കരിങ്ങാംകടവിൽ കുട്ടികളുടെ മുങ്ങിമരണം തുടർക്കഥ
text_fieldsകുറ്റ്യാടി: കുറ്റ്യാടി പുഴയിൽ പാലേരി ചെറിയകുമ്പളം ഭാഗത്തെ കരിങ്ങാംകടവിൽ കുട്ടികളുടെ മുങ്ങിമരണം തുടർക്കഥ. ഇന്നലെ പാലേരി പാറക്കടവിലെ കൊളായിപ്പൊയിൽ മജീദിന്റെ മകൻ മുഹമ്മദ് സിനാൻ, കുളമുള്ളകണ്ടി യൂസുഫിന്റെ മകൻ മുഹമ്മദ് റിസ്വാൻ എന്നിവരാണ് ഒഴുക്കിൽ പ്പെട്ട് മരിച്ചത്. 2005 മേയ് 25ന് പാറക്കടവിലെ കെ.ടി. സൂപ്പി മാസ്റ്ററുടെ മകൻ ഷാഹിൻ, ഹംസ നദ്വിയുടെ മകൻ ശബീബ്, എം.കെ. ഖാസിമിന്റെ മകൻ ശഖീബ് എന്നിവർ സമാന രീതിയിൽ മരിച്ചിരുന്നു.
വിവിധ വർഷങ്ങളിലായി അഞ്ചുപേർ വേറെയും ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. വിശാലമായ പുഴത്തീരത്ത് കളിസ്ഥലം കൂടിയുള്ളതിനാൽ ഈ കടവിൽ കുട്ടികൾ ധാരാളമായി എത്താറുണ്ട്. കളികഴിഞ്ഞ് കുളിക്കാനിറങ്ങിയ സംഘത്തിലെ രണ്ടുപേരാണ് ഇന്നലെ ഒഴുക്കിൽപ്പെട്ടത്. ഒഴുകിവരുന്നത് താഴെ തീരത്തു നിന്ന് കണ്ടവർ രക്ഷിക്കാനായി പുഴയിൽ ചാടിയെങ്കിലും കുട്ടി മുങ്ങിപ്പോയതിനാൽ കണ്ടെടുക്കാനായില്ല. പുഴയിൽ ആഴം കുറവാണെങ്കിലും അടിയൊഴുക്ക് ശക്തമാണെന്ന് നാട്ടുകാർ പറഞ്ഞു. പുഴയെക്കുറിച്ച് പരിചയമില്ലാത്ത പുറത്തുനിന്നു വരുന്നവരാണ് അധികവും അപകടത്തിൽപെടുന്നത്. വിജനമായ സ്ഥലമായതിനാൽ അപകടത്തിൽപെട്ടാൽ ആളുകൾ അറിയാൻ വൈകും.
ഇന്നലെ ആദ്യം ഒഴുക്കിൽപെട്ട റിസ് വാനെ രക്ഷിക്കാൻ ഇറങ്ങിയ സിനാനെ റിസ്വാൻ കെട്ടിപ്പിടിച്ചപ്പോൾ ഇരുവരും മുങ്ങിപപ്പോകുകയായിരുന്നെന്ന് മറ്റു കുട്ടികൾ പറഞ്ഞു. അര കിലോമീറ്റർ താഴെ മേമണ്ണിൽകടവിൽ നിന്ന് സമീപവാസികളായ മേമണ്ണിൽ നിബ്രാസ്, എടവലത്ത് ഫായിസ് എന്നിവാണ് റിസ്വാനെ പുറത്തെടുത്തത്. നാദാപുരം, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷ സേനയും പൊലീസും ജനകീയ ദുരന്തനിവാരണ സേനയും നാട്ടുകാരും സർവ ഉപകരണങ്ങളുമായി തിരച്ചിലിനെത്തി. ദുരന്ത നിവാരണ സേനയിലെ കുട്ടപ്പൻ, അജ്നാസ്, റഫീഖ് എന്നിവരാണ് സിനാനെ പുറത്തെടുക്കുന്നത്. പുഴത്തീരത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്ന് നാട്ടുകാർ വില്ലേജ് അധികൃതരോടും പഞ്ചായത്ത് ഭാരവാഹികളോടും ആവശ്യപ്പെട്ടു. മരക്കൊമ്പുകളിൽ ഊഞ്ഞാൽ കെട്ടി പുഴയിലേക്ക് ആടാനുള്ള സംവിധാനവും സന്ദർശകർ ഒരുക്കിയതു കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.