കുട്ടനാട്: മുന്നണികൾ ആശങ്കയിൽ
text_fieldsകുട്ടനാട്: ഉപതെരഞ്ഞെടുപ്പിൽ കുട്ടനാട് സീറ്റിലെ സ്ഥാനാർഥി നിർണയം മൂന്ന് മുന്നണിക്കും വെല്ലുവിളി. സീറ്റ് ഘടകകക്ഷികൾ കൈവശം വെക്കുന്നതിനാലാണ് തലവേദന കൂടുന്നത്. കുട്ടനാട് സീറ്റിന് അവകാശിയായ കേരള കോൺഗ്രസ്-എമ്മിലെ തർക്കം രൂക്ഷമായത് യു.ഡി.എഫിന് ഭീഷണിയാണ്.
നേരെത്തയും പി.ജെ. ജോസഫും ജോസ് കെ. മാണിയും അവകാശവാദം ഉന്നയിച്ച് നിലപാട് കടുപ്പിച്ചതോടെയാണ് സ്ഥാനാർഥി നിർണയം അനിശ്ചിതമായി നീണ്ടത്. പുതിയ സാഹചര്യത്തിൽ ജോസഫിന് സീറ്റ് നൽകിയാൽ ജോസ് പക്ഷം യു.ഡി.എഫിൽനിന്ന് അകലും.
ജോസ് പക്ഷം ഇടതുമുന്നണിക്കൊപ്പം ചേർന്നാൽ അവിടെയും സീറ്റ് ചർച്ച സങ്കീർണമാകും. എൻ.സി.പിക്കുതന്നെ സീറ്റ് നൽകാനാണ് ഇടതുമുന്നണിയിലെ ധാരണ. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ജോസ് കെ. മാണി ഇടതുപക്ഷത്തേക്ക് വന്നാൽ കുഴപ്പത്തിലാകുന്നത് എൽ.ഡി.എഫാകും. അനായാസ വിജയം ഉറപ്പാക്കിയിരുന്ന മുന്നണിയിൽ അത് അനാവശ്യ ചർച്ചക്ക് വഴിവെക്കും.
സിറ്റിങ് സീറ്റ് വിട്ടുനൽകില്ലെന്ന എൻ.സി.പി നിലപാട് എൽ.ഡി.എഫിെന കുഴക്കും. ബി.ഡി.ജെ.എസിന് നൽകിയ സീറ്റിൽ കഴിഞ്ഞതവണ എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന സുഭാഷ് വാസു ഇപ്പോൾ വിമതപക്ഷത്തായതിനാൽ ബി.ജെ.പിക്കും കുട്ടനാട് തർക്കസീറ്റാണ്.
ബി.ജെ.പിയിലെ ഒരുവിഭാഗത്തിെൻറ പിന്തുണയുള്ള സ്പൈസസ് ബോർഡ് ചെയർമാൻകൂടിയായ സുഭാഷ് വാസു സീറ്റ് ബി.ഡി.ജെ.എസിന് നൽകിയാൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, സീറ്റ് വിട്ടുനൽകില്ലെന്ന നിലപാടിലാണ് തുഷാർ വെള്ളാപ്പള്ളി നേതൃത്വം നൽകുന്ന ബി.ഡി.ജെ.എസ് നേതൃത്വം. ചരിത്രത്തിലാദ്യമായാണ് മുന്നണികൾക്ക് കുട്ടനാട് മണ്ഡലം ഇത്രയേറെ തലവേദനയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.