കുറ്റപ്പുഴ നരബലി: പ്രതി അമ്പിളിയെ സഹായിച്ച മന്ത്രവാദിയും തിരുവല്ല സ്വദേശി
text_fieldsതിരുവല്ല: തിരുവല്ലയിലെ കുറ്റപ്പുഴയിൽ കുടക് സ്വദേശിനിയായ യുവതിയെ നരബലി നടത്താൻ ശ്രമിച്ച കേസിൽ പ്രധാന പ്രതി അമ്പിളിയുടെ കൂടെയുണ്ടായിരുന്ന മന്ത്രവാദിയും തിരുവല്ല സ്വദേശിയെന്ന് സൂചന. ഇരുവരും ചേർന്ന് ഇതേ വീട്ടിൽ വച്ച് മുൻപ് പലതവണ മന്ത്രവാദവും പൂജകളും നടത്തിയിട്ടുണ്ടെന്നും പൊലീസിന് പ്രാഥമിക വിവരം ലഭിച്ചു.
കുറ്റപ്പുഴയിലെ വാടകവീട്ടിൽ വച്ച് കുടക് സ്വദേശിനിയെ നരബലി നടത്താൻ ശ്രമിച്ചെന്ന വാർത്ത പുറത്തായതിന് പിന്നാലെ പത്തനംതിട്ട എസ്.പിയും ദക്ഷിണ മേഖല ഡി.ഐ.ജിയും വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതോടെ പ്രധാന പ്രതി അമ്പിളി ഒളിവിൽ പോയി. ഈ കേസിൽ നരബലി നടത്താനായി അമ്പിളിയുടെ ഒപ്പം ഉണ്ടായിരുന്ന മന്ത്രവാദിയും തിരുവല്ല സ്വദേശിയാണെന്ന വിവരമാണ് ഇപ്പോൾ പൊലീസിന് ലഭിച്ചിരിക്കുന്നത്. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ വിശദമായി പരിശോധിക്കുന്നതിനുള്ള ശ്രമമാണ് പൊലീസ് നിലവിൽ നടത്തുന്നത്.
കൊച്ചിയിൽ താമസിക്കുന്ന കുടക് സ്വദേശിനിയായ യുവതിയെ തിരുവല്ലയിലെ വീട്ടിലെത്തിച്ച് നരബലി നടത്താനുള്ള ശ്രമത്തിനിടെ യുവതി രക്ഷപ്പെടുകയായിരുന്നു. ഭർത്താവുമായി അകന്നു കഴിയുന്ന യുവതിയുടെ ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാം എന്ന പേരിലാണ് അമ്പിളി യുവതിയെ തിരുവല്ലയിൽ എത്തിച്ചത്. പൂജകൾ നടക്കുന്നതിനിടെ അമ്പിളിയുടെ പരിചയക്കാരനായ യുവാവ് വാടകവീട്ടിൽ എത്തിയതോടെയാണ് നരബലി ശ്രമം പാളിയത്.
കൊച്ചിയിലെത്തിയ യുവതി വിവരം പുറത്ത് പറഞ്ഞതോടെയാണ് നരബലി കഥ പുറത്തറിയുന്നത്. നിലവിൽ കുടകിലുള്ള യുവതി അടുത്ത ദിവസം ഇ-മെയിൽ മാർഗം പൊലീസിന് പരാതി നൽകുമെന്നാണ് അറിയുന്നത്. ഒളിവിൽ കഴിയുന്ന അമ്പിളിയെയും സഹായിയെയും അടക്കം അറസ്റ്റ് ചെയ്യണമെങ്കിൽ യുവതിയുടെ പരാതി അനിവാര്യമാണെന്നാണ് തിരുവല്ല പൊലീസിന്റെ നിലപാട്.
അതിനിടയിൽ നേരത്തെയും അമ്പിളിയും സഹായിയായ പൂജാരിയും ചേർന്ന് ഇതേ വാടകവീട്ടിൽ വച്ച് മന്ത്രവാദ കർമങ്ങൾ നടത്തിയിട്ടുണ്ടെന്ന് സൂചനയും പൊലീസിൽ ലഭിച്ചിട്ടുണ്ട്. ഈ വിഷയത്തിലും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രധാന പ്രതി അമ്പിളി ഒളിവിൽ പോയത് തിരുവല്ല പൊലീസിന്റെ വീഴ്ചയാണെന്ന ആരോപണവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.