മഴ പെയ്യണമെന്നില്ല; കിഴക്കൻ വെള്ളപ്പാച്ചിൽ മതി
text_fieldsകുട്ടനാട്ടുകാർക്ക് പേടിക്കാൻ ഇവിടെ മഴ പെയ്യണമെന്നില്ല. മീനച്ചിലാറ്റിലും മണിമലയാറ്റിലും പമ്പയാറിലും അച്ചൻകോവിലാറിലും വെള്ളം പൊങ്ങിയെന്ന് കേട്ടാൽ കുട്ടനാട്ടുകാരുടെ കാൽവെള്ളയിൽ പ്രളയഭയത്തിെൻറ തണുപ്പ് വന്ന് പതിയെ പൊങ്ങും. പിന്നെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീടുകളിലേക്ക് വെള്ളമെത്തും. ഒഴുകിേപ്പാകാൻ ഇടമില്ലാതെ കൃഷിയിടത്തിലേക്കും പരക്കും. ആശ്വാസമായി ക്യാമ്പുകളിലേക്ക് ഓടിക്കയറണമെന്ന് വാശിപിടിച്ചാലും കോവിഡ് അതിന് സമ്മതിക്കില്ല. വെള്ളമിറങ്ങാതെ ദിവസങ്ങളോളം കെട്ടിക്കിടക്കുന്നതിനാൽ ഭക്ഷണം പാകംചെയ്യാനും ശൗചാലയം ഉപയോഗിക്കാനും കഴിയാതെ ഏറെ ബുദ്ധിമുട്ടും. ഉയരത്തിലുള്ള പാലങ്ങളിൽ പടുത വലിച്ചുകെട്ടിയാവും അന്തിയുറക്കം. മഴക്കാലത്ത് കുട്ടനാട്ടുകാരുടെ ജീവിതം ഇങ്ങനെയാണ്.
30 വർഷം മുമ്പുവരെ മഴക്കാലത്ത് വെള്ളം പൊങ്ങിയാൽ സ്ഥിതി ഇങ്ങനെയായിരുന്നില്ല. വെള്ളം പൊങ്ങും താഴും. കുട്ടനാടും ജനതയും പെയ്ത്തുവെള്ളമെന്ന പ്രതിഭാസത്തെ ഉൾക്കൊണ്ടാണ് ജീവിച്ചത്. കാലാവസ്ഥ വ്യതിയാനം, കാലം തെറ്റിയ പ്രകൃതിക്ഷോഭം, ദീർഘവീക്ഷണമില്ലാതെ അടിച്ചേൽപിക്കുന്ന പദ്ധതികൾ തുടങ്ങിയവയാണ് കുട്ടനാടിനെ പിന്നോട്ടടിക്കുന്നത്. പെയ്ത്തുവെള്ളത്തിനൊപ്പം കിഴക്കൻവെള്ളം കുട്ടനാടൻ കൈവരികളിലൂടെ കുതിച്ചെത്തുമ്പോഴുള്ള മണലാണ് യഥാർഥ വില്ലൻ. കുട്ടനാടെന്ന ജലസംഭരണിയെ മറ്റ് ജില്ലകളിൽനിന്ന് ഒഴുകിയെത്തുന്ന ചില്ലറയല്ലാത്ത മണൽ കാർന്നുതിന്നുകയാണ്. മുമ്പ് മൂന്നുമാസത്തെ മഴക്ക് പിടിച്ചുനിന്ന കുട്ടനാട് ഇന്ന് മൂന്ന് ദിവസത്തെ മഴക്കുപോലും താഴുകയാണ്. വേമ്പനാട്ടുകായലും ആറുകളുമൊന്നും വെള്ളത്തെ ഉൾക്കൊള്ളാതെയായി.
