ബാങ്ക് അക്കൗണ്ടും പണവും നഷ്ടപ്പെടുമെന്ന വ്യാജ സന്ദേശം; തട്ടിപ്പിനിരയാകരുതെന്ന മുന്നറിയിപ്പുമായി പൊലീസ്
text_fieldsതിരുവനന്തപുരം: കെ.വൈ.സി അപ്‌ഡേഷൻ എന്ന വ്യാജേനയുള്ള തട്ടിപ്പ് സന്ദേശങ്ങളിൽ വീഴരുത് എന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. നിശ്ചിത സമയത്തിനുള്ളിൽ ലിങ്കിൽ ക്ലിക്ക് ചെയ്തില്ലെങ്കിൽ അക്കൗണ്ടും അക്കൗണ്ടിലുള്ള പണവും നഷ്ടപ്പെടും എന്നതായിരിക്കും സന്ദേശം. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ ബാങ്കുമായി ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചു.
യാതൊരു കാരണവശാലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ സന്ദേശത്തോടൊപ്പം ലഭിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യരുതെന്നും പണം നഷ്ടമായി ആദ്യ ഒരു മണിക്കൂറിൽ തന്നെ പരാതി നൽകിയാൽ പണം തിരിച്ചു ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പൊലീസ് അറിയിച്ചു.
കേരള പൊലീസ് പങ്കുവെച്ച കുറിപ്പ്
കെ.വൈ.സി അപ്‌ഡേഷൻ എന്ന വ്യാജേന തട്ടിപ്പുകാർ നിങ്ങളെ വലയിൽ വീഴ്ത്താൻ ശ്രമിക്കും. കെ.വൈ.സി അപ്ഡേഷന്റെ പേരിൽ ബാങ്കിൽനിന്നു വരുന്ന സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് കെ.വൈ.സി അപ്ഡേറ്റ് ചെയ്യാമെന്നും നിശ്ചിത സമയത്തിനുള്ളിൽ അത് ചെയ്തില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ടും അക്കൗണ്ടിലുള്ള പണവും നഷ്ടപ്പെടും എന്നും തെറ്റിദ്ധരിപ്പിക്കുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടുകൂടി തട്ടിപ്പിന്റെ ആദ്യഘട്ടം ആരംഭിക്കുന്നു.
ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ കൂടാതെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും വെബ്സൈറ്റിൽ നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന തോടുകൂടി ഓ.ടി.പി ലഭിക്കുന്നു. അത് ബാങ്കിൽ നിന്നെന്ന വ്യാജേന വിളിക്കുന്ന നമ്പറിലേക്കോ വെബ്സൈറ്റിൽ തന്നെയോ നൽകുമ്പോൾ നിങ്ങളുടെ അക്കൗണ്ടിലെ പണം നഷ്ടമാകുന്നു ഇതാണ് തട്ടിപ്പിന്റെ രീതി.
ബാങ്കുമായി ബന്ധപ്പെട്ടു വരുന്ന സന്ദേശങ്ങളിൽ സംശയം തോന്നിയാൽ നേരിട്ട് ബാങ്കുമായി ബന്ധപ്പെട്ട് വിവരം ഉറപ്പുവരുത്താവുന്നതാണ്. യാതൊരു കാരണവശാലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ സന്ദേശത്തോടൊപ്പം ലഭിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യരുത്.
സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾക്ക് 1930 എന്ന നമ്പറിൽ വിളിക്കുക. പണം നഷ്ടമായി ആദ്യ ഒരു മണിക്കൂറിൽ തന്നെ പരാതി നൽകിയാൽ പണം തിരിച്ചു ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.