കണ്ണീരണിഞ്ഞ് കേരളം; ചേതനയില്ലാതെ അവർ ജന്മനാട്ടിൽ...
text_fieldsനെടുമ്പാശ്ശേരി: കുവൈത്തിൽ തീപിടിത്ത ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കൊച്ചിയിൽ നിന്നും പൊലീസ് അകമ്പടിയോടെ വീടുകളിലെത്തിച്ചു. 23 മലയാളികളുടെ മൃതദേഹങ്ങളാണ് രാവിലെ പത്തരയോടെ വ്യോമസേന വിമാനത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചത്. തുടർന്ന് മൃതദേഹങ്ങൾ ഏറ്റുവാങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാർ അടക്കമുള്ളവർ അന്തിമോപചാരം അർപ്പിച്ചു.
തുടർന്ന് ജില്ല ഭരണകൂടങ്ങൾ ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ പ്രത്യേക ആംബുലൻസിൽ പൊലീസ് അകമ്പടിയോടെ ജന്മനാട്ടിലെത്തിച്ചു. 12 പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. അഞ്ച് പത്തനംതിട്ട സ്വദേശികളുടെ മൃതദേഹം കലക്ടറുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.
കേരളത്തിലെ 23 പേരുടെ കൂടാതെ തമിഴ്നാട്ടിലെ ഏഴു പേരുടെയും കർണാടകയിലെ ഒരാളുടെയും മൃതദേഹങ്ങളും കൊച്ചിയിൽ എത്തിച്ചിരുന്നു. ഈ മൃതദേഹങ്ങൾ അതാത് സർക്കാർ പ്രതിനിധികൾ ഏറ്റുവാങ്ങി മരിച്ചവരുടെ സ്വദേശത്തേക്ക് ആംബുലൻസ് മാർഗം കൊണ്ടുപോയി. തമിഴ്നാട് സ്വദേശികളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ സംസ്ഥാന ന്യൂനപക്ഷ, പ്രവാസിക്ഷേമ മന്ത്രി കെ.എസ്. മസ്താനും എത്തിയിരുന്നു.
മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി രാവിലെ അഞ്ചു മണിയോടെ കുവൈത്തിൽ നിന്നും പുറപ്പെട്ട വ്യോമസേന വിമാനം പത്തരയോടെ കൊച്ചിയിലെത്തിയത്. 23 മലയാളികളുടെ കൂടാതെ തമിഴ്‌നാട് 7, ആന്ധ്രാപ്രദേശ് 3, യു.പി 3, ഒഡീഷ 2, ബിഹാർ 1, പഞ്ചാബ് 1, കർണാടക 1, മഹാരാഷ്ട്ര 1, പശ്ചിമ ബംഗാൾ 1, ജാർഖണ്ഡ് 1, ഹരിയാന 1 എന്നിങ്ങനെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ മൃതദേഹങ്ങളാണ് വിമാനത്തിലുള്ളത്. അപകടത്തിൽ മരിച്ച 49 പേരിൽ 46 പേരും ഇന്ത്യക്കാരാണ്. കൊച്ചിയിലെത്തിയ വ്യോമസേന വിമാനം മലയാളികളുടെ മൃതദേഹങ്ങൾ കൈമാറിയ ശേഷം ഡൽഹിയിലേക്ക് പുറപ്പെട്ടു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് അനുഗമിക്കുന്നുണ്ട്.
അപകടത്തിൽ 23 മലയാളികളടക്കം 49 പേരാണ് മരിച്ചത്. ഏഴ് മലയാളികൾ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കേരളത്തിൽ നിന്നുള്ള 30 പേർക്ക് പരിക്കേറ്റതായാണ് അനൗദ്യോഗിക കണക്കെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. ഐ.സി.യുവിൽ കഴിയുന്ന ഏഴു പേരിൽ നാലു പേർ കേരളീയരാണെന്നും മന്ത്രി വ്യക്തമാക്കി.
ബുധനാഴ്ച പുലർച്ച നാലു മണിക്കാണ് കുവൈത്തിലെ മൻഗഫ് ബ്ലോക്ക് നാലിലെ തൊഴിലാളി ക്യാമ്പിൽ തീപിടിച്ചത്. പ്രവാസി മലയാളി വ്യവസായി കെ.ജി. എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എന്‍.ബി.ടി.സിയിലെയും ഹൈവേ സൂപ്പര്‍ മാര്‍ക്കറ്റിലെയും ജീവനക്കാരാണ് ദുരന്തത്തില്‍പെട്ടത്.
