കെ.വി. തോമസ്: കൂടുതൽ സാധ്യത സസ്പെൻഷന്
text_fieldsതിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച് പ്രഫ. കെ.വി. തോമസ് സി.പി.എം പാർട്ടികോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുത്തതോടെ ഇനി സംസ്ഥാന രാഷ്ട്രീയം കാതോർക്കുന്നത് കോൺഗ്രസിന്റെ തുടർതീരുമാനം. സംസ്ഥാന കോൺഗ്രസിലെ മുതിർന്ന നേതാവായ അദ്ദേഹത്തിന് ലത്തീൻകത്തോലിക്കാ സഭയുമായുള്ള അടുത്ത ബന്ധവും വേദിപങ്കിടലിന്റെ പേരിൽ സി.പി.എം നടത്താവുന്ന പ്രചാരണവും കൂടി പരിഗണിച്ച് മാത്രമേ തീരുമാനം ഉണ്ടാകൂവെന്നാണ് സൂചന.
തിരക്കിട്ട് പുറത്താക്കലിലേക്ക് കടക്കാതെ വിശദീകരണം ചോദിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് വരുത്തി അച്ചടക്ക നടപടിയിലേക്ക് നീങ്ങാനാണ് കൂടുതൽ സാധ്യത. അതല്ലെങ്കിൽ നിശ്ചിതകാലത്തേക്ക് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യാനും സാധ്യതയേറെ.
ധിറുതിപിടിച്ച് പാർട്ടിയിൽനിന്ന് പുറത്താക്കുന്ന തീരുമാനത്തിലേക്ക് നീങ്ങിയാൽ രക്തസാക്ഷി പരിവേഷം ലഭിക്കുമെന്ന ബോധ്യം നേതൃത്വത്തിനുമുണ്ട്. അതേസമയം, പരസ്യമായ അച്ചടക്കലംഘനത്തോട് മൃദുസമീപനം സ്വീകരിച്ചാൽ പാർട്ടി ഭാവിയിൽ വലിയ വിലനൽകേണ്ടിവരുമെന്ന വാദവും ഉയരുന്നുണ്ട്.
ഈ സാഹചര്യത്തിൽ കെ.വി. തോമസിനോടുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ഇനിയുള്ള സമീപനം വ്യക്തമാകാൻ അൽപംകൂടി കാത്തിരിക്കേണ്ടിവരും.സെമിനാറിൽ പങ്കെടുത്തതിന്റെ പേരിലെ പാർട്ടി തീരുമാനം എന്തായാലും കോൺഗ്രസുകാരനായി തുടരുമെന്ന നിലപാടിലാണ് കെ.വി. തോമസ്.
പക്ഷേ, 2019ൽ ലോക് സഭാ സീറ്റ് നിഷേധിച്ചതു മുതൽ കോൺഗ്രസ് നേതൃത്വവുമായി അകന്നുകഴിയുന്ന അദ്ദേഹത്തിന് ഇനി കോൺഗ്രസിൽ തുടർന്നിട്ട് നേട്ടമുണ്ടാവില്ലെന്ന ബോധ്യമുണ്ട്. ഈ സാഹചര്യത്തിൽ പുറത്താക്കലിന്റെ പേരില്‍ ബലിയാട് പ്രതിച്ഛായയോടെ സി.പി.എമ്മുമായി സഹകരിക്കുകയാണ് തോമസിന്റെ തന്ത്രമെന്ന് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.