സ്വപ്നങ്ങൾ ബാക്കി; ബിനോയ് തോമസിന് വിട നൽകി നാട്
text_fieldsചാവക്കാട്: ജീവിതത്തിലെ വലിയ സ്വപ്നങ്ങൾ ബാക്കിയാക്കി അന്ത്യയാത്രയായ ബിനോയ് തോമസിന് നാടിന്റെ അന്ത്യാഞ്ജലി. നൂറുകണക്കിന് പേരാണ് ബിനോയിയെ അവസാനമായി ഒരുനോക്ക് കാണാൻ പാലയൂരിലെത്തിയത്. പാവപ്പെട്ട ജനങ്ങൾ തിങ്ങിത്താമസിക്കുന്ന തെക്കൻ പാലയൂരിലെ കഞ്ഞിപ്പാടത്തെ ചതുപ്പുനിലത്ത് കെട്ടിയ ഒറ്റമുറി വീട്. വാഹനങ്ങൾക്ക് ശരിയാംവിധം കടന്നുപോകാനാകാത്ത നടപ്പാതയാണ് വീട്ടിലേക്കുള്ളത്. കൂടുതൽ സൗകര്യം വേണമെന് ആരും ആഗ്രഹിച്ചുപോകുന്ന സാഹചര്യം. നല്ലൊരു വീടും പരിസരവുമെന്ന സ്വപ്നമാണ് നാലംഗ കുടുംബത്തിന്റെ ഗൃഹനാഥൻ ബിനോയ് തോമസിനെ കുവൈത്തിലെത്തിച്ചത്. വീടുവിട്ടിറങ്ങി ഒരാഴ്ച പൂർത്തിയാക്കും മുമ്പേ കുവൈത്തിലെ മംഗഫിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ആ സ്വപ്നങ്ങളൊക്കെയും കത്തിയമരുകയായിരുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് ബിനോയ് തോമസിന്റെ (44) മൃതദേഹം വഹിച്ചുള്ള ആംബുലൻസ് വെള്ളിയാഴ്ച 2.30ഓടെയാണ് തെക്കൻ പാലയൂരിലെ വീട്ടിലെത്തിയത്. രാവിലെ 10.30ഓടെ എത്തുമെന്ന മുൻ തീരുമാനത്തെ തുടർന്ന് സമൂഹത്തിലെ നാനാതുറകളിലും പെട്ട സ്ത്രീപുരുഷന്മാർ ബിനോയ് തോമസിന്റെ വീട്ടുമുറ്റത്തേക്ക് ഒഴുകിയെത്തി വെയിലത്ത് കാത്തുനിൽക്കുകയായിരുന്നു.
എൻ.കെ. അക്ബർ എം.എൽ.എ, മുൻ എം.പി ടി.എൻ. പ്രതാപൻ, നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത്, ഡി.സി.സി മുൻ പ്രസിഡന്റ് ജോസ് വള്ളൂർ, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ്, സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി. ശിവദാസൻ, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് എ.കെ. അസ്ലം, നേതാക്കളായ സി.ആർ. ഹനീഫ, റസാഖ് ആലുംപടി, നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുസ്റക്ക്, കൗൺസിലർമാർ തുടങ്ങിയവർ മൃതദേഹം ഏറ്റുവാങ്ങാൻ ഏറെനേരം കാത്തുനിന്നു. മൃതദേഹമെത്തിയപ്പോൾതന്നെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സ്ഥലത്തെത്തി. ബിനോയിയുടെ മാതാപിതാക്കളായ തോപ്പിൽ വീട്ടിൽ തോമസ് ബാബു, മോളി എന്നിവർക്കൊപ്പം ബന്ധുക്കളും തിരുവല്ലയിൽനിന്ന് മൃതദേഹത്തെ അനുഗമിച്ചെത്തിയിരുന്നു.
സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ്, ജില്ല സെക്രട്ടേറിയറ്റ് അംഗം വർഗീസ് കണ്ടംകുളത്തി, ജില്ല കമ്മിറ്റി അംഗം സി. സുമേഷ്, ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, മഹിളമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത, ബി.ജെ.പി സംസ്ഥാന ട്രഷറർ കെ.കെ. നാഗേഷ്, ജില്ല പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, ജില്ല പൊലീസ് എസ്.പി അഡ്മിനിട്രേറ്റർ ജോളി ചെറിയാൻ, ചാവക്കാട് ഐ.എസ്.എച്ച് ഒ.എ. പ്രതാപ്, തഹസിൽദാർ ടി.പി. കിഷോർ തുടങ്ങിയവരും അന്ത്യോപചാരമർപ്പിക്കാനെത്തി. പൊതുദർശനത്തിനു ശേഷം പ്രാർഥനകർമങ്ങൾ നടന്നു. തുടർന്ന് കുന്നംകുളം വിനഗൽ ഗാർഡൻ സെമിത്തേരിയിലേക്ക് സംസ്കാരത്തിനായി കൊണ്ടുപോയി.
