക്കാണ് ലൈറ്റുകൾ സ്ഥാപിക്കാനുള്ള ചുമതല. തുരങ്കമുഖത്ത് ഇടിഞ്ഞ മണ്ണ് നീക്കം ചെയ്തു തുടങ്ങി. ഇത് ഉടൻ പൂർത്തിയാകുമെന്ന് പ്രഗതി എൻജിനീയറിങ് കമ്പനി പി.ആർ.ഒ.ശിവാനന്ദ് പറഞ്ഞു. തുരങ്കത്തിെൻറ രണ്ട് കവാടങ്ങളുടെ അരികുകളിൽ മണ്ണ് കൂടിക്കിടക്കുകയാണ്. ഇതുമൂലം ചെളിനിറഞ്ഞത് ഗതാഗതം ദുഷ്ക്കരമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.