കുറ്റ്യാടി കേരള കോണ്‍ഗ്രസിനു തന്നെ; സി.പി.എമ്മിനുവേണ്ടി ജീവൻ വെടിയാനൊരുക്കം –മുഹമ്മദ് ഇഖ്ബാല്‍
text_fieldsവടകര: കേരള കോണ്‍ഗ്രസ് -എമ്മിനു കൊടുത്തതിനെതിരായ പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥിയുണ്ടാകുമെന്ന പ്രതീക്ഷ പാടെ മങ്ങി.
മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് -എം സ്ഥാനാര്‍ഥിയായി അഡ്വ. മുഹമ്മദ് ഇഖ്ബാല്‍ തന്നെ രംഗത്തുണ്ടാകും. ഇതുസംബന്ധിച്ച പ്രഖ്യാപനം ഞായറാഴ്ച പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി നടത്തിയേക്കും. ഇതിനകമുണ്ടായ പ്രതിഷേധങ്ങളെല്ലാം സ്വാഭാവികമാണെന്നാണ് സി.പി.എം വിലയിരുത്തല്‍.
ഇതിനിടെ, ചില പാര്‍ട്ടി വിരുദ്ധര്‍ പ്രവര്‍ത്തകരുടെ വികാരത്തെ ഇളക്കി വിടുകയായിരുന്നുവെന്നും, അത്തരം, ഇടപെടലുകള്‍ ഉള്ളതുകൊണ്ട് മാത്രമാണ് കാര്യങ്ങള്‍ വഷളായതെന്നുമാണ് നേതൃത്വം പറയുന്നത്. തുടര്‍ പ്രതിഷേധത്തിനു സാധ്യതയില്ലെന്നുമാണ് നേതാക്കള്‍ പറയുന്നത്. സി.പി.എമ്മിനു ദോഷം ചെയ്യുന്ന തരത്തില്‍ പ്രതിഷേധം മാറുകയാണെങ്കില്‍ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് കേരള കോണ്‍ഗ്രസ് -എം തീരുമാനിച്ചിരുന്നു.
എന്നാല്‍, അത്തരം ചിന്തകള്‍ക്ക് പ്രസക്തിയില്ലെന്ന് സി.പി.എം നേതൃത്വം ഉറപ്പു നല്‍കിയിരിക്കുകയാണ്. നിലവിലുണ്ടായ വിഷയങ്ങള്‍ ഞായറാഴ്ച നടക്കുന്ന വിശദീകരണയോഗത്തോടെ അവസാനിക്കുമെന്ന കണക്കു കൂട്ടലിലാണ് സി.പി.എം. ഇതോടൊപ്പം, ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റികളില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും.
വെള്ളിയാഴ്ച രാവിലെ ആയഞ്ചേരി സി.പി.എം ഓഫിസില്‍ ഇടതുമുന്നണി കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി യോഗം ചേർന്നു. പ്രതിഷേധങ്ങളെ കുറിച്ച് പരാമര്‍ശിക്കാതെ, ഇത്തിരി വൈകിയ സാഹചര്യത്തില്‍ ഇനി വിശ്രമം പാടില്ലെന്ന് സി.പി.എം നേതാക്കള്‍ യോഗത്തെ ബോധ്യപ്പെടുത്തി. മണ്ഡലം തിരിച്ചുപിടിക്കുക മാത്രമാണ് അജണ്ട.
20നകം ബൂത്തുതല കണ്‍വെന്‍ഷനുകളും 25നകം കുടുംബയോഗവും പൂര്‍ത്തിയാക്കും. ഏപ്രില്‍ രണ്ടിനകം റാലികള്‍ നടത്താനും തീരുമാനമായി. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം കെ.പി. കുഞ്ഞമ്മദ് കുട്ടി, ജില്ല കമ്മിറ്റി അംഗങ്ങളായ കെ.കെ. ദിനേശന്, പി.കെ. ദിവാകരന് എന്നിവരാണ് യോഗത്തിനുണ്ടായിരുന്നത്.
വടകര: കുറ്റ്യാടി മണ്ഡലത്തില്‍ മത്സരിക്കുന്നതോടെ, സി.പി.എമ്മിനുവേണ്ടി ജീവന് വെടിയാന്‍ വരെ തയാറാണെന്ന് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന അഡ്വ. മുഹമ്മദ് ഇഖ്ബാല്‍ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി തെൻറ പ്രധാന പ്രവര്‍ത്തനമേഖലയായ പേരാമ്പ്ര സീറ്റ് ആവശ്യപ്പെടാത്തത് മന്ത്രി ടി.പി. രാമകൃഷ്ണന് പ്രയാസമുണ്ടാകാതിരിക്കാനാണ്. കേഡര്‍ പാര്‍ട്ടിയെന്ന നിലയില്‍ സി.പി.എമ്മില്‍ പൂര്‍ണ വിശ്വാസമാണ്.
കുറ്റ്യാടിയിലെ സാധാരണക്കാരായ പ്രവര്‍ത്തകരുടെ പ്രതിഷേധമാണ് പുറത്തുവന്നത്. പാര്‍ട്ടിയുടെ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിലുള്ള പ്രതിഷേധം സ്വാഭാവികമാണ്. പ്രവര്‍ത്തകരുടെ വികാരം മാനിക്കുന്നു. പാര്‍ട്ടി അണികള്‍ക്ക് മുന്നണി ബന്ധങ്ങളെ കുറിച്ച് കൂടുതലായി അറിയില്ല. സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍, അന്തിമ തീരുമാനം ജോസ് കെ. മാണിയുടേതാണെന്നും മുഹമ്മദ് ഇഖ്ബാല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.