കോവിഡ് വ്യാപനത്തിനിടയിലും കൊയ്ത്തിനൊരുങ്ങി കുട്ടനാട്
text_fieldsകുട്ടനാട്: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലും കുട്ടനാട് കൊയ്ത്തുത്സവത്തിന് ഒരുങ്ങുകയാണ്. തകഴി, നെടുമുടി മേഖലകളിലെ പാടശേഖരങ്ങളിൽ കൊയ്ത്ത് ഉടൻ നടത്തും.
ഈ ആഴ്ചതന്നെ ആദ്യ കൊയ്ത്ത് തുടങ്ങാനാകുമെന്നാണ് കൃഷി വകുപ്പ് പ്രതീക്ഷിക്കുന്നത്. തകഴി പോളേപ്പാടത്താണ് ആദ്യം യന്ത്രമിറങ്ങുക. ഇത്തവണ പാലക്കാട്ടുനിന്നാകും യന്ത്രങ്ങളെത്തുക. അന്തർസംസ്ഥാനങ്ങളിൽനിന്നുള്ള യന്ത്രങ്ങൾ നിലവിൽ പാലക്കാടൻ മേഖലയിലുണ്ട്. അവിടെ കൊയ്ത്ത് പൂർത്തിയാക്കുന്നമുറക്ക് അവ കുട്ടനാട്ടിലേക്കെത്തും. 1400നടുത്ത് അന്തർസംസ്ഥാന തൊഴിലാളികളും എത്തും.
ഈ മാസം അവസാനത്തോടെ കുട്ടനാട്ടിൽ കൊയ്ത്ത് വ്യാപകമാകുമെന്നതിനാൽ തൊഴിലാളികളെ കൂടിയേ കഴിയൂ. ഈ സമയം ശരാശരി 325 യന്ത്രങ്ങൾ വേണ്ടിവരും. 100 ഏക്കർ പാടശേഖരത്തിന് സാധാരണയായി നാല് യന്ത്രങ്ങളാണ് ഉപയോഗിക്കുക. ഒരു യന്ത്രത്തിനൊപ്പം നാല് തൊഴിലാളികളുണ്ടാകും.
നിലവിൽ ഇവരുടെ താമസം, ഭക്ഷണം തുടങ്ങിയവ പാടശേഖരങ്ങളുമായി കൊയ്ത്തിന് കരാർ വെക്കുന്ന ഏജൻറുമാരുടെ ചുമതലയാണ്. ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളില്ലാത്ത കുട്ടനാട്ടിൽ തൊഴിലാളികളിൽ കോവിഡ് പോസിറ്റിവ് റിപ്പോർട്ട് ചെയ്താൽ കൊയ്ത്തിനെ ബാധിക്കും.
മഴക്കെടുതിയെ അതിജീവിച്ച 5552 ഹെക്ടറിലാണ് കൊയ്ത്ത് നടത്തേണ്ടത്. കഴിഞ്ഞ മാസത്തെ വെള്ളപ്പൊക്കത്തിൽ ബണ്ട് തകർന്നും വെള്ളം കവിഞ്ഞുകയറിയും 3809 ഹെക്ടറിലെ കൃഷി നശിച്ചു. ആകെ 9361 ഹെക്ടറിലാണ് വിത നടത്തിയത്. 85 പാടശേഖരങ്ങളാണ് കൊയ്ത്തിന് അവശേഷിക്കുന്നത്. കൊയ്ത്തിനൊപ്പം നെല്ല് സംഭരണവും കൃത്യമായി നടത്തണം. കഴിഞ്ഞ പുഞ്ചകൃഷിയുടെ സമയത്തും അവസാനം കൊയ്ത്ത് നടന്ന പാടശേഖരങ്ങളിൽ 10 ദിവസംവരെ നെല്ല് കെട്ടിക്കിടക്കേണ്ട അവസ്ഥയുണ്ടായിരുന്നു.
കോവിഡിനിടയിലും തൊഴിലാളികളുടെ കുറവുണ്ടാകാതെ സംഭരണം നടത്തണമെങ്കിൽ സർക്കാർ സംവിധാനങ്ങളും വേണ്ടത്ര ജാഗ്രത കാട്ടണം. നെല്ല് വില വർധിപ്പിച്ച സാഹചര്യത്തിൽ ഇത്തവണ കിലോക്ക് 27.48 രൂപ കർഷകന് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.