കെട്ടിടത്തിൽ 196 പേരായിരുന്നു താമസിച്ചിരുന്നത്. കെട്ടിടത്തിൽ തീയും പുകയും നിറഞ്ഞതോടെ ശ്വാസംമുട്ടിയാണ് കൂടുതൽ മരണങ്ങളും. തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്നും ചിലർ താഴേക്ക് ചാടുകയും ചെയ്തു. തൊഴിലാളികൾ ഉറങ്ങുന്നതിനിടെയാണ് തീപിടിത്തമുണ്ടായത് മരണസംഖ്യ ഉയരാൻ കാരണമായി.
കോട്ടയം ചങ്ങനാശ്ശേരി ഇത്തിത്താനം കിഴക്കേടത്ത് പ്രദീപ്-ദീപ ദമ്പതികളുടെ മകന് പി. ശ്രീഹരി (27), പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കൽ പരേതരായ ബാബു വർഗീസിന്റെയും കുഞ്ഞേലിയമ്മയുടെയും മകൻ ഷിബു വർഗീസ് (38), പത്തനംതിട്ട തിരുവല്ല പെരിങ്ങര പഞ്ചായത്തിൽ മേപ്രാൽ മരോട്ടിമൂട്ടിൽ ചിറയിൽ വീട്ടിൽ ഉമ്മൻ-റാണി ദമ്പതികളുടെ മകൻ ജോബി എന്ന തോമസ് സി. ഉമ്മൻ (37), മല്ലപ്പള്ളി കീഴ്വായ്പൂര് തേവരോട്ട് എബ്രഹാം മാത്യു-പരേതയായ ആലീസ് ദമ്പതികളുടെ മകൻ സിബിന് ടി. എബ്രഹാം (31), തിരുവല്ല പ്ലാംചുവട്ടിൽ കുടുംബാംഗവും ആലപ്പുഴ ചെങ്ങന്നൂർ പാണ്ടനാട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ മനക്കണ്ടത്തിൽ ഗീവർഗീസ് തോമസിന്റെ മകനുമായ മാത്യു തോമസ് (53), തിരുവനന്തപുരം നെടുമങ്ങാട് ഉഴമലയ്ക്കൽ കുര്യാത്തി ലക്ഷം വീട് കോളനിയിൽ അരുൺ ബാബു (37),
മലപ്പുറം പുലാമന്തോൾ തിരുത്തിൽ താമസിക്കുന്ന മരക്കാടത്ത് പറമ്പിൽ വേലായുധന്റെ മകൻ ബാഹുലേയൻ (36), തിരൂർ കൂട്ടായി കോതപ്പറമ്പ് സ്വദേശി കുപ്പന്റെ പുരക്കൽ നൂഹ് (42), തൃശൂർ ചാവക്കാട് തെക്കൻ പാലയൂരിൽ താമസിക്കുന്ന തിരുവല്ല തോപ്പിൽ തോമസ് ബാബുവിന്റെ മകൻ ബിനോയ് തോമസ് (44), കണ്ണൂർ ധർമടം കോർണേഷൻ ബേസിക് യു.പി സ്കൂളിന് സമീപം വാഴയിൽ വീട്ടിൽ പരേതനായ കൃഷ്ണന്റെയും ഹേമലതയുടെയും മകൻ വിശ്വാസ് കൃഷ്ണൻ (34), പെരിങ്ങോം വയക്കര കൂത്തൂര്‍ ലക്ഷ്മണന്റെ മകൻ കൂത്തൂര്‍ നിതിന്‍ (27), കണ്ണൂർ സിറ്റി കുറുവ തറ സ്റ്റോപ്പിന് സമീപം ഉന്നൻകണ്ടി ഹൗസിൽ അനീഷ്കുമാർ (56), കൊല്ലം അഞ്ചാലുംമൂട് മതിലിൽ കന്നിമൂലയിൽ വീട്ടിൽ സുന്ദരൻ പിള്ളയുടെ മകൻ സുമേഷ് എസ്. പിള്ള (40), വർക്കല ഇടവ പാറയിൽ കാട്ടുവിള വീട്ടിൽ തങ്കപ്പൻ നായരുടെ മകൻ ശ്രീജേഷ് (32) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.