കെ.വി. തോമസിനെ നിയമിച്ചത് സി.പി.എം-ബി.ജെ.പി ഇടനിലക്കാരനായി -വി.ഡി. സതീശൻ
text_fieldsകൊല്ലം: കേരളത്തിലെ സി.പി.എമ്മും കേന്ദ്രത്തിലെ ബി.ജെ.പിയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ലെയ്‌സണ്‍ ഓഫിസറായി കെ.വി. തോമസിനെ നിയമിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോണ്‍ഗ്രസ് വിട്ട ശേഷം കെ.വി. തോമസ് നടത്തിയ ബംഗളൂരു-ഡല്‍ഹി യാത്രകള്‍ പരിശോധിച്ചാല്‍ അദ്ദേഹം നിരന്തരമായി സംഘപരിവാര്‍ നേതാക്കളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നെന്ന് വ്യക്തമാകും.
പല കാര്യങ്ങളും ഒത്തുതീര്‍പ്പിലെത്തിക്കാനും അവിഹിതമായ ബന്ധങ്ങള്‍ നിലനിര്‍ത്താനുമുള്ള ഔദ്യോഗിക ഇടനിലക്കാരനായാണ് കെ.വി. തോമസിനെ നിയമിച്ചിരിക്കുന്നത്. ശമ്പളമോ സാമൂഹിക സുരക്ഷാ പെന്‍ഷനോ നല്‍കാനാകാത്തത്രയും പരിതാപകരമായ ധനസ്ഥിതിയിലൂടെ സംസ്ഥാനം കടന്നു പോകുന്നതിനിടെ കോടികളുടെ ബാധ്യതയുണ്ടാക്കുന്ന കെ.വി. തോമസിന്റെ നിയമനം എന്തിന് വേണ്ടിയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ചെലവ് ചുരുക്കണമെന്ന സര്‍ക്കാരിന്റെ വാക്കുകളുടെ സന്ദേശം ഇതാണോ?
ഡല്‍ഹിയില്‍ ഇപ്പോള്‍ തന്നെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയായി മുന്‍ ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ വേണു രാജാമണിയുണ്ട്. റസിഡന്‍ഷ്യല്‍ കമീഷണറായി സൗരവ് ജെയ്ന്‍ എന്ന ഐ.എ.എസുകാരന്റെ നേതൃത്വത്തില്‍ ഓഫിസും പ്രവര്‍ത്തിക്കുന്നുണ്ട്. കേരള ഹൗസിലും കണ്‍ട്രോളറുടെ നേതൃത്വത്തിലും പ്രത്യേക ഓഫിസുണ്ട്. ഇത് കൂടാതെ കേരള സര്‍ക്കാരിന് ഡല്‍ഹിയില്‍ നിയമ വിഭാഗവും ഇന്‍ഫര്‍മേഷന്‍ ഓഫിസും ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫിസും നോര്‍ക്കയുടെ ഓഫിസും കെ.എസ്.ഇ.ബി ഓഫിസുമുണ്ട്. എന്നിട്ടും എന്തിന് വേണ്ടിയാണ് ഇങ്ങനെയൊരു നിയമനം നടത്തിയത്? നേരത്തെ മുന്‍ എം.പി സമ്പത്തിനെ നിയമിച്ചപ്പോള്‍ സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക ബാധ്യത എല്ലാവര്‍ക്കും ഓര്‍മയുണ്ട്. സമ്പത്തില്‍ നിന്നും എന്ത് പ്രയോജനമാണ് കേരളത്തിനുണ്ടായത്?
യുവജന കമീഷന്റെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ സര്‍ക്കാര്‍ ഇരട്ടിയാക്കിയിട്ടും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്യുന്ന സഹകരണ ബാങ്കുകളിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ വെട്ടിച്ചുരുക്കി. സാമ്പത്തിക പ്രതിസന്ധിക്കിടെ കെ.വി. തോമസിന്റെ നിയമനത്തിലൂടെ സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യതയാണ് സര്‍ക്കാര്‍ വരുത്തി വച്ചിരിക്കുന്നത് -വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.