അനീഷ് കുമാറിന് നാടിന്റെ യാത്രാമൊഴി
text_fieldsകണ്ണൂർ: കുവൈത്തിലെ മൻഗഫിൽ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറി (56) ന് വിട ചൊല്ലി നാട്. കണ്ണൂർ എ.കെ.ജി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ശനിയാഴ്ച രാവിലെ ഏഴരയോടെ കുറുവയിലെ കരാറിനകം സഹകരണ ബാങ്ക് ഹെഡ് ഓഫിസ് പരിസരത്ത് പൊതുദർശനത്തിന് വെച്ചു. നാടിന്റെ വിവിധ തുറകളിലുള്ളവർ അന്ത്യോപചാരം അർപ്പിച്ചശേഷം പത്തുമണിയോടെ വീട്ടിലെത്തിച്ചു.
കുടുംബാംഗങ്ങൾക്ക് അവസാനമായി ഒരു നോക്ക് കാണാനായി വീട്ടിനകത്തേക്കാണ് മൃതദേഹം ആദ്യം എത്തിച്ചത്. വീട്ടിലെ വികാര നിർഭരമായ രംഗങ്ങൾ കണ്ടുനിന്നവരെയും കണ്ണീരണിയിച്ചു. അൽപസമയത്തിന് ശേഷം മൃതദേഹം വീട്ടിനു പുറത്തെത്തിച്ചു. വീട്ടിൽ ഒരുമണിക്കൂർ നീണ്ട പൊതുദർശനത്തിനുശേഷം 12മണിയോടെ പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിച്ചു.
കോർപറേഷൻ മേയർ മുസ്‍ലിഹ് മഠത്തിൽ, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി, ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, ജില്ല കലക്ടർ അരുൺ കെ. വിജയൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹം വൈകിട്ടോടെ തന്നെ ജില്ലയിലെത്തിച്ചിരുന്നു. വിദേശത്തുള്ള സഹോദരൻ വരുന്നതിനാലാണ് സംസ്കാരം ഇന്നേക്ക് മാറ്റിയത്.
കുവൈത്തിലെ കമ്പനിയിൽ സൂപ്പർവൈസറായിരുന്ന അനീഷ് കുമാർ മേയ് 16നാണ് നാട്ടിൽവന്ന് തിരിച്ചുപോയത്. ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണയുടെയും പെരിങ്ങോം വയക്കര സ്വദേശി നിധിൻ കുത്തൂരിന്റെയും മൃതദേഹങ്ങൾ ഇന്നലെ രാത്രിയോടെയാണ് സംസ്കരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.