കണ്ണീരോടെയാണ് ഞാനത് വായിച്ചത്; ഈ പിറന്നാൾ ദിനം വേദനിപ്പിക്കുന്നത് -കെ.വി. തോമസ്
text_fieldsപിറന്നാൾ ദിനത്തിൽ കോൺഗ്രസ് നേതാവ് കെ.വി തോമസ് പങ്കുവെച്ച വൈകാരിക കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. 'ദി ലാസ്റ്റ് വിഷ്' എന്ന തലക്കെട്ടിൽ എഴുതിയ കുറിപ്പ് നിരവധി പേരാണ് പങ്കുവെക്കുന്നത്.
പിറന്നാൾ ദിനത്തിൽ കെ.വി തോമസിന് ഫോട്ടോയോട് കൂടിയ ആശംസകളുമായാണ് ദേശീയ മാധ്യമങ്ങൾ പുറത്തിറങ്ങിയത്. കഴിഞ്ഞ പത്ത് വർഷങ്ങളായി മുടക്കമില്ലാതെ ഈ ആശംസ നൽകുന്നത് ഹൈദരാബാദിലെ നാൽപത്തിയെട്ടുകാരനായ യുവസുഹൃത്ത് മെരുകാ രാജേശ്വര റാവു ആയിരുന്നു. റാവുവും കെ.വി തോമസും നിൽക്കുന്ന ഫോട്ടോയോടൊപ്പമാണ് ആശംസ വരാറുളളത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിര പോരാളിയുമായിരുന്ന റാവു, കഴിഞ്ഞ ആഴ്ച്ച കോവിഡ് ബാധിച്ച്മരണത്തിന് മരണത്തിന് കീഴടങ്ങി. പക്ഷേ പിറന്നാൾ ദിനത്തിലും കെ.വി തോമസിനുള്ള ആശംസ അദ്ദേഹം മുടക്കിയില്ല. കോവിഡ് ബാധിതനാകുന്നതിനു തൊട്ടു മുമ്പ് റാവു അത് ഏർപ്പാട് ചെയ്തിരുന്നു.
കണ്ണുനീരോടെയാണ് ആശംസ വായിച്ചു തീർത്തത്. റാവു എറ്റെടുത്ത് നടപ്പാക്കിയ സാന്ത്വന പ്രവർത്തനങ്ങൾ അദ്ദേഹത്തിൻ്റെ സ്മരണ നിലനിർത്തുന്നതിനു വേണ്ടി ഞാനുൾപ്പടെയുള്ള സുഹൃത്തുക്കൾ മുന്നോട്ടു കൊണ്ടു പോകും - കെ.വി തോമസ് കുറിച്ചു.
കെ.വി തോമസിന്റെ ഫേസ്ബുക്ക് കുറിപ്പ്
ദി ലാസ്റ്റ് വിഷ്.
ഇന്നെൻ്റെ പിറന്നാളാണ്. വളരെ വേദനിപ്പിക്കുന്ന ഒരു ദിവസം കൂടിയാണിന്ന്. ദേശീയ പത്രങ്ങളിൽ എനിക്കുള്ള പിറന്നാൾ ആശംസകൾ ഫോട്ടോ സഹിതം അച്ചടിച്ചു വന്നിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷങ്ങളായി മുടക്കമില്ലാതെ ഈ ആശംസ നല്കി കൊണ്ടിരിക്കുന്നത് ഹൈദരാബാദിലെ നാല്പത്തിയെട്ടുകാരനായ എൻ്റെ
യുവസുഹൃത്ത് മെരുകാ രാജേശ്വര റാവു ആയിരുന്നു. ഞാനും റാവുവുമായി നില്ക്കുന്ന ഒരു ചിത്രവും ആശംസയും. അതായിരുന്നു പതിവ്. ഊർജ്ജസ്വലനായ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായിരുന്ന റാവു ആന്ധ്രയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിര പോരാളിയുമായിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച റാവുവിനെ ഞങ്ങളിൽ നിന്നു കോവിഡ് തട്ടിയെടുത്തു.
പക്ഷെ, ഈ പിറന്നാൾ ദിനത്തിലും എനിക്കുള്ള ആശംസ മുടങ്ങിയില്ല. കോവിഡു ബാധിതനാകുന്നതിനു തൊട്ടു മുൻപ് റാവു അത് ഏർപ്പാട് ചെയ്തിരുന്നു. അത് ഇന്ന് അച്ചടിച്ചു വന്നിരിക്കുന്നു. കണ്ണുനീരോടെയാണ് ഞാനത് വായിച്ചത്.
മെരുകാ രാജേശ്വര റാവു എറ്റെടുത്ത് നടപ്പാക്കിയിരുന്ന സാന്ത്വന പ്രവർത്തനങ്ങൾ അദ്ദേഹത്തിൻ്റെ സ്മരണ നിലനിർത്തുന്നതിനു വേണ്ടി ഞാനുൾപ്പടെയുള്ള സുഹൃത്തുക്കൾ മുന്നോട്ടു കൊണ്ടു പോകും.
റാവു എന്നോട് പ്രകടിപ്പിച്ചിട്ടുള്ള നിസ്വാർത്ഥ സ്നേഹത്തിനു മുന്നിൽ ബാഷ്പാജ്ഞലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.