കെ.വി. മോഹനകൃഷ്ണൻ ഗുരുവായൂർ ദേവസ്വത്തിലെ എൻ.സി.പി പ്രതിനിധി
text_fieldsഗുരുവായൂർ: പത്ത് മാസത്തോളം നീണ്ട തർക്കം പരിഹരിച്ച് എൻ.സി.പിയുടെ ദേവസ്വം ഭരണസമിതി അംഗത്തെ നിശ്ചയിച്ചു. ഗുരുവായൂർ സ്വദേശിയും നാഷനലിസ്റ്റ് ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറുമായ അഡ്വ. കെ.വി. മോഹനകൃഷ്ണനെ (59) ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗമായി എൻ.സി.പി ഹൈപവർ കമ്മിറ്റി തെരഞ്ഞെടുത്തു.
നിലവിലെ ദേവസ്വം ഭരണസമിതി കഴിഞ്ഞ ജനുവരിയിൽ ചുമതലയേറ്റിട്ടും എൻ.സി.പി അംഗത്തിെൻറ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
എറണാകുളത്തുനിന്നുള്ള ജയൻ പുത്തൻപുരക്കലിനെയാണ് എന്.സി.പി സംസ്ഥാന അധ്യക്ഷന് ടി.പി. പീതാംബരന് നിർദേശിച്ചിരുന്നത്. എന്നാൽ, ആരോപണവിധേയനെന്ന പേരിൽ സി.പി.എം ഈ നിർദേശം തള്ളി. അതേസമയം, കഴിഞ്ഞ ഭരണസമിതിയിൽ അംഗമായിരുന്ന പി. ഗോപിനാഥൻ തോമസ് ചാണ്ടി പക്ഷത്തുനിന്ന് എ.കെ. ശശീന്ദ്രൻ പക്ഷത്തേക്ക് മാറി പുതിയ ഭരണസമിതിയിലും അംഗമാകാൻ ശ്രമിച്ചിരുന്നു. ഇതിനെ ശശീന്ദ്രൻ വിഭാഗത്തിലെ ഒരുവിഭാഗം എതിർത്തു.
തർക്കം തുടരുേമ്പാഴാണ് ഒക്ടോബർ ആറിന് ജയൻ പുത്തൻപുരക്കലിനെ ശിക്ഷിച്ച് കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ വിധിയുണ്ടായത്. ഇതോടെ ജയനെ സംസ്ഥാന ഭാരവാഹിത്വത്തിൽനിന്ന് മാറ്റി.
തങ്ങൾ നിർദേശിച്ചയാളെ അംഗീകരിക്കാൻ കഴിയാതെവന്നതോടെ മന്ത്രി നിർദേശിച്ച ഗോപിനാഥനെയും അംഗീകരിക്കാനാവില്ലെന്ന നിലപാടിലായി പ്രസിഡൻറ് പക്ഷം. ഇതോടെയാണ് മറ്റ് പേരുകൾ പരിഗണിച്ചത്. ശശീന്ദ്രൻ വിഭാഗമാണ് മോഹനകൃഷ്ണെൻറ പേര് നിർദേശിച്ചത്. ഇത് സംസ്ഥാന ഹൈപവർ കമ്മിറ്റി അംഗീകരിച്ചു.
കെ.എസ്.യുവിലൂടെ രാഷ്ട്രീയരംഗത്തെത്തിയ മോഹനകൃഷ്ണൻ ശ്രീകൃഷ്ണ കോളജ് യൂനിയൻ ചെയർമാൻ, ഗുരുവായൂർ ടൗൺഷിപ് കമ്മിറ്റി അംഗം, നഗരസഭ വൈസ് ചെയർമാൻ, എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗം, ഗുരുവായൂർ നിയോജകമണ്ഡലം എൽ.ഡി.എഫ് കൺവീനർ, ക്ഷേത്ര നഗരവികസന സമിതി ചെയർമാൻ എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
31 വർഷമായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നുണ്ട്. ദേവസ്വം ഭരണസമിതിയുടെ നയങ്ങൾക്കെതിരെ ഗുരുവായൂരിലെ വിവിധ സംഘടനകൾ ചേർന്ന് നടത്തിയ പ്രക്ഷോഭത്തിെൻറ നേതൃനിരയിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.