കുട്ടനാട്-അപ്പർകുട്ടനാട് പലായനം തുടരുന്നു
text_fieldsകോട്ടയം: വേമ്പനാട്ടുകായലിൽ ജലനിരപ്പ് അപകടകരമാംവിധം ഉയരുന്നതിനാൽ കുട്ടനാട്-അപ്പർകുട്ടനാട് മേഖലകളിൽനിന്ന് ഇപ്പോഴും പലായനം തുടരുന്നു. ഇവിടെ നിന്നുള്ള 90 ശതമാനം ജനങ്ങളും കോട്ടയം-ആലപ്പുഴ ജില്ലകളിലെ സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിയതായാണ് റിപ്പോർട്ട്.
പലരും ബന്ധുവീടുകളിലേക്കും പോകുന്നുണ്ട്.കോട്ടയത്തിെൻറ താഴ്ന്ന പ്രദേശങ്ങളിലെ പതിനായിരത്തോളം പേരും കുട്ടനാട്ടിൽനിന്ന് ആലപ്പുഴയിലെ വിവിധ സുരക്ഷിത കേന്ദ്രങ്ങളിൽ മുമ്പ് എത്തിച്ചവരും ചെങ്ങന്നൂർ, പത്തനംതിട്ട, തിരുവല്ല എന്നിവടങ്ങളിൽനിന്നുള്ളവരും കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തിയതായി കലക്ടർ ബി.എസ്. തിരുമേനി അറിയിച്ചു.
എന്നാൽ, ക്യാമ്പിൽ എല്ലാവരും രജിസ്റ്റർ ചെയ്തിട്ടില്ല. കുട്ടനാട്ടിൽനിന്നുമാത്രം 80,000ത്തോളം പേരും മറ്റിടങ്ങളിൽ നിന്നുള്ള പതിനായിരത്തിലധികം പേരും കോട്ടയത്തെത്തിയെന്നാണ് കണക്ക്. സർക്കാർ കണക്കിൽ ഇത് 40,000ത്തോളം മാത്രമാണ്. ഇപ്പോഴും പത്തനംതിട്ട-ചെങ്ങന്നൂർ മേഖലകളിൽനിന്ന് കൂടുതൽ പേർ എത്തിക്കൊണ്ടിരിക്കുകയാണ്. ചങ്ങനാശ്ശേരിയിലെ വിവിധ സ്കൂളുകളും കോളജുകളും ഇവർക്കായി തുറന്നുകൊടുത്തു. സന്നദ്ധ സംഘടനകളും രംഗത്തുണ്ട്.
നിലവിൽ എത്തിയവർക്ക് ഭക്ഷണവും വസ്ത്രങ്ങളും ലഭ്യമാക്കുന്ന ഭാരിച്ച ദൗത്യവും ഇവർക്കുണ്ട്.ബോട്ടുകളിലും വള്ളങ്ങളിലും ഇപ്പോഴും പലായനം തുടരുന്നതായി ജില്ലഭരണകൂടം അറിയിച്ചു. പലരുടെയും യാത്ര അപകടകരമാണെന്ന ആശങ്കയും ഉയരുന്നുണ്ട്. മീനച്ചിൽ-മണിമല-പമ്പ-അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പ് ഇനിയും താഴ്ന്നിട്ടില്ല. ചിലയിടങ്ങളിൽ മഴയുമുണ്ട്. അതിനാൽ കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും തുരുത്തുകളിലുള്ളവരും രക്ഷപ്പെടണമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.