വാർത്ത ശേഖരണത്തിലെ ധാർമികത: മാധ്യമ പ്രവർത്തകർ ജാഗരൂകരാകണം– പത്രപ്രവർത്തകയൂണിയൻ
text_fieldsതിരുവനന്തപുരം : വാർത്താ ശേഖരണത്തിലെ ധാർമികതയും വിശ്വാസതയും നഷ്ടപ്പെടുന്ന സാഹചര്യങ്ങൾക്കെതിരെ മാധ്യമ പ്രവർത്തകർ ജാഗരൂകരാകണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൾ ഗഫൂർ, ജനറൽ സെക്രട്ടറി സി. നാരയണൻ എന്നിവർ പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
സംസ്ഥാനത്തെ ഒരു മന്ത്രിയുടെ രാജിയുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരെ ആകെ പ്രതികൂട്ടിൽ നിർത്തുന്നത് ശരിയായ സമീപനമല്ല. ബഹുഭൂരിപക്ഷം മാധ്യമ പ്രവർത്തകരും കൃത്യമായ അതിർവരമ്പുകളോടെ തൊഴിൽ ചെയ്യുന്നവരാണ്. തൊഴിലിലെ ലക്ഷ്മണരേഖ അംഗീകരിക്കുന്നവരാണ്. അവരെയെല്ലാം സംശയത്തിെൻറ നിഴലിൽ നിർത്തുന്നത് സ്വീകാര്യമല്ല. വനിത മാധ്യമപ്രവർത്തകർ സംശയിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്നതായ പരാതികൾ ഒറ്റപ്പെട്ട രീതിയിലാണെങ്കിലും ഉയരുന്നത് നിർഭാഗ്യകരമാണെന്നും പത്രപ്രവർത്തക യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു.
മാധ്യമപ്രവർത്തനത്തിലെ അഭിലഷണിയമല്ലാത്ത രീതികൾ എല്ലാ കാലത്തും സമൂഹം തിരസ്കരിച്ചിട്ടുള്ളതാണ്. ഇത് മാധ്യമപ്രവർത്തകരും ഒപ്പം മാധ്യമ സ്ഥാപനങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. വേതനത്തിന് വേണ്ടിയുള്ള ജോലിയായിരിക്കുേമ്പാഴും ജോലിയുടെ അടിസ്ഥാനപ്രമാണങ്ങളോട് നീതിപുലർത്താൻ പത്രപ്രവർത്തകർക്കും മാധ്യമ മേധാവികൾക്കും ഒരുപോലെ ബാധ്യതയുണ്ട്. കാരണം കേരളീയ വായന സമൂഹം മാധ്യമ സാക്ഷരതയിൽ അഗ്രഹണ്യരാണ്. അവർ എന്തിനെയും നിശിതമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവർ ഏതെങ്കിലും മാധ്യമ അജണ്ടയുടെ തടവുകാരല്ല.
മന്ത്രിയുടെ രാജിയിലേക്ക് നയിച്ച സംഭവങ്ങളിലെ സത്യം പുറത്തുകൊണ്ടുവരുവാൻ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം സ്വാഗതം ചെയ്യുന്നു. ഒപ്പം സമഗ്രമായ പൊലീസ് അന്വേഷണം കൂടി നടത്തി ദുരൂഹത നീക്കാൻ സർക്കാർ തയാറാവണമെന്നും പ്രസ്താവനയിൽ പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.