കെ.വി തോമസ് എതിർക്കില്ല; അനുഗ്രഹം വാങ്ങും- ഉമ തോമസ്
text_fieldsകൊച്ചി: കെ.വി.തോമസ് തന്നെ എതിർത്ത് പറയില്ലെന്ന് തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ്. കെ.വി.തോമസ് ഞങ്ങളെ എന്നും ചേർത്ത് പിടിച്ചിട്ടേയുളളൂ. തോമസ് മാഷിനെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങുമെന്നും ഉമാ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
'എല്ലാവരുടേയും സഹകരണം എനിക്ക് വേണം. മാഷ് ഒരിക്കലും എനിക്കെതിരെ ഒന്നും പറയില്ല. ഞങ്ങൾ തമ്മിലുള്ള കുടുംബ ബന്ധം അത്രക്കുമുണ്ട്. ഞാൻ മാഷിനെ പോയി കാണും. ഇന്നലെ മാഷിനെ ഫോണിൽ വിളിച്ചിരുന്നു. മാഷ് വേറെ ഫോണിൽ ആയതിനാൽ മാഷിനോട് സംസാരിക്കാൻ സാധിച്ചില്ല. ചേച്ചി പറഞ്ഞു ഞങ്ങളുടെ എല്ലാ അനുഗ്രഹവും ഉണ്ടാകുമെന്ന്. മാഷിനൊന്നും ഞങ്ങളെ മറക്കാൻ പറ്റില്ല. ചേർത്ത് പിടിച്ചിട്ടേയുള്ളു അവരൊക്കെ. ഒത്തൊരുമിച്ച് പ്രവർത്തിച്ച് എല്ലാവരും കൂട്ടായി നിക്കും'- ഉമാ തോമസ് പറഞ്ഞു.
തൃക്കാക്കരയിൽ കോൺഗ്രസ് സ്ഥാനാർഥിയായി ഉമാ തോമസിനെ തീരുമാനിച്ചതിൽ എതിർപ്പുമായി കെ.വി തോമസ് രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉമ തോമസിന്‍റെ പ്രതികരണം.
ഉമയുമായി നല്ല ബന്ധമാണുള്ളതെന്ന് കെ.വി തോമസ് പറഞ്ഞു. കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്. അത് വ്യക്തിപരമാണ്, എന്നാൽ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത് വികസനമാണ്. കെ റെയിൽ അന്ധമായി എതിർക്കരുതെന്ന് ആദ്യം പറഞ്ഞിരുന്നു. കേരളത്തിൽ വികസനമുണ്ടാകുമെന്ന് ബോധ്യപ്പെടുത്തേണ്ടത് രാഷ്ട്രീയ പാർട്ടികളാണെന്നും കെ.വി തോമസ് പറഞ്ഞു. വികസന കാര്യം എവിടെയാണ് പറയാൻ കഴിയുന്നത് അവിടെ പ്രചാരണത്തിന് ഇറങ്ങും. കോൺഗ്രസിനോട് വിയോജിപ്പില്ലെന്നും തോമസ് പറഞ്ഞു.
താൻ കോൺഗ്രസുകാരനല്ലെന്ന് കോൺഗ്രസിലുള്ളവർക്ക് പറയാനാകില്ല.കോൺഗ്രസിന്റെ വികാരവും കാഴ്ചപ്പാടും ഉൾകൊള്ളുന്നു. സീറ്റ് നൽകാതെ ആക്ഷേപിച്ചിട്ടും പാർട്ടി വിട്ടുപോയിട്ടില്ല. താൻ വിശ്വസിക്കാൻ കൊള്ളാവുന്ന രാഷ്ട്രീയക്കാരനാണ്. അംഗത്വം പുതുക്കിയത് കോൺഗ്രസുകാരനായത് കൊണ്ടാണെന്നും കെ.വി തോമസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.