'ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങും, പുറത്താക്കുമെങ്കിൽ പുറത്താക്കട്ടെ'; കോൺഗ്രസിനെ വെല്ലുവിളിച്ച് കെ.വി. തോമസ്
text_fieldsകൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് പാർട്ടി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസ്. വ്യാഴാഴ്ച മുഖ്യമന്ത്രി നടത്തുന്ന ഇടതുമുന്നണി പ്രചാരണ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞാൻ കോൺഗ്രസുകാരനാണ്. എക്കാലവും കോൺഗ്രസുകാരനായിരിക്കും. അതൊരു ചട്ടക്കൂടു മാത്രമല്ല. അതിന് വലിയ കാഴ്ചപ്പാടുണ്ട്. ചരിത്രമുണ്ട്. ഞാൻ മാത്രമാണോ ഇങ്ങനെ ഒരു സമീപനമെടുത്തിട്ടുള്ളത്. കെ. കരുണാകരൻ കോൺഗ്രസ് വിട്ടു പോയില്ലേ? കോൺഗ്രസിനെതിരായി പ്രചാരണം നടത്തിയില്ലേ. എ.കെ. ആന്റണി ഇടതുമുന്നണി ഭരണത്തിൽ പങ്കാളിയായില്ലേ? ഡൽഹിയിൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കൊപ്പം പരിപാടിയിൽ പങ്കെടുത്തില്ലേ?'- കെ.വി. തോമസ് ചോദിച്ചു.
'കോൺഗ്രസ് നേതൃത്വത്തിന് തന്നെ പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെ. അതാണല്ലോ കണ്ണൂര് നടന്നത്. സി.പി.എം പരിപാടിയിൽ പങ്കെടുക്കരുതെന്ന് എന്നോട് കെ.സി. വേണുഗോപാൽ പറഞ്ഞു. പിറ്റേ ദിവസം മുതൽ എന്നെ അറ്റാക്ക് ചെയ്തു. 2018 മുതൽ അത്തരമൊരു അറ്റാക്ക് നടക്കുന്നുണ്ട്. ആന്റണി ചെയർമാനായ കമ്മിറ്റിയാണ് സംഭവം അന്വേഷിച്ചത്. കഴിഞ്ഞയാഴ്ച എന്റെ മെമ്പർഷിപ്പ് അംഗീകരിച്ചു വന്നു. 2018 മുതൽ എന്നെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ സംഘടിതമായ ശ്രമം നടക്കുന്നുണ്ട്' -തോമസ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.