കെ.വി. തോമസിനെ എല്ലാ പദവികളിൽ നിന്നും നീക്കാൻ ശിപാർശ
text_fieldsന്യൂഡൽഹി: നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് കണ്ണൂരിലെ സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത മുൻ കേന്ദ്രമന്ത്രിയും എ.ഐ.സി.സി അംഗവുമായ കെ.വി. തോമസിനെ പാർട്ടിയുടെ എല്ലാ പദവികളിൽനിന്നും നീക്കംചെയ്യാൻ കോൺഗ്രസ് അച്ചടക്ക സമിതി ശിപാർശ. കാരണം കാണിക്കലിന് രേഖാമൂലം നൽകിയ മറുപടിക്കു പുറമെ നേരിട്ട് വിശദീകരണം നല്കാന് അനുവദിക്കണമെന്ന തോമസിന്റെ ആവശ്യം സമിതി തള്ളി.
പഞ്ചാബിലെ മുതിർന്ന കോൺഗ്രസ് നേതാവ് സുനിൽ ഝാക്കറിനെ അച്ചടക്ക ലംഘനത്തിന് രണ്ടു വർഷത്തേക്ക് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യാനും എ.കെ. ആന്റണി അധ്യക്ഷനായ സമിതിയുടെ ശിപാർശയുണ്ട്. ചൊവ്വാഴ്ച നടന്ന കോണ്‍ഗ്രസ് അച്ചടക്ക സമിതി യോഗത്തിലാണ് കെ.വി. തോമസിനെതിരായ നടപടിയും ചര്‍ച്ചയായത്.
അച്ചടക്ക സമിതിയുടെ ശിപാർശ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയെന്നും അവർ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും സമിതി അംഗം കൂടിയായ താരീഖ് അൻവർ മാധ്യമങ്ങളോടു പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് കർശന നടപടി ആവശ്യപ്പെട്ടുവെങ്കിലും സസ്പെൻഷൻ വഴി തോമസിന് രക്തസാക്ഷി പരിവേഷം നൽകേണ്ടെന്നാണ് സമിതിയുടെ തീരുമാനം. പാർട്ടിയിൽ ഏറക്കുറെ ഒറ്റപ്പെട്ട തോമസ് പാർട്ടി പദവികളിൽനിന്ന് മാറ്റിനിർത്തുന്നതോടെ അപ്രസക്തനാകുമെന്ന കണക്കുകൂട്ടലിലാണിത്.
ശശി തരൂരിനോടും കെ.വി. തോമസിനോടും പരിപാടിയിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് ഹൈകമാൻഡ് നിർദേശം നൽകിയപ്പോൾ നേതൃത്വത്തെ മാനിച്ച് ശശി തരൂർ പിന്മാറിയെങ്കിലും തോമസ് നേതൃത്വത്തെ ധിക്കരിച്ച് മുന്നോട്ടുപോയി. ഇക്കാര്യം തോമസ് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.