കുതിരാൻ തുരങ്കം: ഇനി ദൂരവും ദുരിതവും കുറയും
text_fieldsതൃശൂർ: കേരളത്തിലെ ആദ്യ തുരങ്കപാതയെന്നും വിശേഷിപ്പിക്കുന്ന കുതിരാനിലെ ആദ്യ തുരങ്കപാത തുറക്കുന്നതിലേക്ക് വഴി തെളിച്ചത് രാജ്യത്തിെൻറ ഗതാഗതമേഖലയിലെ സുപ്രധാന കാൽവെയ്പ്. പാലക്കാട് - തൃശൂർ ദേശീയപാതയിലെ വൻ കരിമ്പാറക്കെട്ടുകൾ നിറഞ്ഞ കുതിരാൻമലയിലെ ഗതാഗതകുരുക്കിന് പതിറ്റാണ്ടുകൾ പഴക്കമുണ്ട്.
പെട്ടെന്ന് പൊട്ടിപ്പൊളിയുന്ന റോഡുകൾ, കിഴുക്കാംതൂക്കായ വളവുകളും തിരിവുകളും, മഴക്കാലത്തെ മണ്ണിടിച്ചിൽ, ഗതാഗതക്കുരുക്ക്, അപകടങ്ങൾ, വഴിയിൽ കേടായിക്കിടക്കുന്ന ചരക്കുലോറികൾ... ഇതെല്ലാം മറികടന്ന് നാലുകിലോമീറ്ററോളം ദൂരം പിന്നിടണമെങ്കിൽ ചിലപ്പോൾ മണിക്കൂറുകൾ വേണ്ടി വരും. ആ പ്രയാസമാണ് വെറും ഒന്നോ രണ്ടോമിനിറ്റിൽ മറികടക്കാനാകുന്നത്.
ഈ ദുർഗതി തിരിച്ചറിഞ്ഞ്, 2004-05 കാലത്താണ് ഡൽഹിയിൽ ദേശീയപാത അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥർ ഇരട്ടക്കുഴൽ തുരങ്കം എന്ന ആശയം രൂപപ്പെടുത്തിയത്. 2006ൽ വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) തയ്യാറാക്കി. സംരക്ഷിത വനവും വന്യജീവി സങ്കേതവും കാരണം സ്ഥലമെടുക്കാനുളള അനുമതിയ്ക്കും തുല്യമായ സ്ഥലം സർക്കാരിന് വിട്ടു നൽകാനും വനത്തിന് പകരമായി നഷ്ടപരിഹാരം കെട്ടിവെയ്ക്കാനുമായി കടമ്പകൾ ഏറെയായിരുന്നു.
2010ൽ കരാർ ഉറപ്പിച്ചു. ആറുവരിപ്പാതയുടെ കരാറുകാരായ കെ.എം.സി കമ്പനി തുരങ്കംപണി പ്രഗതി ഗ്രൂപ്പിന് ഉപകരാർ നൽകി. സാമ്പത്തിക പ്രതിസന്ധികളും കമ്പനികളുടെ അനാസ്ഥയും മഴയും പ്രളയവും സാങ്കേതിക തടസങ്ങളുമെല്ലാം മറികടന്നപ്പോൾ ഒരു പതിറ്റാണ്ട് കടന്നുപോയി. നിരവധി ജനകീയ, രാഷ്ട്രീയ സമരങ്ങൾക്കും അപകടങ്ങൾക്കും തുടർച്ചയായ ഹൈക്കോടതി പരാമർശങ്ങൾക്കും താക്കീതുകൾക്കും ഒടുവിൽ നിർമ്മാണത്തിന് വേഗം വെച്ചു.
കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, വി. മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂമന്ത്രിയും സ്ഥലം എം.എൽ.എയുമായ കെ. രാജൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.പിമാരായ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ് തുടങ്ങിയവരെല്ലാം നിരന്തരം ഇടപെട്ടു. പ്രഗതി ഗ്രൂപ്പിനെ ഒഴിവാക്കി, കെ.എം.സി ഗ്രൂപ്പ് പണി പൂർത്തിയാക്കിയാണ് ടണൽ തുറന്നത്. തൃശൂര്‍ ഭാഗത്തേക്കുള്ള ഇടതുതുരങ്കമാണ് ഇന്ന് രാത്രി ഏഴരയോടെ തുറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.