പ്രവാസസ്വപ്നങ്ങൾ പൊലിഞ്ഞു; ഉള്ളുരുകും വേദനയിൽ അരുൺ ബാബുവിന് വിട
text_fieldsനെടുമങ്ങാട്: സ്വപ്നങ്ങളും പ്രതീക്ഷകളും പ്രവാസലോകത്ത് ഉപേക്ഷിച്ച് കുവൈത്ത് ദുരന്തത്തിൽപെട്ട് ചേതനയറ്റെത്തിയ ഉഴമലക്കൽ ലക്ഷംവീട് കോളനിയിൽ അരുൺ ബാബുവിന് ഉള്ളുരുകും വേദനയിൽ നാട് വിടചൊല്ലി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് നാലോടെ നെടുമങ്ങാട് പൂവത്തൂരിലെ അരുൺ ബാബുവിന്റെ ഭാര്യാവീട്ടിലെത്തിച്ചു. നെഞ്ചുപൊട്ടി കരഞ്ഞ പ്രിയപ്പെട്ടവളെയും പാറക്കമുറ്റാത മക്കളെയും ആശ്വസിപ്പിക്കാൻ കഴിയാതെ നാട്ടുകാർ മരവിച്ചുനിന്നു.
പൂവത്തൂരിലെ വീട്ടിൽ പത്തുമിനിറ്റ് നീണ്ട പൊതുദർശനത്തിൽ മന്ത്രി ജി.ആർ. അനിൽ, ജി. സ്റ്റീഫൻ എം.എൽ.എ, നെടുമങ്ങാട് ആർ.ഡി.ഒ, തഹസിൽദാർ തുടങ്ങിയവർ ആദരാഞ്ജലിയർപ്പിച്ചു. തുടർന്ന് മൃതദേഹം ഉഴമലക്കൽ കുര്യാതിയിലെ അരുൺ ബാബുവിന്റെ കുടുംബവീട്ടിലേക്ക് കൊണ്ടുപോയി. അമ്മയും സഹോദരനും ഇവിടെയാണ് താമസിക്കുന്നത്. വൈകീട്ട് 5.30ഓടെ സംസ്കരിച്ചു. അഞ്ചുവർഷം മുമ്പ് മരിച്ച പിതാവ് ബാബുവിനെ അടക്കിയതിനു സമീപത്താണ് അരുണിനും അന്ത്യവിശ്രമ സ്ഥാനമൊരുക്കിയത്.
സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ ബന്ധുക്കളുമുൾപ്പെടെ നിരവധിപ്പേർ കുര്യാതിയിൽ എത്തിയിരുന്നു. ജില്ല കലക്ടർ, സബ് കലക്ടർ, മുൻ എം.എൽ.എമാരായ കെ.എസ്. ശബരീനാഥ്, മാങ്കോട് രാധാകൃഷ്ണൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, വിതുര ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ, പഞ്ചായത്ത് പ്രസിഡന്റ് ലളിത തുടങ്ങിയവർ ആന്ത്യാഞ്ജലി അർപ്പിച്ചു.
കുവൈത്തിൽ എൻ.ബി.ടി.സി കമ്പനി ജീവനക്കാരുടെ ഫ്ലാറ്റിലുണ്ടായ തീപിടിത്ത വാർത്ത അറിഞ്ഞതുമുതൽ ബന്ധുക്കൾ അരുൺ ബാബുവിനെ ഫോണിൽ വിളിച്ചുകൊണ്ടിരുന്നു. ഫോൺ ബെല്ലടിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. അരുൺ ബാബു ഉൾപ്പെടെ എൻ.ബി.ടി.സി കമ്പനിയിലെ ജീവനക്കാർ താമസിക്കുന്ന ഫ്ലാറ്റിനു സമീപമാണ് മാതൃസഹോദരി എം.എസ്. ഷീജ താമസിച്ചിരുന്നത്.
മണി എക്സ്ചേഞ്ച് കമ്പനിയിൽ ഡപ്യൂട്ടി മാനേജരായ ഇവാരാണ് അരുണിനെ കുവൈത്തിലേക്ക് കൊണ്ടുപോയത്. നാട്ടിലുണ്ടായിരുന്ന ഇവർ സുഹൃത്തുക്കളോട് അരുൺ ബാബുവിനെ കുറിച്ച് തിരക്കുന്നുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ അരുണിന്റെ മരണം സ്ഥിരീകരിച്ച് വിവരമെത്തി. വാർത്ത അറിഞ്ഞതോടെ നാട്ടുകാർ വീട്ടിലേക്ക് ഒഴുകിയെത്തി. അരുൺ ബാബു എൻ.ബി.ടി.സി കമ്പനിയിൽ ഷോപ് അഡ്മിൻ ആയിരുന്നു. കോവിഡ് കാലത്ത് നാട്ടിൽ തിരിച്ചെത്തി. എട്ടുമാസം മുമ്പ് പുതിയ വീസയിലാണ് വീണ്ടും കുവൈത്തിൽ എത്തുന്നത്. മാർച്ചിൽ അവധിക്ക് നാട്ടിൽ വരാനിരിക്കുകയായിരുന്നു. കുവൈത്തിൽ പോകുംമുമ്പ് സജീവ സി.പി.എം പ്രവർത്തകനായിരുന്നു. നാട്ടിലെ എല്ലാ കാര്യങ്ങൾക്കും ഓടിയെത്തുമായിരുന്നു. അതുകൊണ്ട് വലിയ സുഹൃത്വലയത്തിനുടമയുമായിരുന്നു.