ഞെട്ടൽ മാറാതെ മുൻ സ്ഥാപന ഉടമയും സഹപ്രവർത്തകരും
ചാവക്കാട്: ബിനോയിയുടെ മരണവാർത്തയറിഞ്ഞ ഞെട്ടൽ മാറാതെ മുൻ സഹപ്രവർത്തകരും പാവറട്ടിയിലെ സ്ഥാപന ഉടമയും. വിദേശത്ത് പോകുന്നതിനുമുമ്പ് അഞ്ചു വർഷത്തോളം ഒപ്പം ജോലി ചെയ്ത ബിനോയ് തോമസിന്റെ മൃതദേഹത്തിനടുത്തെത്തിയപ്പോൾ അവർ ഉള്ളിലെ വിങ്ങൽ ഒതുക്കി നിർത്തുകയായിരുന്നു.
പുറത്തിറങ്ങിയതോടെ അവർക്ക് നിയന്ത്രണം വിട്ടു. നെഞ്ച് പിളർക്കും കാഴ്ചയായിരുന്നു അത്. ബിനോയ് തോമസിന്റെ നാട്ടിൽനിന്ന് (തിരുവല്ല) മാതാപിതാക്കൾക്കൊപ്പം വന്ന ഉറ്റ ബന്ധുക്കളായിരിക്കും അവരെന്നാണ് പലരും കരുതിയത്. ഒരാളോട് ചോദിച്ചപ്പോഴാണ് അവരെല്ലാം ബിനോയിക്കൊപ്പം അഞ്ചു വർഷം ജോലി ചെയ്തിരുന്നവരാണെന്നറിഞ്ഞത്.
തൊട്ടടുത്ത് തന്നെ പാവറട്ടി പുതുമനശ്ശേരിവട്ടം പറമ്പിൽ വീട്ടിൽ രാജീവ് എന്ന പാവറട്ടി ആശ ഫൂട്ട് വെയർ സ്ഥാപന ഉടമ എല്ലാം നഷ്ടപ്പെട്ട ഭാവത്തിൽ തേങ്ങുന്നുണ്ട്. മന്ന് സ്ഥാപനങ്ങളാണ് രാജീവിന്. മൂന്നിലുമായി 20 ജോലിക്കാരാണ്. പ്രധാന സ്ഥാപനത്തിലാണ് ബിനോയ് ജോലി ചെയ്തിരുന്നത്. ഒരു ദിവസവും മുടങ്ങാതെ കൃത്യസമയത്ത് തന്നെ ജോലിക്കെത്തി ആത്മാർഥതയോടെയാണ് ബിനോയ് പ്രവർത്തിച്ചിരുന്നതെന്ന് രാജീവ് പറഞ്ഞു. ആറ് ദിവസമേ കുവൈത്തിൽ നിന്നുള്ളുവെങ്കിലും രാജീവ് ഉൾപ്പെടെ എല്ലാവരെയും ബിനോയ് വിളിച്ചിരുന്നു.
നല്ല ജോലിയാണ്, സുഖമാണെന്നുമറിയിച്ചിരുന്നു. അതിനിടയിലാണ് വെള്ളിടി പോലെ മരണവാർത്തയെത്തുന്നത് -രാജീവ് പറഞ്ഞു. അവിടെയുണ്ടായിരുന്ന സഹപ്രവർത്തകർ വാക്കുകൾ കുടുങ്ങി കരയുകയായിരുന്നു.
ബിനോയിയുടെ കുടുംബത്തിന് ടോംയാസിന്റെ ഒരു ലക്ഷം
തൃശൂര്‍: കുവൈത്ത് തീപിടിത്ത ദുരന്തത്തില്‍ മരിച്ച ചാവക്കാട് തെക്കന്‍ പാലയൂര്‍ സ്വദേശി ബിനോയ് തോമസിന്റെ (44) കുടുംബത്തിന് ടോംയാസ് പരസ്യ ഏജന്‍സി ഉടമ തോമസ് പാവറട്ടി ഒരു ലക്ഷം രൂപ സഹായം നല്‍കും. തിങ്കളാഴ്ച വീട്ടിലെത്തി സഹായധനം കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.