മടക്കമില്ലാത്ത പ്രവാസത്തിലേക്ക് ലൂക്കോസ് യാത്രയായി
text_fieldsകൊട്ടിയം: ഉറ്റവരെയും ഉടയവരെയും കണ്ണീർക്കയത്തിലാക്കി ഒരിക്കലും മടക്കമില്ലാത്ത പ്രവാസത്തിലേക്ക് ലൂക്കോസ് യാത്രയായി. ഒരു നാടിന്റെയാകെ തേങ്ങലുകളും കണ്ണീർതുള്ളികളും ഏറ്റുവാങ്ങിയാണ് ലൂക്കോസ് പോയത്. കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച വെളിച്ചിക്കാല വടകോട്ട് വിളയിൽ വീട്ടിൽ ലൂക്കോസിന്റെ മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരി എയർപോർട്ടിൽനിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി കൊട്ടിയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്നു.
ശനിയാഴ്ച രാവിലെ എട്ടോടെ വിലാപയാത്രയായി വെളിച്ചിക്കാലയിലെ വീട്ടിലെത്തിച്ചു. വീടും പരിസരത്തെ റോഡും അന്തിമോപചാരമർപ്പിക്കാൻ എത്തിയവരെ കൊണ്ട് നിറഞ്ഞിരുന്നു. ഭാര്യയെയും മക്കളെയും മാതാപിതാക്കളെയും കാണിച്ച ശേഷമാണ് പൊതുദർശനത്തിനായി മൃതദേഹം പുറത്ത് തയാറാക്കിയ പന്തലിലേക്ക് വെച്ചത്. ബി.എസ്സി നഴ്സിങ് പഠനത്തിനായി ബംഗളൂരുവിൽ ചേർക്കുന്നതിന് ഉടനെ തന്നെ എത്താമെന്ന് ഏറ്റിരുന്ന പിതാവിന്റെ ചേതനയറ്റ ശരീരം കണ്ടപ്പോൾ മകൾ ലിഡിയയുടെയും ഭാര്യ ഷൈനിയുടെയും ഇളയ മകൾ ലോയിസിന്റെയും അലമുറയിട്ടുള്ള നിലവിളി കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.
ലൂക്കോസിന്റെ ചിത്രവും കൈയിൽ വെച്ചു ഇതുതന്റെ പപ്പയല്ലെന്നുള്ള ലിഡിയയുടെ നിലവിളിയിൽ ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്ക് ഏറെ പാടുപെടേണ്ടിവന്നു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്, ജി.എസ്. ജയലാൽ, മുഖത്തല ബ്ലോക്ക് പഞ്ചായത്തംഗം ഫൈസൽ കുളപ്പാടം, പഞ്ചായത്തംഗം ഷാജി ലൂക്കോസ്, ഡി.വൈ.എഫ്.ഐ നേതാവ് ബിജു, സി.പി.എം ഏരിയ സെക്രട്ടറി സന്തോഷ്, ലീഗ് ജില്ല ജനറൽ സെക്രട്ടറി സുൽഫിക്കർ സലാം, വിവിധ സഭകളിൽ നിന്നെത്തിയ പുരോഹിതർ, പാസ്റ്റർമാർ തുടങ്ങി നിരവധിപേർ അന്തിമോപചാരത്തിനെത്തി. ജില്ല ഭരണകൂടത്തിനുവേണ്ടി കലക്ടർ ദേവീദാസ് പുഷ്പചക്രമർപ്പിച്ചു.
വീട്ടിലെ ശുശ്രൂഷകൾക്കുശേഷം ഉച്ചക്ക് 12ഓടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂയപ്പള്ളി നാൽക്കവലയിലുള്ള ഐ.പി.സിയുടെ സെമിത്തേരിയിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.