കായലിെൻയും നദികളുടെയും സംഭരണശേഷി കൂട്ടാൻ കോടികളുടെ പദ്ധതിയൊന്നും വേണ്ട. ഒഴുകിയെത്തിയ മണൽ അടിയന്തരമായി നീക്കിയാൽ ദുരിതത്തിൽനിന്ന് കുട്ടനാടിന് തല ഉയർത്തി നോക്കാനുള്ള ശേഷിയെങ്കിലുമുണ്ടാകും. വെള്ളം പൊങ്ങിയാൽ ഓടിയെത്താനുള്ള എലിവേറ്റഡ് റോഡ് മാത്രം പോര. കുട്ടനാട്ടിലെ യാത്രസൗകര്യത്തിനൊപ്പം ഇവിടത്തെ ജനവാസ മേഖലയിലെ ജീവിതവും ദുരിതവും നേരായ രീതിയിൽ സർക്കാർ മനസ്സിലാക്കണം. (തുടരും)
സ്വന്തം വീട്ടിൽ മൂന്നുമാസം; വാടകക്ക് ഒമ്പതുമാസം
കുട്ടനാട്ടിലെ 80 ശതമാനം ആൾക്കാർക്കിടയിലെ ദുരിതമുഖമാണ് മങ്കൊമ്പ് പുലിപ്രാം മഠത്തിൽ ജയന്തി പൊന്നപ്പേൻറത്. ജയന്തിയുടേതുൾപ്പെടെ പ്രദേശത്തെ മൂന്ന് കുടുംബംകൂടി ദുരിതക്കയത്തിലാണ്. സമീപ പാടശേഖരത്ത് കൃഷിനടക്കുന്ന വർഷത്തിലെ മൂന്നുമാസം മാത്രമാണ് കഴിഞ്ഞ 20 വർഷമായി ജയന്തിയും കുടുംബവും സ്വന്തംവീട്ടിൽ കഴിയുന്നത്. ഭർത്താവ് പൊന്നപ്പൻ ഡ്രൈവറാണ്. ഇരച്ചെത്തുന്ന വെള്ളത്തെ പേടിച്ച് തൊട്ടടുത്ത് 2500 രൂപ വാടകക്കാണ് മൂന്ന് മക്കളുമായി താമസം. വർഷാവർഷം വെള്ളം കയറി വീട്ടുപകരണങ്ങൾ പലതും നശിച്ചു. വീടും തകർന്നു. വെള്ളക്കെട്ട് പരിഹാരത്തിന് ഇവർ മുട്ടാത്ത വാതിലുകളില്ല. വാടക മുടങ്ങിയാൽ ഓച്ചിറയിലെ സഹോദരിയുടെ വീട്ടിൽപോകും.
പാരാമെഡിക്കൽ വിദ്യാർഥിനിയായ ആതിരയുടെയും 10ാം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന ഐശ്വര്യയുടെയും ഒമ്പതാം ക്ലാസ് വിദ്യാർഥി ആരോമലിെൻറയും പഠനവും പലപ്പോഴും വെള്ളത്തിലാകാറുണ്ട്. വാടകവീട്ടിൽ കഴിയുമ്പോഴും സ്വന്തം വീട്ടിലേക്ക് എത്തി വെള്ളമിറങ്ങുന്നുണ്ടോയെന്ന് നോക്കും. അരക്കൊപ്പം ഇപ്പോഴും വെള്ളമുള്ള വീട്ടിൽനിന്ന് പോളയെങ്കിലും പോയാൽ മതിയെന്നാണ് ഇവരുടെ പ്രാർഥന. പെൺമക്കളെ വീടിനകത്ത് കല്ലിട്ട് പലക നിരത്തി പഠിക്കാൻ പൊക്കിയിരുത്തിയശേഷം മകൻ ആരോമലുമായി വീട്ടിലെ പോള ദിവസേന എത്തി നീക്കം ചെയ്യുകയാണിപ്പോൾ. പൊളിഞ്ഞ കതകും പൊട്ടിയഭിത്തിയും കോവിഡ് വരുത്തിയ സാമ്പത്തിക പ്രതിസന്ധിയുമെല്ലാം ജയന്തി പറഞ്ഞപ്പോൾ പുരയിടത്തിലെ വെള്ളത്തിനൊപ്പം ആ കണ്ണുകളും നിറഞ്ഞിരുന്നു.
