Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.വി. രാമനാഥൻ...

കെ.വി. രാമനാഥൻ അന്തരിച്ചു

text_fields
bookmark_border
kv ramanathan
cancel

തൃശൂർ: നോവലിസ്റ്റും ബാലസാഹിത്യകാരനുമായ കെ.വി. രാമനാഥൻ (91) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി 11ഓടെയായിരുന്നു അന്ത്യം. ഒരാഴ്ചയായി ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇരിങ്ങാലക്കുടയിൽ 1932ൽ മണമ്മൽ ശങ്കരമേനോൻ-കൊച്ചുകുട്ടി അമ്മ ദമ്പതികളുടെ മകനായാണ് ജനനം. ഇരിങ്ങാലക്കുട സംഗമേശ്വരവിലാസം എൽ.പി സ്‌കൂൾ, ഗവ. ബോയ്‌സ്‌ ഹൈസ്‌കൂൾ, എറണാകുളം മഹാരാജാസ്‌ കോളജ്‌, തൃശൂർ ഗവ. ട്രെയിനിങ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1951 മുതൽ 1987 വരെ ഇരിങ്ങാലക്കുട നാഷണൽ ഹൈസ്‌കൂളിൽ അധ്യാപകനായും പ്രധാനാധ്യാപകനായും സേവനമനുഷ്‌ഠിച്ചു.

കേരള ബാലസാഹിത്യ അക്കാദമി പ്രസിഡന്റ്, കേരള ചില്‍ഡ്രന്‍സ് ബുക്ക്ട്രസ്റ്റ് ഓണററി മെംബര്‍, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം, ഡല്‍ഹിയിലെ എ.ഡബ്ല്യു.ഐ.സി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ചലച്ചിത്ര പിന്നണി ഗായകൻ പി. ജയചന്ദ്രൻ, കാൻസർ വിദഗ്ധൻ ഡോ. വി.പി. ഗംഗാധരൻ, ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ, നടൻ ഇന്നസെന്റ് തുടങ്ങിവർ ഉൾപ്പെടെ വലിയ ശിഷ്യസമ്പത്ത് ഇദ്ദേഹത്തിനുണ്ട്.

ശങ്കറിന്റെ ചിൽഡ്രൻസ് വേൾഡ് തുടങ്ങി പല ഇംഗ്ലീഷ്‌ ആനുകാലികങ്ങളിലും കഥകൾ എഴുതി. അപ്പുക്കുട്ടനും ഗോപിയും, കമാൻഡർ ഗോപി, ആമയും മുയലും, ഒരിക്കൽകൂടി എന്നീ ബാലസാഹിത്യഗ്രന്ഥങ്ങൾക്ക്‌ എസ്‌.പി.സി.എസ്‌ അവാർഡ്‌ ലഭിച്ചു. കൈരളി ചിൽഡ്രൻസ്‌ ബുക്‌ട്രസ്‌റ്റ്‌ അവാർഡ്‌ നേടിയ അത്ഭുതവാനരൻമാർ, ഭീമാസ്‌മാരക അവാർഡ്‌, കേരള സാഹിത്യ അക്കാദമി എൻഡോവ്‌മെന്റ്‌ അവാർഡ്‌ എന്നിവ ലഭിച്ച അത്ഭുതനീരാളി, സ്വർണത്തിന്റെ ചിരി, മുന്തിരിക്കുല, കണ്ണുനീർമുത്തുകൾ, വിഷവൃക്ഷം, മാന്ത്രികപ്പൂച്ച, കുട്ടികളുടെ ശാകുന്തളം, അജ്ഞാതലോകം, സ്വർണ്ണമുത്ത്‌ (ബാലസാഹിത്യം), പ്രവാഹങ്ങൾ, ചുവന്ന സന്ധ്യ (നോവലുകൾ), രാഗവും താളവും (ചെറുകഥാസമാഹാരം) അത്ഭുതവാനരൻമാർ എന്നിവയാണ്‌ ഇതരകൃതികൾ. ചെറുകഥക്കുള്ള സമസ്‌ത കേരള സാഹിത്യ പരിഷത്ത്‌ അവാർഡും ലഭിച്ചിട്ടുണ്ട്‌.

ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2014), കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കായി നൽകുന്ന സി.ജി. ശാന്തകുമാർ പുരസ്കാരം (2012) എന്നി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഭാര്യ: രാധ (ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്കൂൾ റിട്ട. അധ്യാപിക) മക്കൾ: കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗവും മാധ്യമപ്രവർത്തകയുമായ രേണു രാമനാഥ്, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ഇന്ദുകല. മരുമക്കൾ: ചിത്രകാരനായിരുന്ന രാജ്‌കൃഷ്ണൻ, കൂടൽമാണിക്യം ഭരണസമതി അംഗം അഡ്വ. കെ.ജി. അജയ് കുമാർ.

പൊതുദർശനം രാവിലെ 10 മുതൽ 11 വരെ തൃശൂർ സാഹിത്യ അക്കാദമിയിലും 11.30 മുതൽ 2.30 വരെ ഇരിങ്ങാലക്കുട നാഷ്ണൽ ഹൈസ്ക്കൂളിലും 2.30 മുതൽ 3.30 വരെ ഇരിങ്ങാലക്കുടയിലെ വസതിയിലും നടക്കും. സംസ്കാരം വൈകുന്നേരം നാലിന് ഇരിങ്ങാലക്കുട മുക്തി സ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KV ramanathan
News Summary - kv ramanathan passes away
Next Story