നിതിനും മറഞ്ഞു; കൂത്തൂർ വീട്ടിൽ ഇനി ലക്ഷ്മണനും ലിജിനും മാത്രം
text_fieldsചെറുപുഴ: 15 വർഷം മുമ്പാണ് അമ്മ ഇന്ദിരയുടെ വേർപാട്. സ്വകാര്യ സ്കൂൾ ബസ് ഡ്രൈവറായ അച്ഛൻ ലക്ഷ്മണന് പിന്നെ ജീവിച്ചത് മക്കളായ ലിജിനും നിതിനും വേണ്ടി. കുവൈത്തിലെ ഫ്ലാറ്റിലുണ്ടായ അഗ്നിബാധയിൽ ഇപ്പോൾ നിതിനും മറഞ്ഞു. പെരിങ്ങോം വയക്കര കൂത്തൂര്‍ വീട്ടിൽ ഇനിയുള്ളത് ലക്ഷ്മണനും മകൻ ലിജിനും മാത്രം.
ലക്ഷ്മണനെ പോലെ മൂത്ത മകൻ ലിജിനും സ്വകാര്യ ബസ് ഡ്രൈവറാണ്. എല്ലാ പ്രതീക്ഷയും കുവൈത്തിലേക്ക് പോയ നിതിനിലായിരുന്നു. അടച്ചുറപ്പുള്ള വീട് പണിയണം. ആ വീട്ടിൽവെച്ച് വിവാഹം നടത്തണം. അങ്ങനെയങ്ങനെ... എല്ലാ സ്വപ്നങ്ങളും പാതിവഴിയിലാക്കിയാണ് നിതിന്റെ യാത്ര. റോഡ് സൗകര്യമില്ലാത്ത അഞ്ച് സെന്റ് സ്ഥലത്തെ കൊച്ചുവീട്ടില്‍നിന്ന് മാറണമെന്ന ആഗ്രഹമായിരുന്നു നിതിന്റെ മനസ്സ് നിറയെ. അങ്ങനെയാണ് നിതിൻ കുവൈത്തിലേക്ക് പറന്നത്. കഴിഞ്ഞവര്‍ഷം നാട്ടിലെത്തിയപ്പോള്‍ പുതിയ വീടിന്റെ തറയുടെ നിര്‍മാണം പൂര്‍ത്തിയാക്കി.
അസൗകര്യങ്ങളുടെ നടുവിലാണ് വയക്കര അംഗൻവാടിക്ക് സമീപം ഇപ്പോള്‍ താമസിക്കുന്ന വീട്. ചെങ്കല്ല് കൊണ്ട് കെട്ടിയ വീട്ടില്‍ രണ്ടു മുറികളും ചെറിയ ഹാളും പേരിന് അടുക്കളയും മാത്രമാണുള്ളത്. വീട്ടിലേക്ക് ഇരുചക്രവാഹനമെങ്കിലും എത്തുന്ന ഒരു വഴി വേണമെന്നത് നിതിന്റെ വലിയ ആഗ്രഹമായിരുന്നു. സ്ഥലം വാങ്ങി വീട് വെക്കാന്‍ വലിയ തുക കണ്ടെത്തുക പ്രയാസമായതിനാല്‍ ഏറ്റവുമടുത്ത ബന്ധു നല്കിയ 10 സെന്റ് സ്ഥലത്താണ് വീട് നിർമാണം തുടങ്ങിയത്. ബാങ്ക് ലോണും പാസായി. കല്ലുമിറക്കി.
കഴിഞ്ഞവര്‍ഷമാണ് നിതിന്‍ നാട്ടിൽ വന്നത്. വയക്കര മുണ്ട്യയിലെ ഒറ്റക്കോല മഹോത്സവത്തില്കൂടി പങ്കെടുക്കാനുള്ള ആഗ്രഹത്തോടെയാണ് വന്നത്. വയക്കര പ്രദേശത്തുനിന്നും പുറംനാടുകളില്‍ ജോലി ചെയ്യുന്നവരില്‍ ബഹുഭൂരിപക്ഷം പേരും മുണ്ട്യയിലെ ഉത്സവത്തിനെത്താറുണ്ട്.
കമ്പനിയുടെ തന്നെ മറ്റൊരു ഫ്ലാറ്റില്‍ താമസിച്ചിരുന്ന നിതിന്‍ അപകടത്തിന് നാലുദിവസം മുമ്പാണ് തീപിടിച്ച ഫ്ലാറ്റിലേക്ക് താമസം മാറിയത്. കമ്പനിയിലെ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവറായിരുന്ന നിതിന്റെ ജോലി സൗകര്യാര്‍ഥമാണ് പുതിയ ഫ്ലാറ്റിലേക്ക് മാറ്റിയത്. അതുപക്ഷേ, വലിയ ദുരന്തത്തിലേക്കുള്ള യാത്രയായി. ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയായിരുന്ന നിതിൻ സജീവ പൊതുപ്രവർത്തകനായിരുന്നു. ചേതനയറ്റ നിതിന്റെ ശരീരം കൂത്തൂർ വീട്ടിലെത്തിയപ്പോൾ നാടാകെ വിതുമ്പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.