കുതിരാൻ തുരങ്കം: പിന്നിട്ടത് ഒട്ടേറെ വെല്ലുവിളികൾ
text_fieldsതൃശൂർ: കേരളത്തിലെ ആദ്യ തുരങ്കപാത കുതിരാനിൽ നിർമിക്കുന്നതിനിടെ പിന്നിട്ടത് ഒട്ടേറെ വെല്ലുവിളികൾ. കരിമ്പാറക്കെട്ടുകൾ തുരങ്കത്തിലേക്ക് വഴിമാറിയത് പെെട്ടന്ന് ഒരു സുപ്രഭാതത്തിലായിരുന്നില്ല. മണ്ണിടിച്ചിൽ, അപകടങ്ങൾ, റോഡിലെ വൻ ഗർത്തങ്ങൾ... നാല് കിലോമീറ്ററോളം ദൂരം പിന്നിടണമെങ്കിൽ ചിലപ്പോൾ മണിക്കൂറുകൾ വേണ്ടിവരുമായിരുന്നു. തൃശൂർ -പാലക്കാട് യാത്രയിലെ പേടിസ്വപ്നമായിരുന്നു കുതിരാൻ. 2004 -05 കാലത്താണ് ഡൽഹിയിൽ ദേശീയപാത അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥർ ഇരട്ടക്കുഴൽ തുരങ്കം എന്ന ആശയം രൂപപ്പെടുത്തിയത്. 2006ൽ വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) തയാറാക്കി.
സംരക്ഷിത വനവും വന്യജീവി സങ്കേതവും കാരണം സ്ഥലമെടുക്കാനുള്ള അനുമതിക്കും തുല്യമായ സ്ഥലം സർക്കാറിന് വിട്ടുനൽകാനും വനത്തിന് പകരമായി നഷ്ടപരിഹാരം കെട്ടിവെക്കാനുമായി കടമ്പകൾ ഏറെയായിരുന്നു. 2010ലാണ് കരാർ ഉറപ്പിച്ചത്. ആറുവരിപ്പാതയുടെ കരാറുകാരായ കെ.എം.സി കമ്പനി തുരങ്കംപണി പ്രഗതി ഗ്രൂപ്പിന് ഉപ കരാർ നൽകി. പ്രഗതി ഗ്രൂപ്പിനെ ഒഴിവാക്കി, കെ.എം.സി ഗ്രൂപ് പണി പൂർത്തിയാക്കിയാണ് ടണൽ തുറക്കുന്നത്. സാമ്പത്തിക പ്രതിസന്ധികളും കമ്പനികളുടെ അനാസ്ഥയും മഴയും പ്രളയവും സാങ്കേതിക തടസ്സങ്ങളുമെല്ലാം മറികടന്നപ്പോൾ ഒരു പതിറ്റാണ്ടാണ് കടന്നുപോയത്. ഇതിനിടെ നിരവധി ജനകീയ, രാഷ്ട്രീയ സമരങ്ങൾക്ക് കുതിരാൻ കാരണമായി. കോടതിയുടെ ശാസനയും നിർദേശങ്ങളും നിർമാണത്തിെൻറ വേഗം ക്രമപ്പെടുത്തി.
നിർമാണ ഘട്ടം ആപത്കരം കൂടിയായിരുന്നു. ആയിരത്തോളം സ്ഫോടനങ്ങളിലൂടെയാണ് കൂറ്റൻ പാറകൾ നീക്കം ചെയ്തത്. ഡ്രില്ലിങ് ജമ്പോസ് എന്ന ഉപകരണങ്ങളുമായാണ് രണ്ടറ്റത്തു നിന്നും പാറ തുരക്കൽ തുടങ്ങിയത്. ആദ്യ പൊട്ടിക്കലിൽതന്നെ പാറക്കഷണങ്ങൾ ദേശീയപാതയിലും സമീപ പ്രദേശങ്ങളിലും തെറിച്ചുവീണതോടെ പണി നിർത്തേണ്ടിവന്നു. തുരങ്ക നിർമാണത്തിൽ പരിചയമുള്ള ഉത്തരേന്ത്യക്കാരായിരുന്നു ആദ്യഘട്ടത്തിലെ 240 തൊഴിലാളികളും. അപകടംപിടിച്ച ജോലിയായതിനാൽ അവർക്ക് കൂലിയും കൂടുതലായിരുന്നു. ജലാറ്റിൻ സ്റ്റിക്കുകൊണ്ടായിരുന്നു പൊട്ടിക്കൽ. പിന്നീട് കനത്ത പുകയും പൊടിയുമാകും. അങ്ങനെ നിരവധി പ്രയാസങ്ങൾ മറികടന്നായിരുന്നു നിർമാണം.
