ഭീഷണിയും അധിക്ഷേപവും സിനിമയിൽ മതി, മാധ്യമ പ്രവർത്തകരോട് വേണ്ടെന്ന് കേരള പത്രപ്രവർത്തക യൂനിയൻ
text_fieldsതിരുവനന്തപുരം: ചോദ്യം ചോദിച്ച ചാനൽ റിപ്പോർട്ടറെ മുറിയിലേക്ക് വിളിച്ചുവരുത്തി അധിക്ഷേപിച്ച കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. വഖഫ് വിഷയത്തിൽ അഭിപ്രായം ആരാഞ്ഞ ‘24 ന്യൂസ്’ റിപ്പോർട്ടർ അലക്സ് റാം മുഹമ്മദിനെയാണ് സുരേഷ് ഗോപി മുറിയിലേക്ക് വിളിച്ചുവരുത്തി അധിക്ഷേപിച്ചത്. മാധ്യമങ്ങൾക്കു നേരെയുള്ള വിരട്ടൽ സുരേഷ് ഗോപി അവസാനിപ്പിക്കണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
മാധ്യമപ്രവർത്തകർക്ക് നേരെ തുടരുന്ന അധിക്ഷേപവും വിരട്ടലും അങ്ങേയറ്റം അപലപനീയമാണ്. സിനിമയിൽ പണ്ട് കൈയടി നേടിയ സൂപ്പർ ഹീറോയുടെ കെട്ട് മാറാതെയുള്ള ധാർഷ്ട്യവും ഭീഷണിയും മാധ്യമപ്രവർത്തകരോട് വേണ്ടെന്നും കേന്ദ്ര മന്ത്രി എന്നല്ല, സാധാരണ മനുഷ്യരുടെ ഭാഗത്തുനിന്ന് പോലും ഉണ്ടാകാൻ പാടില്ലാത്ത ഹീനമായ പെരുമാറ്റമാണ് സുരേഷ് ഗോപി തുടരുന്നത്.
മാന്യമായ രാഷ്ട്രീയമെന്ന പൊതുബോധം അല്പമെങ്കിലും ബാക്കി നിൽക്കുന്നുവെങ്കിൽ കേരളത്തിലെ പൊതു സമൂഹത്തോട് സുരേഷ് ഗോപി മാപ്പ് പറയണം. സ്വന്തം മന്ത്രിസഭയിലെ സഹപ്രവർത്തകന്റെ നിന്ദ്യമായ സമീപനം തിരുത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി.ജെ.പി കേന്ദ്ര നേതൃത്വവും തയാറാവണം. അപഹാസ്യമായ ഈ നടന രാഷ്ട്രീയത്തിന് അറുതിവരുത്താൻ മാധ്യമ മാനേജ്മെൻ്റുകളും മുന്നിട്ടിറങ്ങി ശ്രമിക്കണമെന്ന് യൂനിയൻ സംസ്ഥാന പ്രസിഡൻ്റ് കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രിയുടെ മോശപ്പെട്ട സമീപനത്തിനെതിരെ യൂനിയൻ ചൊവ്വാഴ്ച പ്രതിഷേധ ദിനം ആചരിക്കുമെന്ന് അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.