പറഞ്ഞ കണക്കൊക്കെ തെറ്റാണ്; മാസത്തിൽ ഒരു ലക്ഷം രൂപ ഓണറേറിയം കിട്ടും, ഒന്നേകാൽ ലക്ഷം രൂപ പെൻഷനും -ജി. സുധാകരന് മറുപടിയുമായി കെ.വി. തോമസ്
text_fieldsകെ.വി. തോമസ്
തനിക്ക് പ്രതിമാസം മൂന്നു ലക്ഷം രൂപയോളം ശമ്പളം കിട്ടുന്നുണ്ടെന്ന ജി. സുധാകരന്റെ ആരോപണം തള്ളി കെ.വി. തോമസ്. സുധാകരൻ പറഞ്ഞത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. തനിക്ക് എല്ലാ മാസവും 30 ലക്ഷം രൂപ ശമ്പളം കിട്ടുന്നില്ലെന്നും ജി. സുധാകരന് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
ഡൽഹിയിലെ പ്രത്യേക പ്രതിനിധി എന്ന നിലയിൽ കിട്ടുന്നത് ഒരു ലക്ഷം രൂപയുടെ ഓണറേറിയമാണ്. അധ്യാപകർക്കും ജനപ്രതിനിധികൾക്കും അനുവദിച്ച പെൻഷൻ വാങ്ങുന്ന വ്യക്തിയാണ് താനെന്നും ആ വകയിൽ ഒന്നേകാൽ ലക്ഷത്തോളം രൂപ കിട്ടുന്നുണ്ടെന്നും കെ.വി. തോമസ് വ്യക്തമാക്കി. കൃത്യമായ വിവരങ്ങൾ കിട്ടാത്തത് കൊണ്ടാണ് ജി. സുധാകരൻ അങ്ങനെയൊക്കെ പറയുന്നത്. ദില്ലിയിലെ പ്രതിനിധി എന്ന നിലയിൽ കാബിനറ്റ് റാങ്കിൽ ഒരു മന്ത്രിക്ക് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും ആവശ്യപ്പെടാമായിരുന്നു. എന്നാൽ അതിനൊരു കാരണമുണ്ട്. അങ്ങനെ വന്നാൽ നിലവിലെ എം.പി, എം.ൽ.എ പെൻഷനുകൾ വേണ്ടെന്ന് വെക്കേണ്ടി വരും. പ്രത്യേക പ്രതിനിധിയുടെ കാലാവധി കഴിഞ്ഞാൽ പെൻഷൻ പുനഃസ്ഥാപിക്കാൻ എളുപ്പമല്ല. അതിനാലാണ് പ്രതിഫലം വേണ്ടെന്ന് വെച്ചതെന്നും കെ.വി. തോമസ് പറഞ്ഞു.
2023-24 കാലഘട്ടത്തിലെ തന്റെ വിമാനയാത്രയുടെ ചെലവ് അഞ്ച് ലക്ഷം രൂപയിൽ താഴെയാണ്. തന്റെ അക്കൗണ്ട് ഹെഡിൽ തന്നെയാണ് മറ്റ് ഉദ്യോഗസ്ഥരുടെ യാത്രാചെലവും ഉൾപ്പെടുന്നത്. അതിനാലാണ് യാത്രാബത്ത 11 ലക്ഷമായി ഉയർന്നതെന്നും കെ.വി. തോമസ് ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.