തുറക്കുന്നതുവരെ അനിശ്ചിതത്വം
കുതിരാൻ: നിർമാണം തുടങ്ങിയത് മുതൽ അനിശ്ചിതാവസ്ഥയിലായിരുന്ന കുതിരാൻ തുരങ്കം തുറക്കുന്നതിലും അവസാന നിമിഷം വരെ ആശയക്കുഴപ്പം. ആഗസ്റ്റ് ഒന്നിന് പാത തുറക്കാൻ ലക്ഷ്യമിട്ട് പ്രവൃത്തി പൂർത്തീകരിച്ചെങ്കിലും ദേശീയപാത അതോറിറ്റി അനുമതി ൈവകിപ്പിച്ചു. വ്യാഴാഴ്ച സുരക്ഷ പരിശോധന നടത്തുമെന്ന് അറിയിച്ചുവെങ്കിലും അധികൃതർ എത്തിയില്ല. വെള്ളിയാഴ്ചയാണ് ട്രയൽ റൺ നടത്തിയത്. റിപ്പോർട്ട് കൈമാറാൻ പിന്നെയും വൈകി. ആഗസ്റ്റ് ഒന്നിന് തുറക്കുമെന്ന പ്രതീക്ഷ ഇതോടെ അസ്ഥാനത്തായി. ശനിയാഴ്ച ഉച്ചവരെയും പാത തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്ക്കാറില്നിന്ന് സംസ്ഥാന സര്ക്കാറിന് ഒരു മറുപടിയും ലഭിച്ചില്ല. പിന്നീട് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി ട്വിറ്ററിലാണ് കുതിരാൻ ടണലിലൂടെ വാഹനഗതാഗതം അനുവദിക്കാെമന്ന് അറിയിച്ചത്. പിന്നാലെ ദേശീയപാത അതോറിറ്റി കലക്ടറെ വിവരമറിയിച്ചു. ഇതിനിടെ കുതിരാൻ തുരങ്കം തുറക്കുമെന്ന പ്രചാരണമുയർന്നതോടെ നിരവധിയാളുകൾ തുരങ്കമുഖത്തെത്തി.
ശനിയാഴ്ച രാത്രി 7.50നാണ് ഒടുവിൽ തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടത്. തുരങ്കം തുറക്കുന്നതിന് മുന്നോടിയായി മന്ത്രിമാരായ മുഹമ്മദ് റിയാസും കെ. രാജനും തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയും ചെയ്തു. മുമ്പ് 2018ലെ പ്രളയകാലത്ത് ആഗസ്റ്റ് 18ന് ടണലിലൂടെ വാഹനങ്ങൾ കടത്തിവിട്ടിരുന്നു. പിന്നീട്, കുതിരാനിൽ വാഹനം തകരാറിലായതിനാലുണ്ടായ ഗതാഗതക്കുരുക്കിനെ തുടർന്നും ടണൽ വഴി വാഹനങ്ങൾ കടത്തിവിട്ടിരുന്നു. രണ്ടാമത്തെ ടണൽ രണ്ടറ്റവും കൂട്ടിമുട്ടിയ ദിവസവും എം.എൽ.എ അടക്കമുള്ളവരുടെ വാഹനങ്ങൾ തുരങ്കത്തിലൂടെ കടത്തിവിട്ടിരുന്നു.
