സി.പി.എമ്മിനെതിരായ നുണക്കോട്ട പൊളിഞ്ഞെന്ന് കെ.വി കുഞ്ഞിരാമൻ; സി.ബി.ഐയുടെ കണ്ടെത്തലുകൾ തെറ്റി
text_fieldsകണ്ണൂർ: സി.പി.എമ്മിനെതിരെ കെട്ടിപ്പൊക്കിയ നുണയുടെ കോട്ടയാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് ശിക്ഷ മരവിപ്പിച്ചതോടെ പൊളിഞ്ഞു വീണതെന്ന് പെരിയ ഇരട്ടക്കൊല കേസിൽ ശിക്ഷപ്പെട്ട മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ. ജാമ്യം ലഭിച്ചതിന് പിന്നാലെ കണ്ണൂർ ജയിലിൽ നിന്ന് പുറത്തുവന്ന കെ.വി കുഞ്ഞിരാമൻ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
സി.പി.എം നേതാക്കളായതിനാലാണ് കേസിൽ പ്രതി ചേർത്തത്. സി.പി.എമ്മിനെതിരായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണിത്. നീതിന്യായവ്യവസ്ഥയിൽ വിശ്വാസമുള്ളത് കൊണ്ടാണ് വിചാരണ കോടതി ശിക്ഷ വിധിച്ചപ്പോൾ പ്രതികരിക്കാതിരുന്നതെന്നും കെ.വി കുഞ്ഞിരാമൻ പറഞ്ഞു.
സി.ബി.ഐയുടെ കണ്ടെത്തലുകൾ തെറ്റി. സി.ബി.ഐ പ്രതി ചേർത്ത 10 പേരിൽ ഒമ്പത് പേരെയും കോടതി വിട്ടയച്ചെന്നും കെ.വി കുഞ്ഞിരാമൻ വ്യക്തമാക്കി.
പെരിയ ഇരട്ടക്കൊല കേസിൽ സി.ബി.ഐ കോടതിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള നാലു പേർ ഇന്ന് ജയിൽ മോചിതരായത്. രാവിലെ ഒമ്പതു മണിയോടെ പുറത്തിറങ്ങിയ നാലു പേർക്കും സി.പി.എം നേതാക്കളും പ്രവർത്തകരും സ്വീകരണം നൽകി. ജയിൽ മോചിതരാകുന്നവരെ സ്വീകരിക്കാൻ പി. ജയരാജയനും എം.വി ജയരാജനും അടക്കമുള്ളവർ എത്തിയിരുന്നു.
ഹൈകോടതിയുടെ സ്റ്റേ ഉത്തരവ് കണ്ണൂർ സെൻട്രൽ ജയിലിൽ എത്താൻ വൈകിയതിനെ തുടർന്നാണ് മോചനം ഇന്നേക്ക് മാറ്റിയത്. വിയ്യൂർ ജയിലിൽ കഴിഞ്ഞിരുന്ന പ്രതികളെ കണ്ണൂരിലേക്ക് കൊണ്ടുവന്നപ്പോൾ പ്രവർത്തകർ വരവേൽപ് നൽകിയത് വിവാദമായിരുന്നു.
അതിനിടെ, ഇരട്ടക്കൊല കേസിൽ ജയിലിൽ കഴിയുന്ന പ്രതികളെ കാണാൻ സി.പി.എം നേതാക്കളായ പി.കെ. ശ്രീമതി, പി.പി. ദിവ്യ, എം. രാജഗോപാൽ എം.എൽ.എ എന്നിവർ സെൻട്രൽ ജയിലിലെത്തി. മാനുഷിക പരിഗണന മുൻനിർത്തിയാണ് സന്ദർശനമെന്നാണ് ഇവർ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.