വ്യാപാരികൾ മാത്രം അടച്ചിടേണ്ടതില്ല; നാളെ മുഴുവൻ കടകളും തുറക്കുമെന്ന് ഏകോപന സമിതി
text_fieldsസംസ്ഥാനത്ത് മുഴുവൻ കടകളും നാളെ തുറക്കുമെന്ന് വ്യപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് കുഞ്ഞാവുഹാജി അറിയിച്ചു. സർക്കാർ ജീവനക്കാർ ജോലിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഡയസ്‌നോൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വ്യാപാരികൾ മാത്രം അടച്ചിടേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമരം പ്രഖ്യാപിച്ച ജീവനക്കാർ നാളെ ജോലിക്കു പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ പണിമുടക്കിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കരുതെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഡയസ്‌നോൺ പ്രഖ്യാപിച്ചത്. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. ഡയസ്‌നോൺ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ പണിമുടക്ക് ദിവസം ഹാജരാവത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളം ഉണ്ടാകില്ല. ഓഫീസുകളിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ഹാജർ നില ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശം നൽകിയിട്ടുണ്ട്.
പണിമുടക്ക് ദിവസം അത്യാവശ്യക്കാർക്ക് മാത്രമാണ് അവധി അനുവദിച്ചിട്ടുള്ളത്. മനപ്പൂർവം ജോലിക്കെത്താത്തവരെ സർവീസിൽ നിന്നും പുറത്താക്കുമെന്നും ഉത്തരവിൽ പറയുന്നു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കലക്ടർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് യാത്രാ സൗകര്യം ഒരുക്കാൻ കെ.എസ്.ആർ.ടി.സിക്കും നിർദേശം നൽകി. ജോലിക്കെത്തുന്ന സർക്കാർ ഉദ്യോഗസ്ഥരെ തടഞ്ഞാൽ ശിക്ഷ ഉറപ്പാക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
അതേസമയം, പണിയെടുക്കാൻ പറയാൻ കോടതിക്ക് എന്ത് അധികാരമാണുള്ളതെന്നും ജീവനക്കാർ നാളെയും പണിമുടക്കുമെന്നും ആനത്തലവട്ടം ആനന്ദൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.