തുരങ്കം തുറക്കൽ കാൽനടയാത്രികരായി കലക്ടറും കമീഷണറും
തൃശൂർ: കുതിരാനിലെ തുരങ്കപാതയിലൂടെ വാഹന ഗതാഗതം അനുവദിച്ചപ്പോൾ ആദ്യം യാത്ര ചെയ്തത് ഇരുചക്രവാഹനയാത്രികർ. തുരങ്കം തുറന്നുകൊടുക്കാൻ കലക്ടർ ഹരിത വി. കുമാറും കമീഷണർ ആർ. ആദിത്യയും ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ സഞ്ജയ് കുമാർ യാദവ് അടക്കമുള്ള ഉദ്യോഗസ്ഥരും എത്തിയിരുന്നു.
എന്നാൽ ആദ്യം കടത്തി വിട്ടത് ഇരുചക്ര വാഹനങ്ങളെയായിരുന്നു. കലക്ടറും കമീഷണറും ദേശീയപാത ഉദ്യോഗസ്ഥരും തുരങ്കത്തിലൂടെ കാൽനടയായി യാത്ര ചെയ്തു.
പോരാട്ടം നിയമസഭയിലും കോടതിയിലും; ജയിച്ചത് ഒത്തൊരുമ
തൃശൂർ: കുതിരാൻ തുരങ്ക നിർമാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നിയമസഭയിൽ അവതരിപ്പിക്കപ്പെട്ടത് എട്ട് സബ്മിഷനുകൾ. സ്ഥലം എം.എൽ.എയും റവന്യൂ മന്ത്രിയുമായ കെ. രാജനാണ് തുരങ്കത്തെപ്പറ്റി നിയമസഭയെ ഓർമിപ്പിച്ചുകൊണ്ടിരുന്നത്. ഇതിനോടൊപ്പം ഹൈകോടതിയിലും നിയമപോരാട്ടം വേണ്ടിവന്നു. എം.എൽ.എ കൂടിയായ മന്ത്രി രാജനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും ഒത്തൊരുമിച്ചാണ് ഒടുവിൽ തുരങ്കം തുറക്കുന്ന അവസ്ഥയിലെത്തിച്ചത്. ആദ്യ എൽ.ഡി.എഫ് മന്ത്രിസഭാകാലം മുതൽ മുഖ്യമന്ത്രിയും ഇടപെടൽ ഏറെ നടത്തി. പുതിയ സർക്കാർ നിലവിൽ വന്ന ശേഷം ചേർന്ന യോഗത്തിലാണ് ആഗസ്റ്റ് ആദ്യവാരം തന്നെ ഒരു ടണലെങ്കിലും പൂർത്തിയാക്കണമെന്ന കർശനമായ നിർദേശം അദ്ദേഹം കരാർ കമ്പനിക്ക് നൽകിയത്. മുൻ കലക്ടർ എസ്. ഷാനവാസ്, ഇപ്പോഴത്തെ കലക്ടർ ഹരിത വി. കുമാർ എന്നിവരുടെ മേൽനോട്ടം നിർമാണ പ്രവർത്തനം വേഗത്തിലാക്കാൻ ഏറെ സഹായകരമായി. കെ.എം.സി നിരവധി ഉപകരാറുകൾ നൽകിയാണ് ടണൽ പ്രവർത്തനം നടത്തിയത്. ഭൂരിഭാഗം പ്രവർത്തനങ്ങളും നടത്തിയത് പ്രഗതിയെന്ന കമ്പനിയാണ്. കരാർ കമ്പനിയും പ്രഗതിയും തമ്മിൽ നിലനിന്ന സാമ്പത്തിക പ്രശ്നങ്ങൾ ഏറെയായിരുന്നു.
