കുട്ടിക്കാനം കൊട്ടാരവും സർക്കാറിന് നഷ്ടപ്പെട്ടു
text_fieldsതിരുവനന്തപുരം: തിരുവിതാംകൂർ രാജവംശത്തിെൻെറ ഉടമസ്ഥതയിലുണ്ടായിരുന്നതും സ്വാതന്ത്ര്യത്തിനുശേഷം സർക്കാറിന് ലഭിക്കേണ്ടതുമായ കുട്ടിക്കാനം കൊട്ടാരം സ്വകാര്യ ഉടമസ്ഥതയിൽ. കൊട്ടാരം എങ്ങനെ സ്വകാര്യ വ്യക്തികളുടെ കൈവശമെത്തി എന്നത് സംബന്ധിച്ച് റവന്യൂവകുപ്പിൽ ആധികാരിക രേഖകളൊന്നുമില്ലതാനും. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയെ തുടർന്ന കലക്ടർ നടത്തിയ അന്വേഷണത്തിലും രേഖകൾ കണ്ടെത്താനായില്ല. വില്ലേജ് ഓഫിസിലെ അടിസ്ഥാന നികുതി രജിസ്റ്റർ (ബി.ടി.ആർ) പ്രകാരം സർക്കാർ തരിശായി 38.6 ഹെക്ടറും സർക്കാർ പുറമ്പോക്കായി 34.50 ഹെക്ടറും ഇവിടെയുണ്ട്. ഇതു രണ്ടും ചേർത്ത് കൊട്ടാരം വക സ്ഥലം 73.10 ഹെക്ടറായിരുന്നു.
എന്നാൽ, പീരുമേട് വില്ലേജ് രേഖകൾ പ്രകാരം വിവിധ തണ്ടപ്പേരുകളിലായി 9.71 ഹെക്ടർ ഭൂമി സ്വകാര്യ വ്യക്തികളുടെ കൈവശമാണ്. അഞ്ചുപേരാണ് ഇങ്ങനെ ഭൂമി കൈവശം വെച്ചിരിക്കുന്നത്. ചങ്ങനാശ്ശേരി കുറിച്ചി വില്ലേജിൽ വിദ്യാധിരാജ ബ്രഹ്മാശ്രമം ട്രസ്റ്റിയും മഠാധിപതിയുമായ സ്വാമി ആതുരദാസിെൻറ പേരിൽ 6.82 ഏക്കർ ഭൂമിയുണ്ട്. റീഗൽ റിസോർട്ട് ലിമിറ്റഡ് എന്ന സ്ഥാപനം 17.2 ഏക്കർ ഭൂമിയും തൊടുപുഴ നടയ്ക്കൽ വീട്ടിൽ പി. കാസിം 10 സെൻറും കുറുന്തോട്ടത്തിൽ ബാബു പരമേശ്വരൻ 8.25 സെൻറും തൊടുപുഴ പുളിമൂട്ടിൽ ലൂക്കാ സ്റ്റീഫൻ 8.25 സെൻറും സ്വന്തമാക്കി. രാജകൊട്ടാരം വാങ്ങിയ സ്വാമി ആതുരദാസ് പിന്നീട് ഐ.ടി കമ്പനിക്ക് മറിച്ചുവിൽക്കുകയായിരുന്നു.
രാജഭരണകാലത്തെ കൊട്ടാരങ്ങളും മറ്റ് സ്ഥാപനങ്ങളും 1947നു ശേഷം സംസ്ഥാന സർക്കാറിലേക്ക് എത്തിച്ചേരേണ്ടതാണ്. അതുകൊണ്ടുതന്നെ കുട്ടിക്കാനം കൊട്ടാരവും സർക്കാറിന് അവകാശപ്പെട്ടതാണ്. ഭൂമിയും കെട്ടാരവും, സ്വകാര്യ വ്യക്തികളുടെ കൈവശമെത്തിയതിനുപിന്നിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന ആരോപണം ശക്തമാണ്. 16ാം നൂറ്റാണ്ടു വരെ ഈ സ്ഥലം ചങ്ങനാശ്ശേരി രാജാവിൻെറ കീഴിലായിരുന്നു. 1756ൽ തിരുവിതാംകൂർ രാജാവ് ചങ്ങനാശ്ശേരി കീഴടക്കിയപ്പോൾ തിരുവിതാംകൂറിന് കീഴിലായി. ഉഷ്ണകാലത്ത് മാസങ്ങളോളം കാട്ടിനുള്ളിലെ ഈ കൊട്ടാരത്തിലാണ് രാജകുടുംബം തങ്ങിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.