അവശേഷിക്കുന്നത് നിതിന്റെ വീടെന്ന സ്വപ്നം
text_fieldsചെറുപുഴ (കണ്ണൂർ): അടച്ചുറപ്പുള്ള നല്ലൊരു വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് പെരിങ്ങോം വയക്കര സ്വദേശി കൂത്തൂര്‍ നിതിന്റെ മടക്കം. അഞ്ചുവർഷമായി കുവൈത്തിലെ നിര്‍മാണ കമ്പനിയില്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവറായി ജോലി ചെയ്തുവരുന്നതിനിടെയാണ് ആകസ്മിക വിയോഗം.
വയക്കര ചേട്ടൂര്‍ കാവിന് സമീപം പുതിയ വീട് നിര്‍മിക്കാനുള്ള തയാറെടുപ്പിലായിരുന്നു. ഇതിനായി തറയുടെയും കുഴൽക്കിണറിന്റെയും നിര്‍മാണം പൂര്‍ത്തിയാക്കി. ബാങ്ക് ലോണും പാസായി. ഭിത്തി നിർമാണത്തിനുള്ള ചെങ്കല്ലുമിറക്കി. കഴിഞ്ഞവര്‍ഷം വയക്കര മുണ്ട്യയില്‍ ഒറ്റക്കോല മഹോത്സവത്തിന് നാട്ടിലെത്തിയിരുന്നു. അപ്പോഴും വീടിന്റെ ബാക്കി പണികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന ആഗ്രഹം കുടുംബാംഗങ്ങളോട് പങ്കുവെച്ചു. അടുത്ത ബന്ധുവും വിമുക്തഭടനുമായ സി.വി. പ്രമോദ് കുവൈത്തില്‍ ഇതേ കമ്പനിയില്‍ ഏതാനും വര്‍ഷം ജോലിചെയ്തിരുന്നു. പ്രമോദാണ് നിതിനെയും കുവൈത്തിലേക്ക് കൊണ്ടുപോയത്.
ദിവസവും വീട്ടിലേക്ക് വിളിച്ച് സംസാരിക്കുകയും സുഹൃത്തുക്കള്‍ക്ക് എല്ലാ ദിവസവും മെസേജ് അയക്കുകയും ചെയ്യാറുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. നിതിന്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായതെന്ന് അറിഞ്ഞതുമുതല്‍ ആശങ്കയിലായിരുന്നു കുടുംബാംഗങ്ങള്‍. വ്യാഴാഴ്ച വൈകീട്ടോടെയാണ് മരണം സ്ഥിരീകരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. നാട്ടിലെത്തിയാല്‍ പൊതുകാര്യങ്ങളിലെല്ലാം സജീവമായി ഇടപെടുന്ന നിതിൻ ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു. മികച്ചൊരു പൊതുപ്രവർത്തകന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് നാട്.
സിബിന്റെ വിയോഗം മകളുടെ ഒന്നാം പിറന്നാളിന് വരാനിരിക്കെ
മല്ലപ്പള്ളി: കുവൈത്തിലെ തൊഴിലാളി ക്യാമ്പ് കെട്ടിടത്തിൽ തീപിടിച്ചു മരിച്ച തേവരോട്ട് സിബിന് ടി. എബ്രഹാം (31) ആഗസ്റ്റിൽ ഏക മകളുടെ ഒന്നാം പിറന്നാളിന് നാട്ടിൽ വരാനിരിക്കുകയായിരുന്നു. എൻ.ബി.ടി.സി കമ്പനിയിൽ ഒമ്പതുവർഷമായി ജീവനക്കാരനാണ്. ഭാര്യാമാതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ജനുവരിയിൽ നാട്ടിലെത്തി ഫെബ്രുവരിയിലാണ് മടങ്ങിയത്. മകളുടെ മാമോദീസയും ആ സമയത്ത് നടത്തിയിരുന്നു. അഞ്ജുമോളാണ് ഭാര്യ. ഏകമകൾ ഐറിന് ഒമ്പതുമാസമേ ആയിട്ടുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.