തുരങ്കപാതയിൽ പഴുതടച്ച സുരക്ഷ
തൃശൂർ: തുരങ്കപാതയിൽ അഗ്നിശമന സേന 20 ഇടങ്ങളിൽ സുരക്ഷ സംവിധാനം ഒരുക്കിയിട്ടുണ്ട്. രണ്ടുലക്ഷം ലിറ്ററിെൻറ വാട്ടർ ടാങ്ക്, ഓട്ടോമാറ്റിക് പമ്പുകൾ, രണ്ട് ഇലക്ട്രിക് പമ്പുകൾ, ഒരു ഡീസൽ പമ്പ്, ഫയർ ഹോസ് റീലുകൾ, രണ്ട് അഗ്നിശമന ഉപകരണങ്ങൾ, സ്മോക്ക് ഡിസ്ചാർജ് സംവിധാനം, ഓരോ 50 മീറ്റർ ഇടവിട്ട് ഫയർ ഹൈഡ്രൻറ് പോയിൻറുകൾ, കാർബൺ മോണോഒക്സൈഡ് നീക്കാൻ 10 പ്രത്യേക ഫാനുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. ഏതെങ്കിലും സ്ഥലത്ത് തീയോ പുകയോ ഉണ്ടെങ്കിൽ ഈ സംവിധാനങ്ങൾ ഉപയോഗിച്ച് തീ കെടുത്താനാവും. 300 മീറ്ററിന് ഇടയിൽ ഇരു ടണലുകളെയും ബന്ധിപ്പിക്കുന്ന ഇടനാഴികകളുണ്ട്. തുരങ്കത്തിന് അകത്ത് അപകടങ്ങളോ മറ്റ് സാങ്കേതിക പ്രശ്നങ്ങളോ ഉണ്ടായാലും ഗതാഗതം തടസ്സപ്പെടാതിരിക്കാനാണ് ഈ ക്രമീകരണം. മുന്നൂറ് എം.എം കനത്തിലാണ് ടണലിനുള്ളിൽ മുകൾഭാഗത്തെ കോൺക്രീറ്റിങ്.
ടണലിെൻറ മുകൾഭാഗത്ത് പത്ത് സി.സി.ടി.വി കാമറകളാണുള്ളത്. ദൂരവും കാലാവസ്ഥയും അറിയിക്കുന്ന ഡിജിറ്റൽ ബോർഡുകളുമുണ്ട്. മുകളിൽ രണ്ടു വരികളിലായാണ് എൽ.ഇ.ഡി ലൈറ്റുകളുള്ളത്. 30, 60, 100, 150 വാട്സുകളിലുള്ള ലൈറ്റുകളാണിവ. 24 മണിക്കൂറും പ്രകാശിക്കും. മുകളിൽ സ്ഥാപിച്ച പത്ത് എക്സ് ഹോസ്റ്ററുകൾ ആധുനിക സൗകര്യമുള്ളവയാണ്. ഇതിലെ താപനില കൺട്രോൾ റൂമിൽ വ്യക്തമാകും.
വൈദ്യുതി ഉറപ്പാണ്
വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കുന്നതിനായി പട്ടിക്കാട് ഇലക്ട്രിക്കൽ സെക്ഷനിൽനിന്നും പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി ഇലക്ട്രിക് സെക്ഷനിൽനിന്നും ഒരേ സമയം വൈദ്യുതി എത്തിക്കുന്നതിനുള്ള സംവിധാനത്തോടെയാണ് കണക്ഷൻ ലഭിച്ചത്. കുതിരാനിലെ ജോലികൾക്കായി രണ്ട് തുരങ്കമുഖങ്ങളിലും 500 കെ.വി വീതമുള്ള ജനറേറ്റർ സ്ഥാപിക്കുന്നുണ്ട്. കിഴക്കേ തുരങ്കമുഖത്ത് ജനറേറ്റർ സ്ഥാപിച്ചിരുന്നു. പടിഞ്ഞാറുഭാഗത്ത് ഉടൻ സ്ഥാപിക്കും. വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനായി 11.40 ലക്ഷം രൂപ നിർമാണ കമ്പനി കെ.എസ്.ഇ.ബിക്ക് നൽകി. കിഴക്കേ തുരങ്കമുഖത്തിന് മുൻവശത്ത് മേൽപാലത്തിന് മുകളിൽ വൈദ്യുതവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.