ഈ കോവിഡ് കാലം കുട്ടായി ‘ഉണ്ണി’യായി; കിട്ടിയത് പുതിയ രക്ഷിതാക്കളെ
text_fieldsകൊച്ചി: ഹരിയാനയിൽ നഴ്സായ അച്ഛൻ എൽദോസിനും പിന്നാലെ അമ്മ ഷീനക്കും ജൂൺ ആറിന് കോവിഡ് സ്ഥിരീകരിക്കുമ്പോൾ എൽവിൻ എന്ന കുട്ടായിക്ക് വെറും ആറുമാസമാണ് പ്രായം. പിറ്റേന്നാൾതന്നെ കുഞ്ഞിനെയുമെടുത്ത് ഷീന നാട്ടിലെത്തിയെങ്കിലും പിഞ്ചുകുഞ്ഞിനെ പരിചരിക്കാനാവാത്ത സാഹചര്യത്തിലായിരുന്നു ബന്ധുക്കൾ. പരിശോധനഫലം നെഗറ്റിവാണെങ്കിലും കുഞ്ഞിനെ ഏറ്റെടുക്കാൻ ആരും വരുന്നില്ല. അപ്പോഴാണ് മാലാഖയെപ്പോലെ സാമൂഹികപ്രവർത്തകയായ ഡോ. മേരി അനിത എത്തുന്നതും സ്വന്തം കുഞ്ഞിനെപ്പോലെ ഏറ്റെടുക്കുന്നതും. അങ്ങനെ മാതാപിതാക്കൾ കോവിഡ് ചികിത്സയിൽ കഴിയവേ കുട്ടായി മേരി അനിതയുടെ ഉണ്ണിയായി, മാതാപിതാക്കളെക്കൂടാതെ അവന് പുതിയ രക്ഷിതാക്കളെയും കിട്ടി. ഒടുവിൽ രോഗം മാറി, ക്വാറൻറീനും കഴിഞ്ഞ് അച്ഛനും അമ്മയും ഏറ്റുവാങ്ങാനെത്തിയപ്പോൾ ഉണ്ണിക്കും മേരിയമ്മക്കും ഒരുപോലെ നൊമ്പരത്തിെൻറ വിടപറച്ചിൽ.
രക്ഷാകർതൃത്വത്തിെൻറ പുതിയ പാഠമാണ് കൊച്ചിയിൽ ഡോ. മേരി അനിത രചിച്ചത്. ഒരു ഡയപർ മാത്രമിട്ട്, കുറുമ്പിെൻറ കരച്ചിലോടെ കൈയിൽ കിട്ടിയ എൽവിനെ അവർ ഇണക്കിയെടുക്കാൻ ആദ്യം പാടുപെട്ടു. ഉണ്ണീ എന്ന വിളിയിലൂടെയായിരുന്നു തുടക്കം. ഒടുവിൽ പിരിയാനാവാത്ത കൂട്ടുമായി. എല്ലാ പിന്തുണയുമായി ഹൈകോടതി അഭിഭാഷകനായ ഭർത്താവ് സാബു തൊഴൂപ്പാടൻ, മക്കളായ നിംറോദ്, മനാേസ, മൗഷ്മി എന്നിവരും ഒപ്പംനിന്നു. ജൂലൈ 15 മുതൽ 11 ദിവസം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒരു റൂമിലും പിന്നീട് ജൂലൈ 15 വരെ തെൻറ ഫ്ലാറ്റിൽതന്നെ മറ്റൊരു അപ്പാർട്മെൻറിലുമാണ് മേരി കുഞ്ഞുമായി ക്വാറൻറീൻ ജീവിതം കഴിച്ചുകൂട്ടിയത്.
വൃക്കസംബന്ധമായ ബുദ്ധിമുട്ടുള്ള കുരുന്നിന് കോവിഡ് പോസിറ്റിവ് ആകരുതേയെന്ന് ഷീനയെയും എൽദോസിനെയുംപോലെ മേരി അനിതയും മനമുരുകി പ്രാർഥിച്ചു. സാമൂഹികപ്രവർത്തനത്തിെൻറ ഭാഗമായി നിരവധി കുഞ്ഞുങ്ങളെ പരിചരിക്കുന്ന അവർ ആദ്യമായി ഒരു കുഞ്ഞിന് കുപ്പിപ്പാലും നൽകി. കമിഴ്ന്നുകിടക്കുന്ന പ്രായത്തിൽ കിട്ടിയ ഉണ്ണിയെ തിരിച്ചുകൊടുക്കുമ്പോൾ അവൻ മിടുക്കനായി നീന്തിത്തുടിച്ചു. ഭർത്താവിെൻറയും മക്കളുടെയും പിന്തുണയാണ് ഏറെ ആശ്വാസം തന്നതെന്ന് മേരി അനിത പറയുന്നു. കുഞ്ഞ് പുതിയ അമ്മയുമായി കൊഞ്ചിക്കളിക്കുമ്പോഴെല്ലാം അവനെക്കുറിച്ചോർത്ത് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെയും ഹരിയാനയിലെ ആശുപത്രിയിലെയും ഐസൊലേഷൻ വാർഡുകളിൽ ഷീനയും എൽദോസും ആധിപിടിക്കുകയായിരുന്നു. അവനെ മേരിക്ക് കൈമാറുമ്പോൾ ഹൃദയം പുകയുകയായിരുെന്നന്നും ആ നിമിഷം മറക്കാനാവില്ലെന്നും ഷീനയുടെ വാക്കുകൾ. രണ്ടുവയസ്സുകാരിയായ മൂത്ത കുട്ടി എഡ്നയെ എൽദോസിെൻറ വീട്ടുകാരാണ് നോക്കിയിരുന്നത്.
ജൂൺ 17ന് എൽദോസും ജൂലൈ അഞ്ചിന് ഷീനയും രോഗമുക്തരായി. ക്വാറൻറീൻ കഴിഞ്ഞ് ഇരുവരും ജൂലൈ 15ന് കുഞ്ഞിനെ ഏറ്റുവാങ്ങിയ നിമിഷങ്ങളും വികാരതീവ്രമായിരുന്നു. ഇപ്പോൾ കുട്ടായിയെ ഉണ്ണിക്കുട്ടാ എന്നും ഇവർ വിളിക്കും, രക്ഷാകർതൃത്വത്തിെൻറ മറക്കാനാവാത്ത പാഠം പഠിപ്പിച്ചുതന്ന ഡോ. മേരി അനിതയോടുള്ള പറഞ്ഞറിയിക്കാനാവാത്ത നന്ദിയെന്ന പോലെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.