മഴമാറി; ദുരിതമൊഴിയാതെ കുട്ടനാടും അപ്പർ കുട്ടനാടും
text_fieldsകുട്ടനാട്: കാലാവസ്ഥ വ്യതിയാനത്തിന്‍റെ ദുരിതം പേറുകയാണ് കുട്ടനാടും അപ്പർ കുട്ടനാടും. താളംതെറ്റിയ കാലാവസ്ഥ കുട്ടനാടൻ നിവാസികളുടെ ജീവിതരീതി തന്നെ മാറ്റി. മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങൾ മാസങ്ങളായി വെള്ളക്കെട്ടിലാണ്.
വെള്ളം ഇറങ്ങുമ്പോഴേക്കും അടുത്ത മഴയെത്തും. മഴ മാറിയാലും ദിവസങ്ങളോളം അതിന്‍റെ പ്രത്യാഘാതം നിലനിൽക്കും. പലരും ബാങ്കിൽനിന്ന് കൃഷി വായ്പയും തികയാതെ വരുമ്പോൾ ഉയർന്ന പലിശക്ക് കടം എടുത്തുമാണ് കൃഷി ചെയ്യുന്നത്. എന്നാൽ, അത് വെള്ളപ്പൊക്കം കൊണ്ടുപോകുന്ന പ്രവണത വർഷങ്ങളായുണ്ട്. കുട്ടനാട്ടുകാരുടെ എക ആശ്രയം നെൽകൃഷിയാണ്. നിരന്തരം സംഭവിക്കുന്ന വെള്ളപ്പൊക്കം കൃഷി തകർത്തെറിയുന്ന സാഹചര്യം നിലനിൽക്കുന്നു. ശക്തമായ പുറംബണ്ടുകൾ നിർമിച്ച് ജലാശയങ്ങളിലെ നീരൊഴുക്ക് സുഗമമാക്കിയാൽ മാത്രമേ ഒരുപരിധി വരെ കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽനിന്ന് സംരക്ഷിക്കാൻ സാധിക്കൂ.
മഴ മാറി നിൽക്കുമ്പോഴും കിഴക്കൻ വെള്ളത്തിന്റെ വരവ് നിലക്കാത്തതിനാൽ വീയപുരം മേഖലയിൽ ജലനിരപ്പ് ഉയർന്നുതന്നെയാണ്. നീരേറ്റുപുറത്ത് ജലനിരപ്പ് അപകടനിലക്ക് മുകളിലാണ്. നീരേറ്റുപുറത്ത് മാത്രം കഴിഞ്ഞ ദിവസത്തേതിലും 61 സെന്റീമീറ്റർ ജലനിരപ്പ് ഉയർന്നു.കുട്ടനാടിന്റെ മറ്റു മേഖലകളിൽ ജലനിരപ്പ് അപകട നിലക്ക് മുകളിലെത്തിയില്ല. ചമ്പക്കുളത്ത് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ആറ് സെന്റീ മീറ്റർ ജലനിരപ്പ് താഴ്ന്നു.
പമ്പ, അച്ചൻകോവിൽ ആറുകളിലെ ജലനിരപ്പ് ഉയരുന്നത് കൂടുതൽ ബാധിക്കുന്നത് വീയപുരം, ചെറുതന പഞ്ചായത്തുകളെയാണ്. മേൽപ്പാടം, ആനാരിവടക്ക്, തുരുത്തേൽ, പാളയത്തിൽ തുടങ്ങിയ ഭാഗങ്ങളിലാണ് ഏറെ ദുരിതം. നൂറിലധികം കുടുംബങ്ങളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്.വെള്ളം ഒഴുകിപ്പോയിരുന്ന പൊതുതോടുകളും മറ്റു ജലാശയങ്ങളും അടഞ്ഞതാണ് വെള്ളക്കെട്ട് രൂക്ഷമാക്കുന്നത്. വെള്ളം ഇറങ്ങിക്കഴിയുമ്പോഴാണ് ദുരിതമേറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.