സഹപ്രവർത്തകരെ വിളിച്ചുണർത്തി; നൂഹിന് രക്ഷപ്പെടാനായില്ല
text_fieldsതിരൂർ: കുവൈത്ത് ദുരന്തത്തിനിരയായവരിൽ കൂട്ടായി കോതപ്പറമ്പ് സ്വദേശി കുപ്പന്റെ പുരക്കൽ നൂഹുമുണ്ടായിരുന്നെന്ന വിവരമറിഞ്ഞതിന്റെ നടുക്കം മാറാതെ ബന്ധുക്കളും നാട്ടുകാരും. അപകടത്തിൽപെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് നൂഹ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
തീ പടരുന്നത് കണ്ട നൂഹാണ് മറ്റു സഹപ്രവർത്തകരെ വിളിച്ചുണർത്തിയത്. പിന്നീട് നൂഹിനെ കാണാതായി. തിരച്ചിൽ നടത്തിയ ബന്ധുക്കൾ ആശുപത്രിയിലെത്തിയപ്പോഴാണ് മരണവിവരമറിഞ്ഞത്.
കുവൈത്തിൽ ജോലി ചെയ്യുന്ന നൂഹിന്റെ സഹോദരങ്ങളാണ് വിവരം നാട്ടിലറിയിച്ചത്. മത്സ്യത്തൊഴിലാളിയായിരുന്ന നൂഹ് 11 വർഷമായി പ്രവാസിയാണ്.
ആദ്യ ശമ്പളത്തിനു പിന്നാലെ ദുരന്തവാർത്ത
പുനലൂർ: ഒന്നര മാസം മുമ്പ് കടൽ കടന്ന സാജന്റെ മടക്കം ഗ്രാമത്തിന്റെയാകെ പൊള്ളുന്ന നെഞ്ചിലേക്ക്. കുവൈത്ത് തീപിടിത്തത്തിൽ ജീവൻ പൊലിഞ്ഞ പുനലൂർ വാഴവിള സ്വദേശി സാജൻ ജോർജിന്റെ വേർപാട് നരിക്കൽ ഗ്രാമത്തിന് തീരാദുഃഖമായി. ആദ്യ ശമ്പളം ലഭിച്ചത് പിതാവിന് അയച്ച് കിട്ടിയതിനു തൊട്ടുപിന്നാലെയെത്തിയ ദുരന്ത വാർത്ത കുടുംബത്തിനും ബന്ധുക്കൾക്കും നാട്ടുകാർക്കും താങ്ങാനാകുന്നില്ല.
ദുരന്തവാർത്ത അറിഞ്ഞതു മുതൽ വാഴവിള അടിവള്ളൂർ സാജൻവില്ല പുത്തൻവീട്ടിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു. മകന്റെ ദാരുണ വേർപാടിന്റെ ദുഃഖത്തിൽ നെഞ്ചുരുകി നിൽക്കുന്ന പിതാവ് ജോർജ് പോത്തനെയും മാതാവ് വത്സമ്മയെയും ആശ്വാസിപ്പിക്കാൻ ആർക്കും കഴിയുമായിരുന്നില്ല.
കെമിക്കൽ എൻജിനീയറിങ്ങിൽ എം.ടെക് ബിരുദദാരിയായ സാജൻ അടൂരിലെ സ്വകാര്യ എൻജിനീയറിങ് കോളജിൽ അസി. പ്രഫസറായിരുന്നു. ഒന്നര മാസം മുമ്പാണ് കുവൈത്തിലേക്ക് പോയത്. ഒരു മാസത്തെ ശമ്പളം കഴിഞ്ഞ അഞ്ചിന് പിതാവിന് അയച്ചിരുന്നു.
ചൊവ്വാഴ്ച രാത്രി എട്ടരയോടെ വിളിച്ച് മാതാപിതാക്കളുമായി ഏറെനേരം ഫോണിൽ സംസാരിച്ചു. പിറ്റേന്ന് പുലർച്ചയാണ് ദുരന്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.