പൂർണ അടച്ചിടൽ ദുരിതത്തിലാക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി
text_fieldsകൊച്ചി: പൂർണ അടച്ചിടൽ വ്യാപാരികളെ ദുരിതത്തിലാക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ചെറുകിട വ്യാപാരസ്ഥാപനങ്ങൾ ഇപ്പോൾതന്നെ കോവിഡ് പ്രതിസന്ധിയിൽ തകർന്നിരിക്കുകയാണ്. സമ്പൂർണ ലോക്ഡൗണിൽ നില വീണ്ടും വഷളാകും. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് അനുവദിച്ചതുപോലെ മറ്റു വ്യാപാരസ്ഥാപനങ്ങളും ഒന്നിടവിട്ട ദിവസങ്ങളിൽ സമയബന്ധിതമായി തുറക്കാൻ അനുവദിച്ചില്ലെങ്കിൽ പല വ്യാപാരികളും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയുണ്ടാവുമെന്ന് ഓൺലൈനിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു.
റമദാൻ കാലത്തെങ്കിലും സർക്കാറിെൻറ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടാവണം. ലോക്ഡൗൺ കാലയളവിലെ വായ്പകൾക്ക് ഒരുവർഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കുകയും പലിശ ഒഴിവാക്കുകയും ചെയ്യണമെന്ന് സംഘടന അഭിപ്രായപ്പെട്ടു. പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന വ്യാപാരികളെ കോവിഡ് മുൻനിര പോരാളികളായി പരിഗണിച്ച് വാക്സിനേഷൻ ലഭ്യമാക്കണം.
സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ അധ്യക്ഷത വഹിച്ചു. ട്രഷറർ ദേവസ്യ മേച്ചേരി സ്വാഗതം പറഞ്ഞു. പുതിയ സർക്കാറിന് യോഗം ആശംസ നേർന്നു. തൃശൂർ ജില്ല പ്രസിഡൻറ് കെ.വി. അബ്ദുൽ ഹമീദ്, മലപ്പുറം ജില്ല പ്രസിഡൻറ് പി. കുഞ്ഞാവു ഹാജി, കോട്ടയം ജില്ല പ്രസിഡൻറ് എം.കെ. തോമസുകുട്ടി, വയനാട് ജില്ല പ്രസിഡൻറ് കെ.കെ. വാസുദേവൻ, കൊല്ലം ജില്ല പ്രസിഡൻറ് ദേവരാജൻ, പത്തനംതിട്ട പ്രസിഡൻറ് എ.ജെ. ഷാജഹാൻ, എറണാകുളം ജില്ല പ്രസിഡൻറ് പി.സി. ജേക്കബ്, കാസർകോട് ജില്ല പ്രസിഡൻറ് കെ. അഹമ്മദ് ഷരീഫ്, കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി കെ. സേതുമാധവൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.