കുട്ടനാട് പാക്കേജ് പൂർണമാക്കാൻ കേന്ദ്രത്തെ സമീപിക്കും -മുഖ്യമന്ത്രി
text_fieldsആലപ്പുഴ: കുട്ടനാട് പാക്കേജ് പൂർണമായും നടപ്പാക്കി കിട്ടാൻ കേന്ദ്രസർക്കാറിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാർഷികവായ്പക്ക് മൊറേട്ടാറിയം നൽകുന്നത് മന്ത്രിസഭ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടനാട് ദുരിതാശ്വാസ നടപടികൾ അവലോകനം ചെയ്യാൻ ഗവ. ടി.ഡി മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ ഞായറാഴ്ച രാവിലെ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജലസ്രോതസ്സുകൾ ആഴംകൂട്ടി സംരക്ഷിക്കൽ, പഞ്ചായത്തുകളിൽ സംഭരണ കേന്ദ്രങ്ങൾ നിർമിക്കൽ അടക്കം രൂപരേഖ തയാറാക്കിയാകും കേന്ദ്രത്തെ സമീപിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരിതാശ്വാസം ഏകോപിപ്പിക്കാൻ വകുപ്പുകളിൽ സ്‌പെഷൽ ഓഫിസർമാരെ നിയമിക്കും. ദുരിതബാധിതർക്ക് വായ്പ ലഭ്യമാക്കാൻ ബാങ്കുകളുടെ സഹായം തേടും. വെള്ളപ്പൊക്കത്തിൽ നഷ്ടമായ രേഖകൾ നൽകാൻ പഞ്ചായത്ത്, താലൂക്കുതല അദാലത്ത് സംഘടിപ്പിക്കും. ജലനിരപ്പ് ഉയരുമ്പോൾ വെള്ളം കയറാത്ത വിധത്തിലുള്ള നിർമാണ സംവിധാനത്തിന് ആവശ്യമെങ്കിൽ നിയമഭേദഗതി കൊണ്ടുവരും.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എല്ലാ വകുപ്പിലും സ്പെഷൽ ഓഫിസറെ നിയമിച്ച് റവന്യൂവകുപ്പ് ജില്ലതലത്തിൽ ഏകോപിപ്പിക്കും. നഷ്ട അധ്യയനദിനങ്ങൾ തിരിച്ചുപിടിക്കാൻ വിശദ രൂപരേഖ തയാറാക്കും. അടിയന്തര സേവന ഓഫിസുകളെ വെള്ളപ്പൊക്കം ബാധിക്കാത്ത നിലയിൽ ഉയർത്താൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനം കുട്ടനാട്ടിൽ സ്ഥാപിക്കുന്നത് പരിഗണിക്കും.
ദുരിതബാധിതർക്ക് വായ്പ ലഭ്യമാക്കാൻ ബാങ്കുകളുടെ സഹായം തേടാൻ മുഖ്യമന്ത്രി ജില്ല കലക്ടർക്ക് നിർദേശം നൽകി. ജില്ലതല ബാങ്കിങ് സമിതി വിളിക്കണം. ചെറുകിട കച്ചവടക്കാർക്ക് പ്രത്യേകം വായ്പ നൽകുന്നത് കെ.എഫ്.സി.യും സഹകരണ ബാങ്കുകളും പരിഗണിക്കണം. വൈദ്യുതി, വെള്ളക്കരം എന്നിവ അടക്കുന്നതിന് സാവകാശം നൽകുന്നത് മന്ത്രിസഭ തീരുമാനിക്കും. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.