തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ ശ്രമമെന്ന് കെ.വി. തോമസ്
text_fieldsകൊച്ചി: തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ ശ്രമം നടക്കുന്നുവെന്ന് മുതിർന്ന നേതാവ് കെ.വി. തോമസ്. കോൺഗ്രസിനെ ബലഹീനമാക്കാനാണ് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍റെ ശ്രമം. ഇങ്ങനെയൊരു നേതൃത്വം കേരളത്തിൽ വേണോയെന്ന് കേന്ദ്ര നേതൃത്വം ആലോചിക്കണമെന്നും കെ.വി. തോമസ് പറഞ്ഞു.
തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ 2018 മുതൽ നീക്കം നടക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഖദർ ഇട്ടാൽ മാത്രം കോൺഗ്രസാവില്ല. സ്ഥാനമാനങ്ങൾ തന്നിട്ടുണ്ടെങ്കിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. സ്ഥാനമാനങ്ങൾ ജനങ്ങൾ കൂടി തന്നതാണ്. തന്‍റെയും സുധാകരന്‍റെയും സാമ്പത്തികം അന്വേഷിക്കട്ടെ.
കോൺഗ്രസിന് തനിച്ച് ബി.ജെ.പിയെ നേരിടാൻ കഴിയില്ല. 2024ൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തണമെങ്കിൽ സി.പി.എം ഉൾപ്പെടെയുള്ള കക്ഷികളെ യോജിപ്പിക്കണമെന്നും കെ.വി. തോമസ് പറഞ്ഞു.
തനിക്കെതിരെ ഒരു അച്ചടക്ക നടപടിയും ആരംഭിച്ചിട്ടില്ല. കാരണംകാണിക്കല്‍ നോട്ടീസ് മാത്രമേ തന്നിട്ടുള്ളൂ. ഇന്നലെ രാത്രി താന്‍ അതിന് ഇ-മെയില്‍ മറുപടി നല്‍കി. ഇന്ന് പോസ്റ്റല്‍ ആയി അയച്ചു. എന്നിട്ടും കോണ്‍ഗ്രസ് യോഗത്തിലേക്ക് എന്തുകൊണ്ടാണ് തന്നെ ക്ഷണിക്കാത്തത്? ഇതേ സമീപനമാണ് സുധാകരന്‍ എടുത്തത്. താരിഖ് അന്‍വറുമായും കെ.സി. വേണുഗോപാലിനോടും സംസാരിച്ച ശേഷം കണ്ണൂര്‍ സെമിനാറില്‍ പോകുന്നില്ലെന്ന് അറിയിച്ചതാണ്. പിറ്റേ ദിവസം മുതല്‍ സുധാകരന്‍ തുടങ്ങി. എന്നെ പുറത്താക്കണമെന്ന ഒരു അജണ്ട ഇവിടെയുള്ളവര്‍ക്കുണ്ട്. അതിപ്പോള്‍ തുടങ്ങിയതല്ല. ഇതില്‍ എന്ത് രാഷ്ട്രീയ മര്യാദയാണുള്ളത് -കെ.വി. തോമസ് ചോദിച്ചു.
കഴിഞ്ഞ ദിവസം കെ.വി. തോമസിനെതിരെ രൂക്ഷവിമർശനവുമായി കെ. സുധാകരൻ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിനെ ഒറ്റുകൊടുത്ത വഞ്ചകനാണ് കെ.വി. തോമസെന്ന് സുധാകരന്‍ പറഞ്ഞത്. കെ.വി. തോമസിന് ഭയങ്കര കോണ്‍ഗ്രസ് വികാരമാണെന്നും കിട്ടിയ അധികാരങ്ങൾ അദ്ദേഹത്തിന് ഷെയർ കിട്ടിയതാകാമെന്നും സുധാകരൻ പരിഹസിച്ചു.
കോൺഗ്രസ് മുക്ത ഭാരതത്തിനായി ബി.ജെ.പി സി.പി.എമ്മുമായി കൈകോർക്കുകയാണ്. കേരളത്തിൽ കോൺഗ്രസ് ഇനി അധികാരത്തിൽ എത്താതിരിക്കുകയാണ് ഇവരുടെ ലക്ഷ്യം. കോൺഗ്രസിനെ തകർക്കാനുള്ള ഗൂഢാലോചനയാണ് പാർട്ടി കോൺഗ്രസിൽ നടന്നത്. ഇതിന് ഇടനിലക്കാരനുള്ളതായി സംശയമുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്താനാണ് യെച്ചൂരിയെത്തിയത്. പാര്‍ട്ടി കോണ്‍ഗ്രസ് പിണറായി വിജയന് അടിമപ്പെട്ടെന്നും കെ.പി.സി.സി അധ്യക്ഷന്‍ വിമര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.