താനൂരിന്റെ സ്വന്തം കുഞ്ഞാക്ക
text_fieldsതാനൂർ: താനൂരിലെ ജനങ്ങൾക്ക് ഏത് പ്രശ്നവും പറയാനും പരിഹാരം തേടാനുമുള്ള ജനകീയ നേതാവായിരുന്നു കെ. കുട്ടി അഹമ്മദ് കുട്ടി. നാട്ടുകാർ കുഞ്ഞാക്കയെന്ന് വിളിച്ചിരുന്ന അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് എൺപതുകളിലാണ്. മുസ്ലിംലീഗ് മുൻ ദേശീയ അധ്യക്ഷൻ ഇ. അഹമ്മദ് 1982, 87 വർഷങ്ങളിൽ നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ അദ്ദേഹത്തിെൻറ ഇലക്ഷൻ ഏജൻറായിരുന്നു. പിന്നീട് രണ്ട് തവണ താനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായി. സംസ്ഥാന നേതാവും മന്ത്രിയുമൊക്കെയായപ്പോഴും നാടുമായി ഹൃദയബന്ധം കാത്തുസൂക്ഷിച്ചു.
പിതാവ് കുട്ട്യാലിക്കടവത്ത് സെയ്താലിക്കുട്ടി മാസ്റ്ററുടെ പാരമ്പര്യം പിന്തുടർന്ന് തീരദേശത്തെ വികസന പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങി. മത്സ്യത്തൊഴിലാളികളും സാമൂഹികമായി ഏറെ പിന്നിൽ നിൽക്കുന്നവരുമായവരുടെ വിദ്യാഭ്യാസ മുന്നേറ്റം സ്വപ്നമായി ഏറ്റെടുത്തു. അതിന് ഗതിവേഗം പകരാൻ പിതാവിന്റെ നാമധേയത്തിൽ സ്ഥാപിച്ച താനൂർ രായിരിമംഗലം എസ്.എം.എം ഹയർ സെക്കൻഡറി സ്കൂളിനും താനൂർ മൂലക്കലിലെ എസ്.എം.യു.പി സ്കൂളിനും വലിയൊരളവിൽ സാധിച്ചു. ഓലപ്പീടിക റെയിൽവെ ഗേറ്റും ഗവ. ആയുർവേദ ഡിസ്പെൻസറിയും താനൂർ സാംസ്കാരിക സമുച്ചയവുമെല്ലാം യാഥാർഥ്യമായത് അദ്ദേഹം ഭരണസാരഥ്യം വഹിക്കുന്ന ഘട്ടത്തിലായിരുന്നു. എളാരം കടപ്പുറത്തെ വീട് പ്രശ്നപരിഹാര കേന്ദ്രമായിരുന്നു. പിന്നീട് താനൂർ ബീച്ച് റോഡിലെ കൂനൻ പാലത്തിന് സമീപത്തേക്ക് അദ്ദേഹം താമസം മാറ്റി. 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന് പിന്നാലെ താനൂരിലുണ്ടായ വർഗീയാസ്വാസ്ഥ്യം പടരാതിരിക്കാനും സമാധാനം നിലനിർത്താനുമായി ജനങ്ങൾക്കിടയിലിറങ്ങി പ്രവർത്തിച്ചു.
വായനയും പഠനവും ജീവിതത്തിെൻറ ഭാഗമായി കൊണ്ടുനടന്ന കുട്ടി അഹമ്മദ് കുട്ടിയുടെ വീട്ടിലെ ഗ്രന്ഥശേഖരം പരന്ന വായനയുടെ സാക്ഷ്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.