കുട്ടനാട്ടിലെ പുറംബണ്ടുകൾ ബലപ്പെടുത്തും –മന്ത്രി പി. പ്രസാദ്
ആലപ്പുഴ: കുട്ടനാട്ടിൽ പുറംബണ്ടുകള്‍ ബലപ്പെടുത്താൻ പ്രാമുഖ്യം നൽകി പ്രശ്നങ്ങൾ മുന്‍ഗണന നിശ്ചയിച്ച് പരിഹരിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. റാണി, ചിത്തിര, മാർത്താണ്ഡം, ആര്. ബ്ലോക്ക് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുറംബണ്ടിെൻറ ചില ഭാഗങ്ങൾ ക്ഷയിച്ചു. ഇത് മടവീഴ്ചക്ക് കാരണമാകുമെന്ന് കൃഷിക്കാർ പറയുന്നു. ഇക്കാര്യത്തിൽ ഗൗരവമായ പഠനം നടത്തും.
കുട്ടനാട്ടിലെ കൃഷിയുടെ കാര്യത്തിൽ വലിയ ഇടപെടൽ അനിവാര്യമാണെന്ന് ബോധ്യപ്പെട്ടു. അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടി. ദീർഘകാലാടിസ്ഥാനത്തിൽ നടപ്പാക്കേണ്ടത് പ്രത്യേകമായി പരിഗണിക്കും. കഴിഞ്ഞ കൃഷിമന്ത്രിയുടെ കാലത്ത് ആർ. ബ്ലോക്കിെൻറ കാര്യത്തിൽ ഇടപെടലുണ്ടായി. ഗുണമേന്മയുള്ള സ്ലാബുകൾ വെക്കുന്നതിനും ദീർഘകാല അടിസ്ഥാനത്തിൽ ഉറപ്പു നൽകുന്ന ബണ്ടുകൾ സ്ഥാപിക്കാനും ശാസ്ത്രീയ അടിത്തറയില്‍ പദ്ധതികള്‍ ആവിഷ്കരിക്കും. കൃഷിയുടെ കാര്യത്തിലും ബണ്ടുകൾ ശക്തിപ്പെടുത്തുന്ന കാര്യത്തിലും കൃത്യമായ നിരീക്ഷണം കൃഷിവകുപ്പിെൻറ ഭാഗത്തുനിന്നുണ്ടാവും.
മന്ത്രിസഭ അധികാരമേറ്റശേഷം രണ്ടാം സന്ദർശനമാണ് ഇത്. ഈ ആഴ്ച കൃഷി, ജലസേചനം, ഫിഷറീസ് മന്ത്രിമാർ ഒന്നിച്ചിരുന്ന് കുട്ടനാടിെൻറ പ്രശ്നങ്ങൾ ചർച്ച നടത്തും. മങ്കൊമ്പിൽ ചേർന്ന യോഗത്തിൽ പ്രാഥമികമായി കാര്യങ്ങൾ നടപ്പാക്കാൻ കലക്ടറുടെ നേതൃത്വത്തിൽ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. കുട്ടനാട്ടിലെ ഏറ്റെടുത്ത നെല്ലിെൻറ വില സമയബന്ധിതമായി കൊടുത്തുതീർക്കാൻ നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.
ചിത്തിര കായല്‍ പാടശേഖര സമിതി സെക്രട്ടറി വി. മോഹന്‍ദാസ്, പ്രസിഡൻറ് ജോസഫ് ചാക്കോ, റാണികായല്‍ പാടശേഖര സമിതി പ്രസിഡൻറ് എ. ശിവരാജന്, സെക്രട്ടറി എ.ഡി. കുഞ്ഞച്ചന്, കുട്ടനാട് വികസന ഏജന്‍സി ചെയര്മാന് ജോയിക്കുട്ടി ജോസ്, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ചര്‍ ഓഫിസർ അലിനി ആൻറണി, എ.പി.എ.ഒ സുജ ഈപ്പന്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ എന്‍. രമാദേവി, കെ.എസ്. സഫീന തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.