അരുണിന്റെ വിയോഗത്തിലൂടെ വീട്ടുകാർക്ക് ഏക അത്താണിയാണ് നഷ്ടമായത്. പിതാവിന്റെ മരണശേഷം കുടുംബം അരുൺ ബാബുവിന്റെ തണലിലായി. തുടർച്ചയായ വിയോഗങ്ങളുടെ വേദനയിൽകൂടിയാണ് കുടുംബം. ബംഗളൂരുവിൽ നഴ്സിങ് പഠനത്തിനിടെ പനി ബാധിച്ച് സഹോദരി അർച്ചന മരിച്ചു. വല്യമ്മയുടെ മകൾ ആതിരയുടെ ഒന്നാം ചരമവാർഷികം വെള്ളിയാഴ്ചയായിരുന്നു.
ശ്രീജേഷിന് നാടിന്റെ അന്ത്യാഞ്ജലി
വർക്കല: കുവൈത്ത് ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച വർക്കല ഇടവ പാറയിൽ കാട്ടുവിള വീട്ടിൽ ശ്രീജേഷിന് (34) നാട് കണ്ണീരോടെ വിട നൽകി. വെള്ളിയാഴ്ച രാവിലെ 10.45ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കി ആംബുലൻസിൽ വൈകീടെയാണ് ഇടവ പാറിയിലെ കുടുംബവീട്ടിൽ എത്തിച്ചത്. മൃതദേഹം കല്ലമ്പലത്തുവെച്ച് ഡെപ്യൂട്ടി കലക്ടർ ആർ. രാജലക്ഷ്മി, തഹസിൽദാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. മുൻകൂട്ടി നിശ്ചയിച്ചപ്രകാരം മൃതദേഹം നാലരയോടെ ശ്രീജേഷിന്റെ ഊന്നിൻമൂട് കെടാകുളത്തെ സഹോദരിയുടെ വീട്ടിലെത്തിച്ചു. അവിടെ പൊതുദർശനം നടക്കുമ്പോഴേക്കും അബൂദബിയിലായിരുന്ന സഹോദരി ആരതിയും ഭർത്താവ് രാജേഷും എത്തി. തുടർന്ന് മൃതദേഹം വീണ്ടും ആംബുലൻസിൽ കയറ്റി ഇടവയിലെ കുടുംബവീട്ടിൽ എത്തിച്ചു. അവിടെ നൂറുകണക്കിനുപേർ അന്ത്യോപചാരം അർപ്പിക്കാൻ കാത്തുനിന്നിരുന്നു.
കുടുംബവീടിനോട് ചേർന്ന് മൂന്നുവർഷം മുമ്പ് പുതിയ വീടിന് ശ്രീജേഷ് അടിസ്ഥാനം കെട്ടിയിരുന്നു. അതിന് മുകളിലാണ് മൃതദേഹം കിടത്താൻ നാട്ടുകാർ പന്തലുയർത്തിയത്. അവിടെ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് മൃതദേഹം കിടത്തി. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമടങ്ങുന്ന വൻജനാവലി ശ്രീജേഷിന് അന്ത്യോപചാരം അർപ്പിച്ചു. ജില്ല കലക്ടർ ജെറോമിക് ജോർജ്, അഡ്വ. വി. ജോയി എം.എൽ.എ, തഹസിൽദാർ അസീഫ് റിജു, പഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക് തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. രാത്രി ഏഴരയോടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. സഹോദരി ആരതി അവസാനമായി ഒരുനോക്ക് കാണാനെത്തിയപ്പോൾ കൂടിനിന്ന ബന്ധുക്കളും നാട്ടുകാരും സങ്കടം താങ്ങിനാവാതെ പൊട്ടിക്കരഞ്ഞു. സഹോദീഭർത്താവ് രാജേഷാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്.
രാവിലെ മന്ത്രി ജി.ആർ. അനിൽ ശ്രീജേഷിന്റെ കുടുംബവീട്ടിലെത്തി ബന്ധുക്കളെ അനുശോചനം അറിയിച്ചു. തുടർന്ന് അടൂർ പ്രകാശ് എം.പി, മുൻ എം.എൽ.എ വർക്കല കഹാർ, കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം. ഷെഫീർ, മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ എന്നിവരുമെത്തി.
വീടെന്ന സ്വപ്നം ബാക്കി; ഫൗണ്ടേഷനിൽ പൊതുദർശനം
വർക്കല: വീടെന്ന സ്വപ്നം ബാക്കിവെച്ച് ശ്രീജേഷ് മടങ്ങി. പുതിയ വീടിനായി നിർമിച്ച അടിസ്ഥാനത്തിന് മുകളിൽ നാട്ടുകാർ ഒരുക്കിയ സ്ഥലത്താണ് അന്ത്യോപചാരം ഏറ്റുവാങ്ങി തിരിച്ചുവരാത്ത യാത്രപോയത്. അമ്മയുടെ ഓഹരി സ്ഥലത്താണ് വീട് വെക്കാൻ അടിസ്ഥാനം നിർമിച്ചത്. പല കാരണങ്ങളാൽ പണി പൂർത്തീകരിക്കാനായില്ല. മാതാവ് ശ്രീദേവി (സീത) 15 വർഷം മുമ്പ് മരിച്ചു. പിതാവ് തങ്കപ്പൻനായരുടെ തണലിലാണ് ശ്രീജേഷും സഹോദരി ആരതിയും വളർന്നത്. മാനസികാസ്വാസ്ഥ്യമുള്ള തങ്കപ്പൻനായരെ ഇടക്കിടെ കാണാതാകും. രണ്ട് വർഷമായി തങ്കപ്പൻ നായരെ കാണാതായിട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.