വായ്പ ക്രമക്കേട്: കുട്ടനെല്ലൂർ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു
text_fieldsതൃശൂർ: കരുവന്നൂർ ബാങ്കിലെ വായ്പ തട്ടിപ്പിൽ ഉലഞ്ഞ സി.പി.എമ്മിന് തലവേദനയായി തൃശൂർ ജില്ലയിൽ മറ്റൊരു ബാങ്കിൽകൂടി തട്ടിപ്പ്. വായ്പ വിതരണത്തിലെ ക്രമക്കേടിനെ തുടർന്ന് സി.പി.എം ഭരിക്കുന്ന കുട്ടനെല്ലൂർ സർവിസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെ നിയോഗിച്ചു.
സഹകരണസംഘം സീനിയര്‍ ഇന്‍സ്പെക്ടര്‍ പി.ബി. പവിത്രനാണ് അഡ്മിനിസ്ട്രേറ്റർ. സഹകരണ നിയമത്തിലെ 32 (ഒന്ന്) വകുപ്പ് പ്രകാരമുള്ള നടപടിയാണ് ബാങ്കിനെതിരെ സ്വീകരിച്ചത്. ഭരണസമിതിക്കെതിരെ നിയമനടപടികള്‍ തുടരും. ആറുമാസത്തിനകം തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ നിയോഗിക്കാനാണ് തീരുമാനം.
പ്രതിമാസ നിക്ഷേപ പദ്ധതിയില്‍ കമീഷന് കൈപ്പറ്റി, നറുക്കെടുപ്പിന്റെ പേരില്‍ സിറ്റിങ് ഫീസ് വാങ്ങി തുടങ്ങിയ ക്രമക്കേടുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് സഹകരണസംഘം ജോയന്റ് രജിസ്ട്രാറുടെ നടപടി. സി.പി.എം ഒല്ലൂര്‍ ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ നേതാവുമായ റിക്സന് പ്രിന്‍സ് പ്രസിഡന്റായ ഭരണസമിതിയാണ് പിരിച്ചുവിട്ടത്.
ജീവിച്ചിരിക്കുന്നവര്‍ മരിച്ചുവെന്ന വ്യാജരേഖയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നും ഭൂമിയുടെ മതിപ്പ് വിലയേക്കാള്‍ ഉയര്‍ന്ന തുകക്ക് വായ്പ അനുവദിച്ചെന്നും കാട്ടി ബി.ജെ.പി ഭാരവാഹി പി.എസ്. പ്രകാശൻ നൽകിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ക്രമക്കേടിൽ സി.പി.എം ഏരിയ നേതൃത്വത്തിന് പങ്കുണ്ടെന്ന ആരോപണമാണ് ബി.ജെ.പി ഉയര്‍ത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.